Connect with us

Kerala

'കള്ളനെന്ന് വിളിച്ച് ചവിട്ടി...' മധുവിന്റെ മരണമൊഴി പുറത്ത്

Published

|

Last Updated

പാലക്കാട്: ആള്‍ക്കൂട്ട ആക്രമണത്തിന് വിധേയനായി കൊലചെയ്യപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ മരണമൊഴി പുറത്ത്. മധുവിനെ പോലീസിന് കൈമാറിയ നാട്ടുകാര്‍ തന്നെ മര്‍ദിച്ചുവെന്നും കള്ളനെന്ന് വിളിച്ച് ചവിട്ടിയെന്നും മധു മൊഴി നല്‍കിയതായി എഫ്‌ഐആര്‍ വ്യക്തമാക്കുന്നു. അഗളി പോലീസ് സ്‌റ്റേഷനിലെ അഡീഷണല്‍ എസ്‌ഐ പ്രസാദ് വര്‍ക്കിയാണ് എഫ്‌ഐആര്‍ തയ്യാറാക്കിയത്. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

മാത്തച്ചന്‍, മനു, ഹുസൈന്‍, അബ്ദുര്‍റഹ്മാന്‍, അബ്ദുല്‍ ലത്തീഫ്, അബ്ദുല്‍ കരീം, എപി ഉമ്മര്‍ എന്നിവരാണ് മധുവിനെ പോലീസിന് കൈമാറിയത്. മധുമോഷ്ടിച്ചതെന്ന് പറഞ്ഞ് കുറച്ച് അരിയും പോലീസ് വാഹനത്തില്‍ കയറ്റിയിരുന്നു. എഫ്‌ഐആറില്‍ പേര് പറയുന്നവരെ എല്ലാം പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

വ്യാഴാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് മധുവിനെ കൈകള്‍ കെട്ടിയ നിലയില്‍ മുക്കാലി ജംഗ്ഷനിലെ സിഐടിയു ഷെഡിലെത്തിച്ച് പ്രദര്‍ശിപ്പിച്ചത്. ഈ വിവരം അറിഞ്ഞ് പോലീസ് എത്തുകയും മധുവിനെ പോലീജീപ്പില്‍ കയറ്റി കൊണ്ടുപോകുകയും ചെയ്തു. സ്‌റ്റേഷനിലേക്കുള്ള വഴിക്ക് മധു ചര്‍ദ്ദിച്ച് അവശനാകുകയും ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. പരിശോധിച്ച ഡോക്ടര്‍ മധു മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നുവെന്നും എഫ്‌ഐആര്‍ വ്യക്തമാക്കുന്നു.