ജനങ്ങളോട് പണം ബാങ്കിലിടാന്‍ പറഞ്ഞ പ്രധാനമന്ത്രി മറുപടി പറയണം: രാഹുല്‍ ഗാന്ധി

Posted on: February 17, 2018 9:29 pm | Last updated: February 18, 2018 at 11:21 am

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. നീരവ് മോദി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ഉന്നതരുടെ സംരക്ഷണമില്ലാതെ 22,000 കോടിയുടെ തട്ടിപ്പ് നടത്താനാകില്ല. ജനങ്ങളുടെ പണം ബാങ്കിലിടാന്‍ നിര്‍ബന്ധിച്ച പ്രധാനമന്ത്രി ആ പണം കൊള്ളയടിച്ചിട്ടും മറുപടി പറയുന്നില്ലെന്ന് രാഹുല്‍ ആരോപിച്ചു. പ്രധാനമന്ത്രിയും ധനകാര്യമന്ത്രിയും മൗനം വെടിയണം. ബിജെപി സര്‍ക്കാരിന്റെ കാലത്താണ് 90ശതമാനം ഇടപാടുകളും നടന്നതെന്നും രാഹുല്‍ ഡല്‍ഹിയില്‍ പറഞ്ഞു.

പ്രധാനമന്ത്രി തന്റെ നടപടികളിലൂടെ രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെ തകര്‍ത്തു. ബാങ്കിങ് സംവിധാനത്തെ സംരക്ഷിക്കാന്‍ പ്രധാമന്ത്രിക്ക് ഇനി ഒന്നും ചെയ്യാനില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.