Connect with us

Kasargod

ഇറച്ചിക്കോഴിവില്‍പ്പനയുടെ മറവില്‍ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നു

Published

|

Last Updated

കാസര്‍കോട്: ഇറച്ചിക്കോഴിവില്‍പ്പനയുടെ മറവില്‍ ഉപഭോക്താക്കള്‍ കൊടുംചൂഷണത്തിന് ഇരകളാകുന്നു. ഇറച്ചിവ്യാപാരികള്‍ തന്നിഷ്ടപ്രകാരം വില ഈടാക്കുന്നതാണ് ഉപഭോക്താക്കളെ വിഷമിപ്പിക്കുന്നത്. ഇറച്ചി കോഴിക്കുണ്ടായിരുന്ന നികുതി ഒഴിവാക്കിയിട്ടും പഴയ പോലെ വില വാങ്ങുകയാണെന്നാണ് ഉപഭോക്താക്കളുടെ പരാതി.

ഒരു കിലോ കോഴി ഇറച്ചിക്ക് 90 മുതല്‍ 105 രൂപ വരെ ഇപ്പോള്‍ വില ഈടാക്കുന്നുവെന്ന് ഉപഭോക്താക്കള്‍ ചൂണ്ടിക്കാട്ടുന്നു. കൂടുതല്‍ ദിവസങ്ങളിലും100-105രൂപയാണ് വില. ജി എസ് ടി വരുന്നതിന് മുമ്പ് ഇതേ വിലയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. നിയമം വന്നിട്ടും നികുതി ഒഴിവായിട്ടും കോഴി ഇറച്ചി വില പഴയതുപോലെ തുടരുകയാണ്.

നേരത്തെ സംസ്ഥാന ധനകാര്യ മന്ത്രി തോമസ് ഐസക് ഇറച്ചി കോഴിയുടെ വില കുറക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദേശം ഇതുവരെ നടപ്പിലായിട്ടില്ല. മന്ത്രിയുടെ നിര്‍ദ്ദേശം വന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും ഇറച്ചിക്കോഴി വില പഴയപോലെ തുടരുന്നു.

ധനകാര്യ മന്ത്രി പറയുന്ന വിലക്ക് കോഴി ഇറച്ചി നല്‍കാമെന്നും ഇറച്ചി ആക്കി നല്‍കണമെങ്കില്‍ ഇപ്പോഴുള്ള വില തന്നെ നല്‍കണമെന്നുമാണ് വ്യാപാരികള്‍ പറയുന്നത്. കോഴിയെ ജീവനോടെ നല്‍കിയാല്‍ മതിയെങ്കില്‍ 80-85 രൂപയ്ക്കു വില്‍ക്കാമെന്നാണ് ഇവരുടെ നിലപാട്. എന്നാല്‍ ജിഎസ്ടി വരുന്നതിന് മുമ്പ് ഇതേ കച്ചവടക്കാര്‍ തന്നെ നികുതി വെട്ടിച്ചും നികുതി നല്‍കിയും കോഴി ഇറച്ചിയാക്കി നല്‍കിയത് എങ്ങനെയെന്നാണ് ഉപഭോക്താക്കളുടെ ചോദ്യം. പെര്‍ള, ബദിയഡുക്ക, നീര്‍ച്ചാല്‍, മുള്ളേരിയ, കാസര്‍കോട്, കുമ്പള തുടങ്ങി പലഭാഗങ്ങളിലും ഇറച്ചിക്കോഴികച്ചവടത്തിനെതിരെ പരാതികള്‍ ഉയരുകയാണ്.

 

 

 

 

Latest