Connect with us

Gulf

മികച്ച ഡ്രൈവര്‍മാര്‍ക്ക് അജ്മാന്‍ പോലീസ് 'ഗോള്‍ഡന്‍ പോയിന്റ്‌സ്' നല്‍കും

Published

|

Last Updated

അജ്മാന്‍: മികച്ച ഡ്രൈവര്‍മാര്‍ക്ക് അജ്മാന്‍ പോലീസ് “ഗോള്‍ഡന്‍ പോയിന്റ്‌സ്” സംവിധാനം ആരംഭിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ ഗതാഗത നിയമങ്ങളെല്ലാം പാലിച്ച്, ഒരൊറ്റ നിയമലംഘനം പോലും നടത്താത്ത ഡ്രൈവര്‍മാര്‍ക്കാണ് ഗോള്‍ഡന്‍ പോയിന്റ്‌സ് നല്‍കുക.
എമിറേറ്റിലെ നിരത്തുകള്‍ അപകടമുക്തമാക്കാനും റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്താനും ഡ്രൈവര്‍മാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഗോള്‍ഡന്‍ പോയിന്റ്‌സ് ഏര്‍പെടുത്തിയതെന്ന് അജ്മാന്‍ പോലീസ് ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡിപ്പാര്‍ട്‌മെന്റ് മേധാവി ലെഫ്. കേണല്‍ സൈഫ് അബ്ദുല്ല അല്‍ ഫലാസി പറഞ്ഞു.

ഒരു പിഴപോലും വരുത്താത്ത ഡ്രൈവര്‍മാര്‍ക്ക് മാസം തോറും രണ്ട് ഗോള്‍ഡന്‍ പോയിന്റ് വീതമാണ് ലഭിക്കുക. ഇങ്ങനെ അടുത്ത വര്‍ഷം മാര്‍ച്ചില്‍ 24 ഗോള്‍ഡന്‍ പോയിന്റ് നേടുന്നവരെ പുരസ്‌കാരം നല്‍കി ആദരിക്കും. അവാര്‍ഡിന്റെ കാര്യങ്ങളെകുറിച്ച് തങ്ങള്‍ ചര്‍ച്ചചെയ്തുകൊണ്ടിരിക്കുകയാണെന്നും ലെഫ്. കേണല്‍ സൈഫ് അബ്ദുല്ല അല്‍ ഫലാസി വ്യക്തമാക്കി.

പോലീസിന്റെ നിരവധി ബോധവത്കരണ കാമ്പയിനുകള്‍ കാരണം എമിറേറ്റില്‍ ഗതാഗത അപകടം 27 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ട്രാഫിക് ഫൈന്‍സ് ഫ്രീ ഡേ വരെ ഡ്രൈവര്‍മാര്‍ക്കായി നല്‍കി. ഈ ദിവസം നിയമലംഘനം നടത്തിയവര്‍ക്കെതിരെ പിഴ ചുമത്തിയിരുന്നില്ല. പിടിക്കപ്പെട്ടവരെ ലംഘനത്തെ കുറിച്ച് ബോധവത്കരിക്കുകയും സുരക്ഷാനിര്‍ദേശങ്ങള്‍ പറഞ്ഞുമനസിലാക്കിക്കൊടുക്കുകയുമാണ് പോലീസ് ചെയ്തത്.
25 ഭാഷകളിലായി ഗതാഗത ബോധവത്കരണ സന്ദേശങ്ങള്‍ റേഡിയോവഴി സംപ്രേഷണം ചെയ്ത അജ്മാന്‍ പോലീസിന്റെ ബോധവത്കരണ കാമ്പയിന്‍ ഏറെ ശ്രദ്ധനേടിയിരുന്നു.

 

Latest