Connect with us

National

നഷ്ടത്തിലോടുന്ന ട്രെയിനുകള്‍ നിര്‍ത്തലാക്കാന്‍ റെയില്‍വേ

Published

|

Last Updated

പാലക്കാട്: സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമായി നഷ്ടത്തിലോടുന്ന ട്രെയിനുകള്‍ റെയില്‍വേ നിര്‍ത്തലാക്കുന്നു. സംസ്ഥാനത്ത് എറണാകുളം- കൊല്ലം സെക്ടറിലെ പല പാസഞ്ചര്‍ ട്രെയിനുകളും നിര്‍ത്താലാക്കാനുള്ള നടപടി ആരംഭിച്ചിട്ടണ്ട്. ആവശ്യത്തിനു ജീവനക്കാരില്ലെന്ന പേരില്‍ മാസങ്ങള്‍ക്കു മുമ്പ് ഈ റൂട്ടിലെ എട്ട് പാസഞ്ചര്‍ ട്രെയിനുകള്‍ നിര്‍ത്തലാക്കിയിരുന്നു. ലാഭകരമല്ലാത്തത് കൊണ്ടാണ് ജീവനക്കാരില്ലെന്ന പേരില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ നിര്‍ത്താലാക്കിയെങ്കിലും പ്രതിഷേധം ആഞ്ഞടിച്ചപ്പോള്‍ പാസഞ്ചര്‍ ട്രെയിനുകള്‍ പുനരാരംഭിച്ചത്.

കേരളത്തില്‍ കൊല്ലം- എറണാകുളം പകല്‍ സമയ പാസഞ്ചര്‍ ട്രെയിനുകളാണു നഷ്ടക്കണക്കില്‍ മുന്നില്‍. രാവിലെ പത്തിനും വൈകുന്നേരം നാലിനും ഇടയില്‍ പാസഞ്ചറുകള്‍ മിക്കവാറും ആളില്ലാതെ സര്‍വീസ് നടത്തേണ്ടിവരുന്നുണ്ട്. ഇവിടെ രാത്രി പാസഞ്ചറുകളെയും ജനം കൈയൊഴിയുകയാണ്. കണ്ണൂര്‍- ബൈന്ദൂര്‍ പാസഞ്ചര്‍ ട്രെയിന്‍ നഷ്ടമായതിനെ തുടര്‍ന്നു നേരത്തെ നിര്‍ത്തലാക്കിയിരുന്നു.
നഷ്ടത്തിലുള്ള സര്‍വീസുകളുടെ നടത്തിപ്പിന്റെ പാതി ചെലവ് സംസ്ഥാനം വഹിക്കണമെന്നാണു റെയില്‍വേയുടെ ഇപ്പോഴത്തെ നിലപാട്. അല്ലാത്തപക്ഷം സര്‍വീസ് നിര്‍ത്തലാക്കാം. സര്‍വീസ് തുടരണോ എന്നു തീരുമാനിക്കേണ്ടത് സംസ്ഥാനമാണ്.

സുരക്ഷ, സുഖയാത്ര, നവീകരണം, സാമ്പത്തിക സ്വയംപര്യാപ്തത എന്നിവ നടപ്പാക്കുന്നതിന്റെ ഭാഗമായി റെയില്‍വേ സ്വകാര്യവത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ത്വരിത ഗതിയില്‍ ശ്രമം നടത്തുന്നതിനിടെയാണ് ട്രെയിനുകള്‍ നിര്‍ത്താലാക്കാന്‍ ഒരുങ്ങുന്നത്. റെയില്‍വേ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ കേന്ദ്രം നിയമിച്ച ബിബേക് ദേബറോയ് കമ്മീഷന്‍, റെയില്‍വേയെ വിവിധ കോര്‍പറേഷനുകളാക്കി സ്വകാര്യവത്കരിക്കാന്‍ ശിപാര്‍ശ ചെയ്തിരുന്നു. നഷ്ടത്തിലോടുന്ന സര്‍വീസുകള്‍ നിര്‍ത്താനും ശിപാര്‍ശ ചെയ്തിട്ടുണ്ട്. ആദ്യഘട്ടമെന്ന നിലയില്‍ പശ്ചിമ ബംഗാളിലെ എട്ട് ട്രെയിനുകള്‍ റദ്ദാക്കി.
ഇന്ത്യന്‍ റെയില്‍വേയുടെ കണക്കുകള്‍ പ്രകാരം യാത്രാ ട്രെയിനുകളില്‍ ഭൂരിഭാഗവും കാര്യമായ ലാഭം ഉണ്ടാക്കുന്നവയല്ല. ചരക്കു ഗതാഗതത്തിലൂടെയാണു ലാഭമുണ്ടാക്കുന്നത്. എന്നാല്‍ രാഷ്ട്രീയ ലാഭത്തിനുവേണ്ടി അനുവദിച്ച പല ട്രെയിനുകളും റെയില്‍വേയുടെ നിലനില്‍പ്പുതന്നെ അവതാളത്തിലാക്കുന്നതരത്തില്‍ നഷ്ടത്തിലാണെന്ന് പരാതിയുണ്ട്.
രാജ്യത്ത് പല സംസ്ഥാനങ്ങളും സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വട്ടം കറങ്ങുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ റെയില്‍വേ ചെലവ് പാതി വഹിക്കണമെന്നത് അപ്രായോഗികമാണെന്നാണ് പറയുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ പുതിയ തീരുമാനം ട്രെയിനുകളെ കൂടുതലായി അവലംബിക്കുന്ന സാധാരണക്കാരുടെ യാത്രാസ്വാതന്ത്ര്യം നിഷേധിക്കുന്നതിന് തുല്യമാണെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെടുന്നു.

 

 

Latest