Connect with us

Gulf

വിക്ഷേപണത്തിന് ഖലീഫാസാറ്റ് കൊറിയയിലെത്തിച്ചു

Published

|

Last Updated

ദുബൈ: സ്വദേശി ശാസ്ത്രജ്ഞര്‍ നിര്‍മിച്ച ആദ്യ ഉപഗ്രഹമായ ഖലീഫാസാറ്റ് വിക്ഷേപണത്തിനു മുന്നോടിയായി ദക്ഷിണകൊറിയയിലേക്കു കൊണ്ടുപോയി. എമിറേറ്റ്‌സ് സ്‌കൈ കാര്‍ഗോ ബോയിങ് 777 വിമാനത്തിലാണ് ഉപഗ്രഹം കൊണ്ടുപോയത്.

അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളത്തില്‍ കര്‍ശന സുരക്ഷാ സംവിധാനങ്ങളോടെ കൂറ്റന്‍ ട്രക്കില്‍ ഉപഗ്രഹം എത്തിക്കുകയായിരുന്നു. ഒരുവിധത്തിലുള്ള ആഘാതവും ഏല്‍ക്കാതിരിക്കാന്‍ എന്‍ജിനീയര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക പായ്ക്കിങ് നടത്തി. മുഹമ്മദ് ബിന്‍ റാശിദ് സ്‌പേസ് സെന്ററിലെ (എം ബി ആര്‍ എസ് സി) ശാസ്ത്രജ്ഞരാണ് ഉപഗ്രഹം നിര്‍മിച്ചത്. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരം 2013ലാണ് പദ്ധതിക്കു തുടക്കമിട്ടത്. ഭൂമിയിലെ കൂടുതല്‍ വിശാലമായ ദൃശ്യങ്ങള്‍ സൂക്ഷ്മമായി പകര്‍ത്താനാകുന്ന നൂതന ക്യാമറകളാണ് ഖലീഫാസാറ്റിലുള്ളത്.

മിറ്റ്‌സുബിഷി ഹെവി ഇന്‍ഡസ്ട്രീസ് റോക്കറ്റിലാണ് ഉപഗ്രഹം വിക്ഷേപിക്കുക. നഗരാസൂത്രണം, കാലാവസ്ഥാമാറ്റം, പരിസ്ഥിതി പഠനം, തീരനിരീക്ഷണം, മണല്‍ക്കാറ്റിനെക്കുറിച്ചുള്ള മുന്നറിയിപ്പ്, മേഖലയിലെ ജലഗുണനിലവാരം പരിശോധിക്കല്‍ തുടങ്ങിയവ ഉപഗ്രഹ ദൗത്യങ്ങളില്‍ പെടുന്നു. ഈ വര്‍ഷം പകുതിക്കുശേഷം രണ്ട് ഉപഗ്രങ്ങള്‍ കൂടി വിക്ഷേപിക്കാന്‍ പദ്ധതിയുണ്ട്.

മസ്ദര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയും ഖലീഫ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയും ചേര്‍ന്നു രൂപകല്‍പന ചെയ്ത മൈസാറ്റ് എന്ന ചെറു ഉപഗ്രഹമാണ് ഇതിലൊന്ന്.