കെ എസ് ആര്‍ ടി സി പെന്‍ഷന്‍ വിതരണം ആഘോഷമാക്കാന്‍ സര്‍ക്കാര്‍

Posted on: February 18, 2018 11:45 pm | Last updated: February 18, 2018 at 11:41 pm

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി പെന്‍ഷന്‍ വിതരണം സര്‍ക്കാര്‍ ആഘോഷമാക്കി മാറ്റുന്നതിനെതിരെ പ്രതിപക്ഷ സര്‍വീസ് പെന്‍ഷന്‍ സംഘടനകളുടെ പ്രതിഷേധം. ചൊവ്വാഴ്ച രാവിലെ തമ്പാനൂര്‍ സെന്‍ട്രല്‍ ഡിപ്പോയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പെന്‍ഷന്‍ വിതരണോദ്ഘാടനം നിര്‍വഹിക്കുന്നത്. സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.

അതേസമയം, ആറ് മാസമായി മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍ വിതരണം ആഘോഷമാക്കി നടത്തുന്നത് അപഹാസ്യമാണെന്നാണ് പ്രതിപക്ഷ സര്‍വീസ് പെന്‍ഷന്‍ സംഘടനകളുടെ ആരോപണം. പെന്‍ഷന്‍ വിതരണോദ്ഘാടന ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാനും ഈ സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്

അതേസമയം ജില്ലയിലെ സഹകരണ സ്ഥാപനങ്ങളില്‍ അക്കൗണ്ട് തുറക്കാന്‍ കെ എസ് ആര്‍ ടി സി പെന്‍ഷന്‍കാരുടെ തിരക്ക് അനുഭവപ്പെടുന്നുണ്ട്. നാളെ മുതല്‍ പെന്‍ഷന്‍ വിതരണം ചെയ്യുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പെന്‍ഷന്‍കാരുടെ സൗകര്യാര്‍ഥം സഹകരണ ബേങ്കുകള്‍ ഞായറാഴ്ചയും തുറന്ന് പ്രവര്‍ത്തിച്ചു. അക്കൗണ്ട് തുറക്കുന്ന മുറക്ക് അതിലേക്ക് പണം നിക്ഷേപിക്കുമെന്നാണ് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സഹകരണ സ്ഥാപനങ്ങളുമായുള്ള ചര്‍ച്ചക്ക് ശേഷം അറിയിച്ചത്.

നിലവില്‍ പെന്‍ഷന്‍ ലഭിക്കുന്ന സ്ഥാപനത്തിന് തൊട്ടടുത്തുള്ള സഹകരണ സ്ഥാപനത്തില്‍ അക്കൗണ്ട് തുറക്കണമെന്നാണ് പെന്‍ഷന്‍കാര്‍ക്കുള്ള നിര്‍ദേശം. സ്റ്റാച്യു സബ് ട്രഷറിക്ക് സമീപത്തുള്ള സഹകരണ ബേങ്കില്‍ ഇന്നലെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഏറ്റവും കൂടുതല്‍ പെന്‍ഷന്‍കാരുള്ള തിരുവനന്തപുരം ജില്ലയില്‍ നാളെ മുതലും മറ്റ് ജില്ലകളില്‍ ഇതിന് പിന്നാലെയും പെന്‍ഷന്‍ വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം. ഈ മാസത്തോടെ പെന്‍ഷന്‍ കുടിശ്ശിക ഉള്‍പ്പെടെ വിതരണം ചെയ്യാനാണ് പദ്ധതി.