Connect with us

Ongoing News

ആദിവാസി യുവാവിന്റെ മരണം / പ്രതികളില്‍ എന്‍ ഷംസുദ്ദീന്‍ എംഎല്‍എയുടെ സഹായും / ശുഐബ് വധക്കേസ്...

Published

|

Last Updated


ഇതിനെ മൃഗീയമെന്ന് വിളിക്കാനാകില്ല. അത് മൃഗങ്ങളെ അപമാനിക്കലാകും. ഇതിനെ കാട്ടുനീതിയെന്നും വിളിക്കാനാകില്ല. കാട്ടില്‍ ഇങ്ങനെയൊരു നീതിയില്ല. അവിടെ തിന്നാന്‍ മാത്രമേ കൊല്ലുന്നുള്ളൂ. ഇനിയെങ്കിലും പ്രബുദ്ധകേരളം, സാക്ഷരകേരളം, തുടങ്ങിയ അലങ്കാരങ്ങള്‍ അവസാനിപ്പിക്കണം. മനുഷ്യര്‍ക്ക് സാന്ത്വനമേകാന്‍ ഉഴറി നടന്ന ഒരു ചെറുപ്പക്കാരനെ 37 വെട്ടുകള്‍ വെട്ടി നുറുക്കിക്കളഞ്ഞിടത്ത് ചോര മാഞ്ഞിട്ടില്ല. ഇപ്പോള്‍ മധുവെന്ന ആദവാസി യുവാവ്. നാടേ നാണിക്കുക….

പാലക്കാട് അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. മുക്കാലി സ്വദേശികളായ അബ്ദുല്‍ കരീം കടയുടമ ഹുസൈന്‍ എന്നിവരാണ് അറസ്റ്റിലായത്. മധുവിനെ ആക്രമിച്ച സംഘത്തിലുള്ള മറ്റു അഞ്ച് പേര്‍ പോലീസ് കസ്റ്റഡിയിലാണ്. അഗളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ സൂക്ഷിച്ചിരുന്ന മധുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തൃശൂരിലേക്ക് കൊണ്ടുപോയി. പോസ്റ്റ്‌മോര്‍ട്ടം നാളെ നടക്കും.

മധുവിന്റെ മരണത്തില്‍ മജിസ്ട്രേറ്റ്തല അന്വേഷണം നടത്തുമെന്ന് മന്ത്രി എ കെ ബാലന്‍. മണ്ണാര്‍ക്കാട് മജിസ്ട്രേറ്റിനാണ് അന്വേഷണ ചുമതല. മന്ത്രി നാളെ മധുവിന്റെ വീട് സന്ദര്‍ശിക്കും. കുറ്റവാളികള്‍ രക്ഷപ്പെടില്ലെന്നും കുടുംബത്തെ സര്‍ക്കാര്‍ സഹായിക്കുമെന്നും മന്ത്രി ബാലന്‍ പറഞ്ഞു. അതിനിടെ, സംഭവം തൃശൂര്‍ റേഞ്ച് ഐജി എംആര്‍ അജിത്കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ അറിയിച്ചു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.

മധുവിന്റെ ഘാതകരെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ആദിവാസികള്‍ റോഡ് ഉപരോധിച്ചു. അഗളി പോലീസ് സ്‌റ്റേഷന് മുന്നിലാണ് ആദിവാസികള്‍ പ്രതിഷേധിച്ചത്. വിവിധ ആദിവാസി ഊരുകളില്‍ നിന്നായി സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേര്‍ എത്തിയിരുന്നു. അതിനിടെ മധുവിന്റെ മൃതദേഹവുമായി വന്ന ആംബുലന്‍സ് അഗളി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് മുന്നില്‍ നാട്ടുകാര്‍ തടഞ്ഞു. യഥാര്‍ഥ പ്രതികളെ പിടികൂടുന്നത് വരെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.

ആള്‍ക്കൂട്ട ആക്രമണത്തിനിരയായി കൊലചെയ്യപ്പെട്ട മധുവിന്റെ മരണമൊഴി പുറത്ത്. നാട്ടുകാര്‍ തന്നെ മര്‍ദിച്ചുവെന്നും കള്ളനെന്ന് വിളിച്ച് ചവിട്ടിയെന്നും മധു മൊഴി നല്‍കിയതായി അഗളി പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ വ്യക്തമാക്കുന്നു. മധുമോഷ്ടിച്ചതെന്ന് പറഞ്ഞ് കുറച്ച് അരിയും പോലീസ് വാഹനത്തില്‍ കയറ്റിയിരുന്നതായി എഫ്‌ഐആറില്‍ പറയുന്നു. മധുവിനെ പോലീസിന് കൈമാറിയ ഏഴ് പേര്‍ക്ക് എതിരെ അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മര്‍ദിച്ചു കൊന്ന സംഭവത്തില്‍ പിടിയിലായവരില്‍ എന്‍ ഷംസുദ്ദീന്‍ എംഎല്‍എയുടെ സഹായിയും. പോലീസ് കസ്റ്റഡിയിലെടുത്ത ഉബൈദ് ഷംസുദ്ദീന്‍ എംഎല്‍എയുടെ സഹായിയാണ്. ഇയാളാണ് മധുവിന് ഒപ്പം സെല്‍ഫിയെടുത്തത്. മരിച്ച മധുിനെ കാട്ടില്‍ കയറി പിടിച്ചുകൊണ്ടുവന്നവരില്‍ ഇയാളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. അതിനിടെ ആദിവാസികളുടെ സമരം ശാന്തമാക്കാന്‍ എത്തിയ ഷംസുധീന്‍ എംഎല്‍എക്ക് എതിരെ രൂക്ഷമായ മുദ്രാവാക്യം വിളികളുയര്‍ന്നു. മര്യാദക്ക് പൊക്കോ, ഒരു രാഷ്ട്രീയക്കാരനേയും ഞങ്ങള്‍ക്ക് വേണ്ട തുടങ്ങിയ വാക്കുകളാണ് എംഎല്‍എക്ക് നേരെ പ്രതിഷേധക്കാര്‍ ഉപയോഗിച്ചത്.

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മര്‍ദനമേറ്റ് മരിച്ച സംഭവം അത്യന്തം അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഇതിനായി ഡിജിപിക്ക് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു. ആദിവാസികളുടെ ദുരിതജീവിതം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നാളെ മധുവിന്റെ വീട് സന്ദര്‍ശിക്കുമെന്നും ചെന്നിത്തല അറിയിച്ചു.

 

ഷുഹൈബ് വധക്കേസിലെ പ്രതികളെ ദൃക്സാക്ഷികള്‍ തിരിച്ചറിഞ്ഞു. കണ്ണൂര്‍ സ്പെഷല്‍ സബ് ജയിലില്‍ നടന്ന തിരിച്ചറിയല്‍ പരേഡിലാണു പ്രതികളായ രജിന്‍രാജ്, ആകാശ് തില്ലങ്കേരി എന്നിവരെ ദൃക്സാക്ഷികളായ നൗഷാദും റിയാസും തിരിച്ചറിഞ്ഞത്. കണ്ണൂര്‍ സ്പെഷ്യല്‍ സബ്ജയിലില്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലായിരുന്നു തിരിച്ചറിയല്‍ പരേഡ്. മറ്റു പ്രതികള്‍ക്കായി മാലൂര്‍, മട്ടന്നൂര്‍, ഇരിട്ടി, തില്ലങ്കേരി, മുഴക്കുന്നു മേഖലകളില്‍ തിരച്ചില്‍ തുടരുകയാണ്. സംശയിക്കപ്പെടുന്നവരുടെ ഫോണ്‍ വിളികളും നിരീക്ഷിക്കുന്നുണ്ട്.

മുന്‍ ധനകാര്യ മന്ത്രി കെ എം മാണി ഉള്‍പ്പെട്ട ബാര്‍ കോഴക്കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതി തള്ളി. വിജിലന്‍സ് അന്വേഷണം നടക്കുന്നതിനാല്‍ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ബി ജെ പി സംസ്ഥാന കമ്മിറ്റി അംഗം നോബിള്‍ മാത്യുവാണ് കേസില്‍ സി ബി ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. വിധിയെ സ്വാഗതം ചെയ്യുന്നതായി കെ എം മാണി പ്രതികരിച്ചു.

കുറുക്കുവഴികളിലൂടെ എല്‍ഡിഎഫിനെ ശക്തിപ്പെടുത്താമെന്ന് ആരും കരുതേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എല്‍ഡിഎഫിന് നിലവില്‍ ഒരു ദൗര്‍ബല്യവും ഇല്ലെന്നും ആരും സെല്‍ഫ് ഗോള്‍ അടിക്കരുതെന്നും കാനം പറഞ്ഞു. തൃശൂരില്‍ സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ എം മാണിയെ വേദിയിലിരുത്തിയാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി പ്രവേശത്തെ കാനം പരോക്ഷമായി വിമര്‍ശിച്ചത്.

ഇന്ത്യയും കാനഡയും തമ്മില്‍ ഊജ സഹകരണം ഉള്‍പ്പെടെ മേഖലയില്‍ ആറ് കരാറുകളില്‍ ഒപ്പുവെച്ചു. ഇന്ത്യ സന്ദര്‍ശിക്കുന്ന കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലാണ് കരാറുകള്‍ ഒപ്പുവെച്ചത്. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും ഇരുനേതാക്കളും തമ്മില്‍ ധാരണയിലെത്തി. തീവ്രവാദം ഇരു രാജ്യങ്ങള്‍ക്കും ഭീഷണിയാണെന്നും മോദിയും ട്രൂഡോയും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 

Latest