Connect with us

National

പിഎന്‍ബി തട്ടിപ്പ്: മൂന്ന് പേര്‍ അറസ്റ്റില്‍

Published

|

Last Updated

മുംബൈ/ ന്യൂഡല്‍ഹി: പഞ്ചാബ് നാഷനല്‍ ബേങ്കില്‍ (പി എന്‍ ബി) നിന്ന് കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ മൂന്ന് പേരെ സിബിഐ അറസ്റ്റ് ചെയ്തു. പഞ്ചാബ് നാഷണല്‍ ബേങ്കിലെ മുന്‍ ഉദ്യോഗസ്ഥന്‍ ഗോകുല്‍ നാഥ് ഷെട്ടി, സിംഗിള്‍ വിന്‍ഡോ ഓപറേറ്ററായിരുന്ന മനോജ് ഖാരാട്ട്, നീരവ് മോദി ഗ്രൂപ്പിന്റെ പ്രതിനിധി ഹേമന്ദ് ഭട്ട് എന്നിവരാണ് അറസ്റ്റിലായത്. മുംബൈ സിബിഐ പ്രത്യേക കോടതിയില്‍ ഇവരെ ഇന്ന് ഹാജരാക്കുമെന്ന് കരുതുന്നു.

അതിനിടെ, കോടികളുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട രത്‌ന വ്യാപാരി നീരവ് മോദിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) നോട്ടീസ് അയച്ചിട്ടുണ്ട്. നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനങ്ങളിലും ഫഌറ്റുകളിലുമായി 21 കേന്ദ്രങ്ങളില്‍ രാജ്യവ്യാപകമായി പരിശോധന നടത്തിയതിനു പിന്നാലെയാണ് സമന്‍സ് അയച്ചത്. പരിശോധനയില്‍ 5,100 കോടി രൂപ വിലവരുന്ന സ്വര്‍ണ, വജ്ര ആഭരണങ്ങള്‍ കണ്ടെടുത്തിരുന്നു. ഇന്നും വിവിധയിടങ്ങളില്‍ പരിശോധന നടന്നുവരികാണ്.. നീരവ് മോദി ഇപ്പോള്‍ എവിടെയാണെന്ന് വ്യക്തമായ അറിവില്ലെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പറയുന്നത്. നീരവിന്റെയും ബിസിനസ് പങ്കാളിയും മാതൃസഹോദരനുമായ മെഹുല്‍ ചോസ്‌കിയുടെയും പാസ്‌പോര്‍ട്ട് വിദേശകാര്യ മന്ത്രാലയം മരവിപ്പിച്ചു. നാലാഴ്ചക്കകം രാജ്യത്ത് തിരിച്ചെത്താന്‍ തയ്യാറായില്ലെങ്കില്‍ പാസ്‌പോര്‍ട്ട് റദ്ദാക്കാനാണ് തീരുമാനം. ഇ ഡിയുടെ നിര്‍ദേശ പ്രകാരമായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി. ഇരുവരും രാജ്യം വിട്ടിട്ടുണ്ടെന്ന് സി ബി ഐ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യം വിട്ട ഇയാളെ ഇന്ത്യയില്‍ തിരിച്ചെത്തിക്കുന്നതിനായി സി ബി ഐ ഇന്റര്‍പോളിന്റെ സഹായം തേടി.

അതേസമയം, പി എന്‍ ബി അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മെഹുല്‍ ചോസ്‌കിയുടെ ഉടമസ്ഥതയിലുള്ള ഗീതാഞ്ജലി ഗ്രൂപ്പിനെതിരെ സി ബി ഐ. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. അതിനിടെ, തട്ടിപ്പുമായി ബന്ധപ്പെട്ട് ജനറല്‍ മാനേജര്‍ ഉള്‍പ്പെടെ എട്ട് ജീവനക്കാരെ കൂടി പി എന്‍ ബി സസ്‌പെന്‍ഡ് ചെയ്തു. തട്ടിപ്പ് വിവരം പുറത്തുവന്നതിനു പിന്നാലെ പത്ത് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
അനധികൃത ഇടപാടുകളിലൂടെ 11,515 കോടിയുടെ തട്ടിപ്പ് നടന്നതായി കഴിഞ്ഞ ബുധനാഴ്ചയാണ് പി എന്‍ ബി ഉദ്യോഗസ്ഥര്‍ സി ബി ഐക്കും ഇ ഡിക്കും പരാതി നല്‍കിയത്.
വന്‍കിട ബിസിനസുകാര്‍ക്ക് ബേങ്ക് ഗ്യാരന്റിയുടെ അടിസ്ഥാനത്തില്‍ കോടികളുടെ ഇടപാടിന് സൗകര്യമൊരുക്കുന്ന ബയേഴ്‌സ് ക്രെഡിറ്റ് (ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിംഗ്) രേഖകള്‍ ഉപയോഗിച്ചാണ് നീരവ് മോദി വിദേശത്ത് തട്ടിപ്പ് നടത്തിയത്. പി എന്‍ ബിയുടെ ജാമ്യത്തിന്റെ ബലത്തില്‍ വിദേശത്തെ ബേങ്കുകളില്‍ നിന്ന് വന്‍തോതില്‍ പണം പിന്‍വലിക്കുകയായിരുന്നു.

Latest