Kasargod
തിരുവനന്തപുരം-കണ്ണൂര്‍ ശതാബ്ദി എക്‌സ്പ്രസ് മംഗളൂരു വരെ നീട്ടുന്നു

കാസര്‍കോട്: തിരുവനന്തപുരം- കണ്ണൂര്‍ ശതാബ്ദി എക്‌സ്പ്രസ് മംഗളൂരു വരെ നീട്ടുന്നു. ഒരു മാസം മുമ്പ് കാസര്‍കോട് സിപിസിആര്‍ഐയില്‍ പരിപാടിക്കെത്തിയ കേന്ദ്രനിയമമന്ത്രി സദാനന്ദഗൗഡക്ക് ഇതുസംബന്ധിച്ച് കാസര്‍കോട്ടെ അഴിമതിവിരുദ്ധ കൂട്ടായ്മയായ ജി എച്ച് എം നിവേദനം നല്‍കുകയും പഠന റിപ്പോര്‍ട്ട് കൈമാറുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റെയില്‍വേ മന്ത്രി പിയൂഷ് ഗോയാലുമായി ബന്ധപ്പെട്ട് നടപടികള്‍ ത്വരിതപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
ശതാബ്ദി എക്‌സ്പ്രസ് കണ്ണൂര്‍ വരെ മാത്രം സര്‍വ്വീസ് നടത്തുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച് വിവിധ സംഘടനകളും ജനപ്രതിനിധികളും ട്രെയിന്‍ മംഗളൂരു വരെ നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. മുന്‍ റെയില്‍വേ മന്ത്രി കൂടിയായ സദാനന്ദ ഗൗഡ ഇക്കാര്യത്തില്‍ പ്രത്യേകം താത്പര്യമെടുത്തിട്ടുണ്ട്. നേരത്തെ സദാനന്ദ ഗൗഡ റെയില്‍വേ മന്ത്രിയായിരുന്നപ്പോഴാണ് കണ്ണൂര്‍- ബൈന്തൂര്‍ പാസഞ്ചര്‍ ട്രെയിന്‍ ആരംഭിച്ചത്. ഇത് പിന്നീട് നഷ്ടത്തിലാണെന്ന് പറഞ്ഞ് മുന്നറിയിപ്പ് പോലുമില്ലാതെ ഓട്ടം നിര്‍ത്തുകയായിരുന്നു.
ട്രെയിന്‍ സമയത്തിന്റെ അപാകത തുടക്കം മുതല്‍ യാത്രക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ബൈന്തൂര്‍ പാസഞ്ചറിനെ പലയിടത്തും യാത്രക്കിടെ പിടിച്ചിടുന്നത് പതിവായത് യാത്രക്കാരില്‍ മടുപ്പുളവാക്കിയിരുന്നു. ബൈന്തൂര്‍ പാസഞ്ചര്‍ ഗുരുവായൂര്‍ വരെ നീട്ടുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയിരുന്നുവെങ്കിലും യാതൊരു തുടര്‍നടപടിയും പിന്നീടുണ്ടായില്ല.
ഇതിനിടയിലാണ് ഇപ്പോള്‍ സദാനന്ദ ഗൗഡ തന്നെ വിഷയത്തില്‍ നേരിട്ട് ഇടപെട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച് ജി എച്ച് എം പ്രവര്‍ത്തകര്‍ക്ക് മന്ത്രി മറുപടി നല്‍കിയിട്ടുണ്ട്.