ഷോപ്പിയാന്‍ വെടിവെപ്പ്: മേജറിനെതിരെ നടപടിയെടുക്കുന്നത് സുപ്രീംകോടതി തടഞ്ഞു

Posted on: February 13, 2018 6:45 am | Last updated: February 13, 2018 at 12:17 am

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ നടന്ന വെടിവെപ്പില്‍ കുറ്റാരോപിതനായ സൈനിക ഉദ്യോഗസ്ഥന്‍ മേജര്‍ ആദിത്യ കുമാറിനെതിരെ നടപടി എടുക്കുന്നത് സുപ്രീംകോടതി തടഞ്ഞു. വിഷയത്തില്‍ രണ്ടാഴ്ചക്കുള്ളില്‍ മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാറിനും ജമ്മു കശ്മീര്‍ സര്‍ക്കാറിനും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് നോട്ടീസ് അയച്ചു. ഇരു സര്‍ക്കാറുകളും മറുപടികള്‍ തരുന്നത് വരെ വിഷയത്തില്‍ നടപടിയുണ്ടാകരുതെന്നും കോടതി വ്യക്തമാക്കി.

ആദിത്യകുമാറിന്റെ പിതാവ് ലെഫ്.കേണല്‍ കരംവീര്‍ സിംഗ് നല്‍കിയ ഹരജിയിലാണ് സുപ്രീം കോടതി ഉത്തരവ്. സൈനികരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് അന്വേഷണം ആവശ്യമാണെന്നും ചൂണ്ടിക്കാണിച്ചാണ് ഹരജി സമര്‍പ്പിച്ചത്. കശ്മീര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ നിന്ന് ആദിത്യ കുമാറിന്റെ പേര് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

വിഷയത്തില്‍ അറ്റോണി ജനറല്‍ കെ കെ വേണു ഗോപാലിന്റെ സഹായം കോടതി തേടി. മുതിര്‍ന്ന അഭിഭാഷകരായ മുഗല്‍ റോത്തക്കി, ഐശ്വര്യ ഭാതി എന്നിവര്‍ കരംവീര്‍ സിംഗ് വേണ്ടി ഹാജരായി. ജനുവരി 27നാണ് വെടിവെപ്പുണ്ടായത്. വാഹന വ്യൂഹത്തിനു കല്ലെറിഞ്ഞ ആള്‍ക്കൂട്ടത്തിനു നേരെ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു.