ബാര്‍കോഴ: സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട ഹരജി ഇന്ന് പരിഗണിക്കും

സി ബി ഐ അന്വേഷണം നേരത്തെ ഹൈക്കോടതി തള്ളി
Posted on: February 23, 2018 8:56 am | Last updated: February 23, 2018 at 9:56 am

ന്യൂഡല്‍ഹി: മുന്‍ ധനകാര്യ മന്ത്രി കെ എം മാണി ഉള്‍പ്പെട്ട ബാര്‍ കോഴക്കേസില്‍ സി ബി ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ബി ജെ പി സംസ്ഥാന കമ്മിറ്റി അംഗം നോബിള്‍ മാത്യുവാണ് കേസില്‍ സി ബി ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയി, ആര്‍ ഭാനുമതി എന്നിവരടങ്ങിയ ബഞ്ചാണ് ഹരജി പരിഗണിക്കുന്നത്.

നിലവില്‍ ബാര്‍ കോഴ കേസ് അന്വേഷിക്കുന്നത് സംസ്ഥാന വിജിലിന്‍സാണ്. മാണിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ വിജിലന്‍സിന് താത്പര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നോബിള്‍ മാത്യു സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. കെ എം മാണി കേരള രാഷ്ട്രീയത്തിലെ പ്രധാനപ്പെട്ട നേതാവും നാല് തവണ സംസ്ഥാനത്ത് മന്ത്രിയായിരുന്ന വ്യക്തിയുമാണ്. മാണിക്കെതിരെ സംസ്ഥാന ഏജന്‍സികള്‍ നടത്തുന്ന അന്വേഷണം നിഷ്പക്ഷമായിരിക്കില്ല. പൊതു ജനങ്ങള്‍ക്കിടയില്‍ അതിന് ഒരു വിശ്വാസ്യതയും ഉണ്ടാകില്ലെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബാര്‍ കോഴ കേസില്‍ നടക്കുന്ന അന്വേഷണം അവസാനിപ്പിക്കാന്‍ ഒന്നിലധികം തവണ വിജിലന്‍സ് നീക്കം നടത്തിയതായും ഹരജിയില്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ കോടതികളുടെ ഫലപ്രദമായ ഇടപെടലുകള്‍ കാരണമാണ് കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ വിജിലന്‍സിന് കഴിയാത്തതെന്നും ഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ബാര്‍ കോഴ കേസില്‍ തുടരന്വേഷണം നടക്കുന്നതിനാല്‍ ഈ ഘട്ടത്തില്‍ സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന് വ്യക്തമാക്കി നോബിള്‍ മാത്യു സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്.
അതേസമയം, യു ഡി എഫ് ബന്ധം ഉപേക്ഷിച്ച് പുറത്തുനില്‍ക്കുന്ന മാണിയെ ഇടതു മുന്നണിയിലേക്കും ബി ജെ പി നേതൃത്വത്തിലുള്ള എന്‍ ഡി എയിലേക്കും ക്ഷണിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തില്‍ കൂടിയാണ് സുപ്രീം കോടതിയില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കപ്പെടുന്നത് എന്നത് ശ്രദ്ധേയമാണ്. ഇടത് മുന്നണി പ്രവേശനം സംബന്ധിച്ച് തൃശൂരില്‍ നടക്കുന്ന സി പി ഐ എം സംസ്ഥാന സമ്മേളനത്തില്‍ ചര്‍ച്ചകള്‍ ഉണ്ടായേക്കുമെന്ന് ചില കേന്ദ്രങ്ങള്‍ സൂചന നല്‍കിയിരുന്നു.