ബസ് നിരക്ക് കൊള്ള അവസാനിപ്പിക്കണം

Posted on: February 16, 2018 6:05 am | Last updated: February 16, 2018 at 12:07 am

സംസ്ഥാനത്ത് ഇന്ന് മുതല്‍ അനിശ്ചിത കാല ബസ് സമരത്തിലേക്ക് പ്രവേശിക്കുകയാണ് സ്വകാര്യ ബസ് ഉടമകള്‍. മിനിമം നിരക്ക് പത്ത് രൂപയാക്കുകയും വിദ്യാര്‍ഥികളുടെ ചാര്‍ജ് 50 ശതമാനം വര്‍ധിപ്പിക്കണമെന്നുമാണ് അവരുടെ ആവശ്യം. വിദ്യാര്‍ഥികളുടെ സൗജന്യയാത്രക്ക് പ്രായപരിധി നിശ്ചയിക്കുക, സ്വകാര്യബസ് പെര്‍മിറ്റുകള്‍ പുതുക്കി നല്‍കുക, വര്‍ധിപ്പിച്ച റോഡ് ടാക്‌സ് പിന്‍വലിക്കുക, റെഗുലേറ്ററി കമ്മിറ്റിക്ക് രൂപം നല്‍കുക, പെട്രോളും ഡീസലും ജി എസ് ടി പരിധിയില്‍ കൊണ്ടുവരിക എന്നീ ആവശ്യങ്ങളും അവര്‍ മുന്നോട്ടുവെക്കുന്നു. ജസ്റ്റിസ് എം രാമന്ദ്രന്‍ കമ്മീഷന്റെ ശിപാര്‍ശപ്രകാരം മിനിമം ചാര്‍ജ് ഏഴില്‍ നിന്ന് എട്ട് രൂപയാക്കാനും വിദ്യാര്‍ഥികളുടെ നിരക്ക് 25 ശതമാനം വര്‍ധിപ്പിക്കാനും ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നെങ്കിലും അത് അപര്യാപ്തമാണെന്നാണ് ബസ് ഉടമകളുടെ വാദം. തിങ്കളാഴ്ചക്കകം ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നിരാഹാരമടക്കം മറ്റു സമരമുറകളിലേക്ക് നീങ്ങുമെന്നും സംഘടന ഭീഷണി മുഴക്കുന്നു.

2004 മെയില്‍ യു ഡി എഫ് സര്‍ക്കാര്‍ കാലത്താണ് ഇതിന് മുമ്പ് ബസ് ചാര്‍ജ് കൂട്ടിയത്. അന്ന് മിനിമം നിരക്ക് ആറ് രൂപയില്‍ നിന്ന് ഏഴായും കി.മീറ്റര്‍ ചാര്‍ജ് 58 പൈസയില്‍നിന്നും 64 ആയും ഉയര്‍ത്തി. പിന്നീടുള്ള നാല് വര്‍ഷത്തിനിടയില്‍ ബസുകളുടെ പ്രവര്‍ത്തന ചെലവിലും ഡീസല്‍ നിരക്കിലും വന്ന വര്‍ധനവിന്റെ അടിസ്ഥാനത്തില്‍ ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ബസുടമകളും കെ എസ് ആര്‍ ടി സിയും മാസങ്ങളായി മുറവിളി കൂട്ടുകയായിരുന്നു. സ്‌പെയര്‍പാര്‍ട്‌സ് വില, നികുതി ഇന്‍ഷ്വറന്‍സ് ശമ്പള വര്‍ധന എന്നിവയെല്ലാം നിരന്തരം വര്‍ധിച്ചു കൊണ്ടിരിക്കുന്നു. അതേസമയം ബസ് യാത്രക്കാരുടെ എണ്ണം മുന്‍കാലങ്ങളെ അപേക്ഷിച്ചു കുറയുകയുമാണ്. 2005-06 കാലത്ത് ഒരു ബസില്‍ ദിനംപ്രതി യാത്ര ചെയ്തിരുന്നവരുടെ എണ്ണം ശരാശരി 1200 വരുമായിരുന്നെങ്കില്‍ 2004ന് ശേഷം അത് 700 ആയി കുറഞ്ഞിട്ടുണ്ടെന്നാണ് ബസ് ഉടമകള്‍ പറയുന്നത്. ഇത് വരുമാനത്തെ സാരമായി ബാധിച്ചു. ചാര്‍ജ് വര്‍ധന കൂടാതെ മുന്നോട്ട് പോകാനാകില്ലെന്ന ഉടമകളുടെ വാദം അംഗീകരിച്ചുകൊണ്ടാണ് മിനിമം ചാര്‍ജ് ഒരു രൂപയും കി.മീറ്റര്‍ നിരക്ക് 64 പൈസയില്‍ നിന്ന് 70 പൈസയായും വര്‍ധിപ്പിക്കാന്‍ മന്ത്രിസഭ അംഗീകാരം നല്‍കിയത്.

സര്‍ക്കാര്‍ അംഗീകരിച്ച ഈ നിരക്ക് അപര്യാപ്തമാണെന്ന് ബസ് ഓണേഴ്‌സ് അസോസിയേഷന്‍ പറയുമ്പോള്‍ അത് കൂടുതലാണെന്നും ബസ് മുതലാളിമാരുടെ താത്പര്യം മാത്രം പരിഗണിച്ചുള്ള ശിപാര്‍ശകളാണ് രാമചന്ദ്രന്‍ കമ്മീഷന്‍ സമര്‍പ്പിച്ചതെന്നുമാണ് യാത്രക്കാരുടെ പരാതി. പല തവണ സ്വകാര്യ ബസുകള്‍ക്കുവേണ്ടി കോടതിയില്‍ ഹാജരാകുകയും അനുകൂല വിധികള്‍ നേടിക്കൊടുക്കുകയും ചെയ്തയാളാണ് ജസ്റ്റിസ് എം രാമചന്ദ്രന്‍. ബസ് ചാര്‍ജ് വര്‍ധനവിനെക്കുറിച്ചു പഠിക്കാന്‍ അദ്ദേഹത്തെ നിയോഗിച്ചത് തന്നെ സര്‍ക്കാറിന്റെ ഒത്തുകളിയാണെന്നും സന്ദേഹിക്കേണ്ടതുണ്ട്. അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ മിനിമം ചാര്‍ജ് ഇപ്പോഴും നാല് രൂപയാണ്. കി.മീറ്റര്‍ ചാര്‍ജ് 58 പൈസയും. ജനുവരി 20 മുതല്‍ മിനിമം ചാര്‍ജ് അഞ്ച് രൂപയും കി. മീറ്റര്‍ നിരക്ക് 60 പൈസയായും സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നെങ്കിലും എതിര്‍പ്പിനെ തുടര്‍ന്നു നിരക്ക് കുറക്കുകയായിരുന്നു. ഡീസല്‍ നിരക്കിലോ, സ്‌പെയര്‍ പാര്‍ട്‌സ് വിലയിലോ തമിഴ്‌നാടും കേരളവുമായി കാര്യമായ അന്തരമില്ല. എന്നിട്ടും അവിടെ സ്വകാര്യ ബസുകള്‍ ലാഭകരമായി സര്‍വീസ് നടത്തുന്നുണ്ടല്ലോ എന്ന് ചൂണ്ടിക്കാണിക്കുമ്പോള്‍ കമ്മീഷനോ സര്‍ക്കാറിനോ മറുപടിയില്ല.

സംസ്ഥാനത്തെ ബസ് മുതലാളിമാരില്‍ പലരും പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ കുടുംബക്കാരോ വേണ്ടപ്പെട്ടവരോ ആണ്. ഇതുകൊണ്ടായിരിക്കണം കാലാകാലങ്ങളായി നടപ്പാക്കുന്ന നിരക്ക് പരിഷ്‌കരണത്തില്‍ അവരുടെ താത്പര്യങ്ങളല്ലാതെ പൊതുജന താത്പര്യം അശേഷം പരിഗണിക്കാതെ പോകുന്നത്. ബസ്‌ഫെയര്‍ സ്റ്റേജ് നിര്‍ണയത്തിലെ അപാകത പരിഹരിക്കണമെന്നത് വര്‍ഷങ്ങളായുള്ള യാത്രക്കാരുടെ ന്യായമായ ഒരാവശ്യമാണ്. രണ്ട് കി.മീറ്ററിനും മൂന്ന് കി.മീറ്ററിനും ഇടയിലുള്ള ദൂരമാണ് സാധാരണ ഗതിയില്‍ ഫെയര്‍ സ്റ്റേജ് ആയി നിര്‍ണയിക്കുന്നതെങ്കിലും ചില പ്രദേശങ്ങളില്‍ ഇതിനേക്കാള്‍ കുറഞ്ഞ ദൂരത്തിലാണ്. ഇതുമൂലം സഞ്ചരിക്കുന്നതിനേക്കാള്‍ കൂടുതല്‍ ദൂരത്തിന് യാത്രക്കാര്‍ ചാര്‍ജ് നല്‍കേണ്ടിവരുന്നു. ഇത് പരിഹരിച്ചു വേണം നിരക്ക് വര്‍ധന നടപ്പിലാക്കേണ്ടതെന്ന് ഹൈക്കോടതി ഉത്തരവുമുണ്ട്. മാറിമാറി വരുന്ന സര്‍ക്കാറുകള്‍ ഇതിന് നേരെ കണ്ണടക്കുകയാണ്.

കി.മീറ്റര്‍ ചാര്‍ജില്‍ മിനിമം നിരക്ക് കൂടി ചേര്‍ത്തുള്ള ഫിക്‌സ്ഡ് കോസ്റ്റ് രീതിയാണിപ്പോള്‍ ബസ് ചാര്‍ജ് നിര്‍ണയത്തില്‍ സ്വീകരിച്ചുവരുന്നത്. ഇതൊരു തരം കൊള്ളയും ജനവഞ്ചനയുമാണ്. നിലവിലെ നിരക്കനുസരിച്ചു പത്ത് കി.മീറ്റര്‍ സഞ്ചരിക്കുന്നയാള്‍ നല്‍കേണ്ടത് ആറ് രൂപ 40 പൈസയാണ്. റൗണ്ടാക്കിയാല്‍ ഏഴ് രൂപ വരും. എന്നാല്‍ ഇത്രയും ദുരം യാത്രക്ക് ഇപ്പോള്‍ നിശ്ചയിച്ച നിരക്ക് പത്ത് രൂപയാണ്. മറ്റൊരു സംസ്ഥാനത്തുമില്ലാത്തതാണ് ഈ ജനദ്രോഹ സംവിധാനം. മിനിമം ചാര്‍ജിന് തീരുമാനിച്ച ദൂരത്തേക്കാള്‍ കൂടുതല്‍ വരുന്ന യാത്രക്ക് കി.മീറ്റര്‍ നിരക്ക് അനുസരിച്ചു ചാര്‍ജ് മാത്രം ഈടാക്കുന്ന രീതിയായിരുന്നു നേരത്തെ ഉണ്ടായിരുന്നത്. ബസുകളുടെ തേയ്മാനത്തിന്റെ നഷ്ടം യാത്രക്കാര്‍ കൂടി വഹിക്കണമെന്ന വിചിത്രവാദം ഉയര്‍ത്തി 2011ലാണ് സര്‍ക്കാര്‍ ഈ രീതി അട്ടിമറിച്ചു സ്വകാര്യ ബസ് ഉടമകള്‍ക്കും കെ എസ് ആര്‍ ടി സിക്കും ചാര്‍ജ് കൊള്ളക്ക് അവസരമൊരുക്കിയത്. ഇതുകൊണ്ടു തൃപ്തിപ്പെടാതെ ഇനിയും യാത്രക്കാരുടെ പോക്കറ്റില്‍ കയ്യിട്ട് വാരാന്‍ സമരം പ്രഖ്യാപിച്ച ബസ് ഉടമകളുടെ സമ്മര്‍ദത്തിന് സര്‍ക്കാര്‍ വഴങ്ങരുത്. ജനതാത്പര്യം കണക്കിലെടുത്ത് നിരക്ക് വര്‍ധന 2011ന് മുമ്പുള്ള രീതിയിലേക്ക് മാറുകയും ഫെയര്‍ സ്റ്റേജിലെ അപാകത പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുകയും ചെയ്യേണ്ടതാണ്.