കര്‍ണാടകയിലേക്കൊഴുകുന്ന കാവേരി

ഇപ്പോള്‍ അധിക ജലം ലഭിക്കുന്നതിലൂടെ ഏറെ ആശ്വാസമാവുക കര്‍ണാടകയുടെ വടക്കന്‍ മേഖലയിലെ കര്‍ഷകര്‍ക്കാണ്. കുടിവെള്ള ആവശ്യത്തിനും കാര്‍ഷികാവശ്യത്തിനും മതിയായ അളവില്‍ വെള്ളം ലഭിക്കാതെ വര്‍ഷങ്ങളായി കടുത്ത ദുരിതം അനുഭവിക്കുകയാണ് ഇവിടുത്തെ കര്‍ഷക ജനത. സുപ്രീം കോടതി വിധി കേരളത്തിനുണ്ടാക്കിയത് കനത്ത തിരിച്ചടിയാണ്. കേരളത്തില്‍ നിന്ന് കിഴക്കോട്ടൊഴുകുന്ന കബനി, ഭവാനി, പാമ്പാര്‍ എന്നിവ കാവേരിയുടെ പോഷക നദികളാണ്. ഇതിന് ആനുപാതികമായ വെള്ളം കാവേരിയില്‍ നിന്ന് ലഭിക്കാന്‍ കേരളത്തിന് അവകാശമുണ്ട്. എന്നാല്‍ തമിഴ്‌നാടും കര്‍ണാടകയും തമ്മിലുള്ള വലിയ തര്‍ക്കത്തിനിടയില്‍ കേരളത്തിന്റെ ആവശ്യത്തിന് പ്രാമുഖ്യം ലഭിച്ചില്ല.      
Posted on: February 20, 2018 6:52 am | Last updated: February 19, 2018 at 11:55 pm

രണ്ട് പതിറ്റാണ്ടോളം പഴക്കമുള്ള കാവേരി നദീജല തര്‍ക്കത്തില്‍ സുപ്രീം കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിക്കാന്‍ കഴിഞ്ഞിരിക്കുന്നു കര്‍ണാടകക്ക്. സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയുണ്ടായ ഈ അപ്രതീക്ഷിത നേട്ടം സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിനും അനുഗ്രഹമായി. കാവേരി വിഷയത്തില്‍ ചെറുതും വലുതുമായ നിരവധി പ്രക്ഷോഭ സമരങ്ങള്‍ക്കാണ് ഇതിനകം കര്‍ണാടക സാക്ഷ്യം വഹിച്ചത്. സംസ്ഥാനത്ത് ജലക്ഷാമം രൂക്ഷമായി തുടരുകയും കാര്‍ഷിക വിളകള്‍ ഉണങ്ങി നശിക്കുകയും കര്‍ഷക ആത്മഹത്യകള്‍ തുടര്‍ക്കഥയാകുകയും ചെയ്തപ്പോഴും കാവേരി കേസുകളില്‍ കര്‍ണാടകക്ക് സുപ്രീം കോടതിയില്‍ നിന്ന് തുടര്‍ച്ചയായ തിരിച്ചടികളാണ് നേരിട്ടത്. തമിഴ്‌നാടിന് കൂടുതല്‍ വെള്ളം നല്‍കണമെന്ന കോടതി വിധി കര്‍ണാടകക്ക് പലപ്പോഴും വലിയ ആഘാതം സൃഷ്ടിച്ചു. സുപ്രീംകോടതി നിര്‍ദേശിച്ച അളവില്‍ വെള്ളം നല്‍കാന്‍ കഴിയില്ലെന്ന് പ്രത്യേക നിയമസഭാ സമ്മേളനം ചേര്‍ന്ന് പ്രമേയം പാസാക്കി കേന്ദ്ര സര്‍ക്കാറിന് അയച്ചുകൊടുക്കേണ്ട സ്ഥിതി വരെയെത്തി കാര്യങ്ങള്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഷക പ്രക്ഷോഭം ആളിക്കത്തുമ്പോഴും അണക്കെട്ടുകളില്‍ ചാടി കര്‍ഷകര്‍ ആത്മഹത്യാശ്രമം നടത്തുമ്പോഴും സിദ്ധരാമയ്യ തികഞ്ഞ അവധാനതയോടെയാണ് പ്രശ്‌നങ്ങളെ നേരിട്ടത്. ഇതിനിടയില്‍, കേസ് വാദിക്കുന്നതില്‍ സര്‍ക്കാറിന്റെ അഭിഭാഷകന്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും അഭിഭാഷകനെ മാറ്റണമെന്നുമുള്ള വാദവുമായി പ്രതപക്ഷ കക്ഷികള്‍ രംഗത്ത് വരികയുണ്ടായി. ആരോപണം നേരിട്ട സര്‍ക്കാര്‍ അഭിഭാഷകന്‍ ജസ്റ്റീസ് നരിമാന്‍ ഒടുവില്‍ സുപ്രീം കോടതിയില്‍ കേസ് വാദിക്കുന്നതില്‍ നിന്ന് പിന്മാറുകയാണുണ്ടായത്.

പുതിയ വിധിയോടെ തമിഴ്‌നാടിന്റെ വിഹിതം സുപ്രീം കോടതി 177.25 ഘനയടിയായാണ് കുറച്ചിരിക്കുന്നത്. ഇതുവരെ 192 ഘനയടി ജലമായിരുന്നു കര്‍ണാടകം തമിഴ്‌നാടിന് നല്‍കിയിരുന്നത്. കര്‍ണാടകത്തിന് 14.75 ടി എം സി അടി വെള്ളം അധികം നല്‍കാനും കോടതി ഉത്തരവിലുണ്ട്. ഇതോടെ കര്‍ണാടകയുടെ വിഹിതം 284.25 ടി എം സിയായി ഉയര്‍ന്നു. 99.8 ടി എം സി അടി വെള്ളം വേണമെന്ന കേരളത്തിന്റെ ആവശ്യം തള്ളുകയും ചെയ്തു. കാവേരിജല തര്‍ക്കപരിഹാര ട്രൈബ്യൂണല്‍ അനുവദിച്ച 30 ടി എം സി ജലം നല്‍കാനാണ് സുപ്രീം കോടതി നിര്‍ദേശം. പുതുച്ചേരിക്ക് ആറ് ടി എം സി അടിവെള്ളവും ലഭിക്കും. കബനി നദിയുടെ മൂന്ന് കൈവഴികള്‍ കാവേരിയിലേക്ക് ഒഴുകുന്നുണ്ടെന്നായിരുന്നു കേരളത്തിന്റെ വാദം. പുതുച്ചേരിക്ക് ഏഴ് ടി എം സി വെള്ളമായിരിക്കും ലഭിക്കുക. 2007ലെ കാവേരി ട്രിബ്യൂണല്‍ ഉത്തരവിനെതിരെയാണ് കര്‍ണാടകം സുപ്രീംകോടതിയെ സമീപിച്ചത്. 192 ടി എം സി അടി വെള്ളം തമിഴ്‌നാടിന് നല്‍കണമെന്നായിരുന്നു ട്രൈബ്യൂണല്‍ ഉത്തരവ്. ഈ ഉത്തരവ് സുപ്രീം കോടതി ഭേദഗതി ചെയ്താണ് തമിഴ്‌നാടിനുള്ള വിഹിതം 177.25 ആയി കുറച്ചത്. ജല വിതരണം നിയന്ത്രിക്കുന്നതിനായി കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപവത്കരിക്കാനും കോടതി ഉത്തരവിട്ടു. ബോര്‍ഡ് രൂപവത്കരണത്തിന് കര്‍ണാടക എതിരാണ്. ബോര്‍ഡ് നിലവില്‍ വന്നാല്‍ അണക്കെട്ടുകളുടെ നിയന്ത്രണവും അണക്കെട്ടില്‍നിന്ന് വെള്ളം നല്‍കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാനുള്ള അധികാരവും ബോര്‍ഡിനായിരിക്കുമെന്നതാണ് എതിര്‍പ്പിന് കാരണം.

കാവേരി കേസില്‍ നേടിയ അനുകൂല വിധി തങ്ങളുടെ പ്രധാന നേട്ടമായി ജനമധ്യത്തിലെത്തിക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. സിദ്ധരാമയ്യ സര്‍ക്കാറിനെതിരെ ജനകീയ വികാരം ആളിക്കത്തിക്കാമെന്നും അതുവഴി അധികാരം പിടിച്ചെടുക്കാമെന്നുമുള്ള ബി ജെ പിയുടെ പ്രതീക്ഷകള്‍ക്കാണ് സുപ്രീംകോടതി വിധി കരിനിഴല്‍ വീഴ്ത്തിയിരിക്കുന്നത്. സര്‍ക്കാര്‍ നടപ്പാക്കിയ ജനക്ഷേമ പദ്ധതികളെ കര്‍ണാടക ജനത രാഷ്ട്രീയ കക്ഷി ഭേദമന്യേ സ്വീകരിച്ചപ്പോള്‍ വിറളി പൂണ്ട ബി ജെ പി നേതൃത്വം സര്‍ക്കാറിനെതിരെ കള്ളക്കഥകള്‍ മെനഞ്ഞത് പിന്നീട് അവരെ തന്നെ തിരിഞ്ഞുകൊത്തുന്നതാണ് ജനം കണ്ടത്. കോണ്‍ഗ്രസ് സര്‍ക്കാറിന്റെ പിടിപ്പുകേടാണ് നദീജല തര്‍ക്കത്തില്‍ കര്‍ണാടകക്ക് തുടര്‍ച്ചയായ തിരിച്ചടികള്‍ ഉണ്ടാക്കിയതെന്ന പ്രതിപക്ഷ വിമര്‍ശം ശക്തമാകവെയാണ് ഇപ്പോള്‍ അനുകൂല വിധിയുണ്ടായത്. ഇതോടെ കൂടുതല്‍ കരുത്തോടെ അധികാരം നിലനിര്‍ത്താന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. കോടതി വിധിയെ ബി ജെ പി സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോഴുണ്ടായിട്ടുള്ള സര്‍ക്കാര്‍ അനുകൂല വികാരത്തെ എങ്ങനെ പ്രതിരോധിക്കണമെന്നറിയാതെ ത്രിശങ്കുവിലാണ് പാര്‍ട്ടി നേതൃത്വം.

തമിഴ്‌നാടുമായുള്ള നദീജല തര്‍ക്കം എന്നതിലുപരി ഇരുസംസ്ഥാനങ്ങളിലെയും ജനങ്ങള്‍ കാവേരി പ്രശ്‌നത്തെ വൈകാരികമായാണ് സമീപിക്കുന്നത് എന്നതിന്റെ തെളിവാണ് ഇതിന്റെ പേരില്‍ അരങ്ങേറിയ പ്രക്ഷോഭ സമരങ്ങള്‍. കാവേരിയില്‍ നിന്ന് ഒരുതുള്ളി അധിക ജലം പോലും പാഴാക്കരുതെന്ന് നിര്‍ബന്ധ ബുദ്ധി വെച്ചുപുലര്‍ത്തുന്നവരാണ് കര്‍ണാടകയും തമിഴ്‌നാടും. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ നദികളില്‍ ഒന്നാണ് കാവേരി. കര്‍ണാടകയിലെ തലക്കാവേരിയില്‍ നിന്ന് തുടങ്ങി തെക്കന്‍ കര്‍ണാടകയിലൂടെ സഞ്ചരിച്ച് തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ വഴി കാരൈക്കലില്‍ എത്തുന്ന കാവേരി ബംഗാള്‍ ഉള്‍ക്കടലിലാണ് സംഗമിക്കുന്നത്. നദിയിലെ ജലം ഉപയോഗിക്കുന്നതിനെചൊല്ലി കേരളം, തമിഴ്‌നാട്, കര്‍ണാടക, പുതുച്ചേരി സംസ്ഥാനങ്ങള്‍ക്കിടയിലെ തര്‍ക്കത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കാവേരി തര്‍ക്കം ഒരു ട്രൈബ്യൂണലിന് വിടണമെന്ന് 1970 മുതല്‍ വാദിച്ചത് തമിഴ്‌നാടായിരുന്നു. ഒടുവില്‍ സുപ്രീം കോടതി നിര്‍ദേശപ്രകാരം വി പി സിംഗ് സര്‍ക്കാര്‍ മൂന്നംഗ ട്രൈബ്യൂണലിനെ നിയോഗിച്ചു. തമിഴ്‌നാടിന് 205 ഘനയടി ജലം കൂടി അനുവദിച്ച് ട്രൈബ്യൂണല്‍ ഇടക്കാല ഉത്തരവുമിട്ടു. പക്ഷേ തര്‍ക്കം പിന്നെയും തുടരുകയായിരുന്നു.
എല്ലാ സംസ്ഥാനങ്ങളും മാറി മാറി വാദവും മറുവാദവുമായി തര്‍ക്കം തുടര്‍ന്നു. ഒടുവില്‍ 2007 ഫെബ്രുവരി അഞ്ചിനാണ് തര്‍ക്ക പരിഹാര ട്രൈബ്യൂണലിന്റെ അന്തിമ വിധി വന്നത്. വിധി പ്രകാരം കര്‍ണാടക തമിഴ്‌നാടിന് നല്‍കേണ്ടത് 419 ഘനയടി വെള്ളമായിരുന്നു. എന്നാല്‍, തമിഴ്‌നാട് ചോദിച്ചത് 562 ടി എം സി അടി വെള്ളം. കര്‍ണാടകക്ക് 270 ഉം കേരളത്തിന് 30 ഉം പുതുച്ചേരിക്ക് ഏഴും ടി എം സി ജലത്തിന് അര്‍ഹതയുണ്ടെന്നിരിക്കെ ട്രൈബ്യൂണല്‍ വിധിയെ ഒരു സംസ്ഥാനവും അംഗീകരിച്ചില്ലെന്നു മാത്രമല്ല, വിധിയെ ചോദ്യം ചെയ്ത് വീണ്ടും നീതിപീഠത്തെ സമീപിക്കാനാണ് തയ്യാറായത്.

ഇപ്പോള്‍ അധിക ജലം ലഭിക്കുന്നതിലൂടെ ഏറെ ആശ്വാസമാവുക കര്‍ണാടകയുടെ വടക്കന്‍ മേഖലയിലെ കര്‍ഷകര്‍ക്കാണ്. കുടിവെള്ള ആവശ്യത്തിനും കാര്‍ഷികാവശ്യത്തിനും മതിയായ അളവില്‍ വെള്ളം ലഭിക്കാതെ വര്‍ഷങ്ങളായി കടുത്ത ദുരിതം അനുഭവിക്കുകയാണ് ഇവിടുത്തെ കര്‍ഷക ജനത. കാര്‍ഷിക വിളകള്‍ ഉണങ്ങിക്കരിയുന്നതും വന്‍തോതിലുള്ള നഷ്ടം സംഭവിക്കുന്നതും താങ്ങാന്‍ കഴിയാതെ കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ജീവനൊടുക്കിയ കര്‍ഷകരുടെ എണ്ണം മൂന്ന് ഡസനോളം വരും. മാണ്ഡ്യയിലെ കൃഷ്ണരാജ് സാഗര്‍ അണക്കെട്ടില്‍ നിന്നാണ് കാര്‍ഷികാവശ്യത്തിന് പ്രധാനമായും വെള്ളം ലഭ്യമാക്കുന്നത്. എന്നാല്‍, തമിഴ്‌നാടിന് കൂടുതല്‍ അളവില്‍ വെള്ളം വിട്ടുകൊടുക്കേണ്ടിവന്നതും സംസ്ഥാനത്തെ രൂക്ഷമായ വരള്‍ച്ചയും കാരണം അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്ന സ്ഥിതിവിശേഷമുണ്ടായി.
കാവേരി നദീതടത്തിലെ നാല് പ്രധാന അണക്കെട്ടുകളില്‍ ഇപ്പോള്‍ 17.15 ഘനയടി വെള്ളം മാത്രമാണ് ശേഷിക്കുന്നതെന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയിലെ പരമാവധി ജലസംഭരണ ശേഷി 106.32 ഘനയടിയാണ്. മാണ്ഡ്യയിലെ ശ്രീരംഗപട്ടണത്തുള്ള കൃഷ്ണരാജസാഗര്‍ അണക്കെട്ടില്‍ 10.14 ഘനയടിയും മൈസൂരുവിലെ എച്ച് ഡി കോട്ടയിലുള്ള കബനി അണക്കെട്ടില്‍ 1.93 ഘനയടിയും കുടകിലെ കുശാല്‍നഗറിലുള്ള ഹാരംഗി അണക്കെട്ടില്‍ 1.90 ഘനയടിയും ഹാസനിലെ ഗോരുരുവിലുള്ള ഹേമാവതി അണക്കെട്ടില്‍ 3.18 ഘനയടിയും വെള്ളമാണുള്ളത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം നില മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. 2017ല്‍ നാല് അണക്കെട്ടുകളിലുമായി ആകെയുണ്ടായിരുന്ന ജലലഭ്യത 6.45 ഘനയടിയായിരുന്നു. യഥാക്രമം 1.85 ടി എം സി അടി, 1.92 ടി എം സി അടി, 2.28 ടി എം സി അടി, 0.46 ടി എം സി അടി എന്നീ നിലയിലായിരുന്നു ഓരോ അണക്കെട്ടുകളിലെയും ജലശേഖരം. കുടിവെള്ളത്തിനായി ബെംഗളൂരു, മൈസൂരു നഗര നിവാസികള്‍ ആശ്രയിക്കുന്നത് കൃഷ്ണരാജ് സാഗര്‍ അണക്കെട്ടിനെയാണ്. എച്ച് ഡി കോട്ടയുടെയും പരിസരപ്രദേശങ്ങളുടെയും ആശ്രയമാണ് കബനി. കുടകും മൈസൂരു ജില്ലയിലെ മറ്റു ടൗണുകളും ഹാരംഗിയെയും ഹാസന്‍, തുമകൂരു എന്നിവ ഹേമാവതി അണക്കെട്ടിനെയും കുടിവെള്ള ആവശ്യത്തിനായി ആശ്രയിക്കുന്നു. ജലലഭ്യത കഴിഞ്ഞ വര്‍ഷത്തേക്കാളും ഏറെ മെച്ചപ്പെട്ടതിനാല്‍ ഇത്തവണ രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപ്പെടില്ലെന്നാണ് കാവേരി നീരാവരി നിംഗം ലിമിറ്റഡ് അധികൃതര്‍ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നത്. സുപ, വരാഹി, ഹാരംഗി, ഹേമവതി, ഭദ്ര, ഘട്ടപ്രഭ, മാലപ്രഭ, അല്‍മാട്ടി, നാരായണപുര, ലിംഗനമാക്കി തുടങ്ങിയവയാണ് സംസ്ഥാനത്തെ മറ്റു പ്രധാനപ്പെട്ട അണക്കെട്ടുകള്‍. ഈ അണക്കെട്ടുകളില്‍ നിന്നുള്ള വെള്ളവും സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലുള്ളവര്‍ കുടിവെള്ള ആവശ്യത്തിനായി ഉപയോഗിക്കുന്നുണ്ട്.

സുപ്രീം കോടതി വിധി കേരളത്തിനുണ്ടാക്കിയത് കനത്ത തിരിച്ചടിയാണ്. കേരളത്തില്‍ നിന്ന് കിഴക്കോട്ടൊഴുകുന്ന കബനി, ഭവാനി, പാമ്പാര്‍ എന്നിവ കാവേരിയുടെ പോഷക നദികളാണ്. ഇതിന് ആനുപാതികമായ വെള്ളം കാവേരിയില്‍ നിന്ന് ലഭിക്കാന്‍ കേരളത്തിന് അവകാശമുണ്ട്. എന്നാല്‍ തമിഴ്‌നാടും കര്‍ണാടകയും തമ്മിലുള്ള വലിയ തര്‍ക്കത്തിനിടയില്‍ കേരളത്തിന്റെ ആവശ്യത്തിന് പ്രാമുഖ്യം ലഭിച്ചില്ല. 1972ല്‍ സി സി പട്ടേല്‍ കമ്മീഷന്റെ പഠനത്തില്‍ കാവേരിയില്‍ കേരളത്തിന്റെ വിഹിതം 96 ഘനയടി ജലമെന്ന് കണക്കാക്കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കാവേരി തര്‍ക്കത്തില്‍ കേരളത്തിന് ഇടം ലഭിച്ചത്.
കാവേരി നദിയില്‍ നിന്ന് അര്‍ഹമായ തോതില്‍ വെള്ളം ലഭിക്കാത്തത് മലബാര്‍ മേഖലയുടെ വികസനത്തിന് വിഘാതമാവുന്നുവെന്നായിരുന്നു അന്ന് സുപ്രീം കോടതിയില്‍ കേരളം വാദിച്ചിരുന്നത്. സംസ്ഥാനത്തിന് പ്രതിവര്‍ഷം 30 ടി എം സി വെള്ളം മാത്രം അനുവദിച്ച ട്രൈബ്യൂണല്‍ തീരുമാനം അംഗീകരിക്കാനാവില്ലെന്നും 99.8 ടി എം സി വേണമെന്നും ശഠിച്ചു. എന്നാല്‍, കൂടുതല്‍ വിഹിതം വേണമെന്ന കേരളത്തിന്റെ ആവശ്യം തള്ളിയ സുപ്രീംകോടതി, മുന്‍വിഹിതം തുടരാനാണ് നിര്‍ദേശിച്ചത്.

തമിഴ്‌നാടിന്റെ നെല്ലറയായി അറിയപ്പെടുന്ന തഞ്ചാവൂര്‍ കാവേരീ തടത്തിലാണ്. കൂടാതെ ആടിമാസത്തിലെ ആടിപെരുക്ക് തമിഴരുടെ പ്രധാന ഉത്സവമാണ്. കാവേരി നദിക്ക് ഉപഹാരങ്ങള്‍ സമ്മാനിക്കുകയാണ് ഈ ഉത്സവത്തിലെ പ്രധാന ചടങ്ങ്. കാവേരി ജലം ലഭിച്ചില്ലെങ്കില്‍ ആടിപ്പെരുക്ക് മുടങ്ങുമെന്ന വാദവും നിലവിലുണ്ട്. കാവേരി നദീ ജല തര്‍ക്കം ഇരു സംസ്ഥാനങ്ങളുടെയും ജീവല്‍പ്രശ്‌നം എന്നതിനപ്പുറം സാമൂഹികവും സാംസ്‌കാരികവും ഭാഷാപരവുമായ മാനങ്ങള്‍ കൈവരുന്നത് ഇതുകൊണ്ടാണ്.