ലോകത്ത് 16 ലക്ഷം കുഞ്ഞുങ്ങള്‍ ജനിച്ചയുടനെ മരിക്കുന്നു

Posted on: February 20, 2018 11:12 pm | Last updated: February 20, 2018 at 11:12 pm

വാഷിംഗ്ടണ്‍: ഓരോ വര്‍ഷത്തിലും 16 ലക്ഷം കുഞ്ഞുങ്ങള്‍ ജനിച്ച ദിവസം തന്നെ മരിക്കുന്നുണ്ടെന്ന് യു എന്‍ വെളിപ്പെടുത്തല്‍. നവജാത ശിശുക്കളുടെ മരണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് യു എന്നിന്റെ കുട്ടികളുടെ ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ടിലുള്ളത്. പാക്കിസ്ഥാന്‍, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്, അഫ്ഗാനിസ്ഥാന്‍ എന്നി രാജ്യങ്ങളില്‍ പിറക്കുന്ന നവജാത ശിശുക്കള്‍ ഏറെ പ്രയാസപ്പെട്ടാണ് അതിജീവിക്കുന്നതെന്നും 80 ശതമാനം കുഞ്ഞുങ്ങളും മരിക്കുന്നത് പ്രസവസമയത്തെ അണുബാധയിലൂടെയും മറ്റുമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു.

അതേസമയം, നവജാത ശിശുക്കളുടെ മരണത്തില്‍ കൂടുതലും തടയാന്‍ പറ്റുന്നവയാണെന്നും സര്‍ക്കാറിന്റെയും സമൂഹത്തിന്റെയും അശ്രദ്ധയാണ് കുഞ്ഞുങ്ങളുടെ മരണത്തിനിടയാക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.

പാക്കിസ്ഥാനില്‍ 22ല്‍ ഒരു കുട്ടി ജനിച്ച് ഒരുമാസത്തിന് ശേഷം ജീവിക്കുന്നില്ലെന്ന് വിദഗ്ധ സംഘം കണ്ടെത്തി. ആശുപത്രികളിലേക്ക് സ്ത്രീകളെ കൊണ്ടുപോകാതെ വീടുകളിലും മറ്റും വെച്ച് വിദഗ്ധ പരിചരണമില്ലാതെ പ്രസവശ്രുശ്രൂഷ നടത്തുന്നതും കുഞ്ഞുങ്ങളുടെ മരണത്തിന് കാരണമാകുന്നുണ്ട്.