ദേശീയ വോളി: ടീമുകള്‍ എത്തിത്തുടങ്ങി

Posted on: February 20, 2018 12:04 pm | Last updated: February 20, 2018 at 12:04 pm

കോഴിക്കോട്: ദേശീയ സീനിയര്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരക്കാനായി സര്‍വ്വീസസ് അടക്കമുള്ള ടീമുകള്‍ കോഴിക്കോട്ടെത്തി. മലയാളീ താരങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് സര്‍വ്വീസസ് ചാമ്പ്യന്‍ഷിപ്പിനെത്തിയിരിക്കുന്നത്.
സെക്കന്തരബാദില്‍ നിന്നും ഇന്നലെ വൈകീട്ടോടെ കോഴിക്കോട് റയില്‍വേ സ്റ്റേഷനില്‍ എത്തിയ ടീമില്‍ പരിശീലകരുള്‍പ്പടെ ഏഴ് മലയാളികളുണ്ട്. രമേശാണ് ടീമിന്റെ മുഖ്യപരിശീലകന്‍. വടകരക്കാരന്‍ ശ്രീജിത്താണ് ടീമിന്റെ സഹപരിശീലകന്‍.
ദേശീയ ചാംപ്യന്‍ഷിപ്പില്‍ നാലാംസ്ഥാനക്കാരാണെങ്കിലും ഫെഡറേഷന്‍ കപ്പ് ജേതാക്കളായതിന്റെ ആത്മവിശ്വാസത്തിലാണ് ടീം കളിക്കാനിറങ്ങുന്നത്.

തമിഴ്‌നാടും ,റയില്‍വേയും ഹിമാചലും ഉള്‍പ്പെട്ട ഗ്രൂപ്പിലാണ് സര്‍വീസസിന്റെ മത്സരങ്ങള്‍. സ്വന്തം നാട്ടില്‍ കളിക്കുന്നതില്‍ സന്തോഷിക്കുകയാണ് ടീമിലെ മലയാളി താരങ്ങള്‍, കണ്ണൂര്‍ക്കാരനായ ബിനീഷ് ഗോവിന്ദന്‍, കോഴിക്കോട്ടുകാരന്‍ സാബിത്ത്, ഇടുക്കി സ്വദേശി മനു കെ കുര്യന്‍, കോട്ടയം സ്വദേശി നിയാസ്, തൃശൂര്‍ക്കാരന്‍ കിരണ്‍രാജ് എന്നിവരാണ് ടീമിലെ പ്രതീക്ഷ. തമിഴ്‌നാട്ടുകാരനല്ലെങ്കിലും ദീര്‍ഘമായി കേരളത്തിലുള്ള ശിവരാജനും ടീമില്‍ പ്രതീക്ഷയാണ്, ഇന്ത്യന് ജൂനീയര്‍ താരമാണ് നിയാസ്. സീനിയര്‍ ഇന്ത്യന്‍ താരമായ പങ്കജ് ശര്‍മയാണ് ടീമിലെ ശക്തമായ താരം. സര്‍വീസസ് ടീമിനെ കൂടാതെ ഛത്തീസ് ഗഢിന്റെ പുരുഷ വനിതാതാരങ്ങളും ഇന്നലെ കോഴിക്കോട്ടെത്തിയിട്ടുണ്ട്. ആന്ധ്രപ്രദേശ്, ചണ്ഡീഗഢ് ടീമുകളും ഇന്നലെ പുലര്‍ച്ചയോടെ കോഴിക്കോട്ടെത്തിയിട്ടുണ്ട്. ആരാധാന ടൂറിസ് ഹോമില്‍ തങ്ങളുന്ന ടീമുകളും നഗരത്തിലെ വിവിധ സ്‌കൂളുകള്‍ മൈതാനങ്ങളിലാണ് പരിശീലനം നടത്തുന്നത്.ആതിഥേയരായ കേരള ടീം ഇന്നലെ മത്സരവേദിയായ സ്വപ്‌നഗരിയില്‍ പരിശീലനം നടത്തി.
നീണ്ട 16 വര്‍ഷങ്ങള്‍ക്ക് ശേഷം കേരളം വീണ്ടും ഒരു സീനിയര്‍ നാഷണല്‍ വോളിബാള്‍ ചാംപ്യന്‍ഷിപ്പിന് വേദിയാവുകയാണ്. ഇതിന് മുമ്പെ മൂന്ന് തവണ കോഴിക്കോടും മൂന്നു തവണ തിരുവനന്തപുരത്തും ഒരു തവണ പാലായിലും ദേശീയ സീനിയര്‍ ചാമ്പ്യന്‍ഷിപ്പ് നടന്നു.
കേരള പുരുഷന്‍മാര്‍ അഞ്ച് തവണയും വനിതകള്‍ പത്ത് തവണയും ദേശീയ ചാംപ്യന്‍മാരായിട്ടുണ്ട്. 21മുതല്‍ 28വരെ നടത്തപ്പെടുന്ന ചാംപ്യന്‍ഷിപ്പിപ് 28 പുരുഷ ടീമുകളും 25 വനിതാ ടീമുകളും പങ്കെടുക്കും.
ടീമുകള്‍ 19 മുതല്‍ എത്തി തുടങ്ങും. 19ന് തന്നെ സംഘാടകസമിതിയുടെ സ്വീകരണ കമ്മറ്റിയുടെ പ്രത്യേക കൗണ്ടര്‍ റയില്‍വേ സ്റ്റേഷനില്‍ പ്രവര്‍ത്തിച്ച് തുടങ്ങും.