ഇന്ത്യ-യു എ ഇ വികസന സ്വപ്‌നങ്ങള്‍ക്ക് കരുത്തേകി സുപ്രധാന ധാരണകള്‍

Posted on: February 12, 2018 7:31 pm | Last updated: February 12, 2018 at 7:31 pm

ദുബൈ: നവ കാലക്രമത്തില്‍ രാഷ്ട്രങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളെ കൂടുതല്‍ മികവുറ്റതാക്കുന്നതിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു എ ഇ സന്ദര്‍ശനത്തോടനുബന്ധിച്ച് ഒപ്പുവെച്ച കരാറുകള്‍ പ്രതീകമായി. ഇരു രാജ്യങ്ങള്‍ക്കും ആഗോള തലത്തില്‍ വികസന കുതിപ്പുകള്‍ക്ക് വേഗത കൈവരിക്കുന്നതിന് ഉതകുന്നതാണിവയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസം, പ്രതിരോധം, ഊര്‍ജം, ഗതാഗതം, സാമ്പത്തികം, മാനവ വിഭവശേഷി തുടങ്ങിയ മേഖലകളിലാണ് പുതിയ ബാന്ധവത്തിന് ഇരു രാജ്യങ്ങളും കൈകോര്‍ത്തത്. അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഉപ മേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, യു എ ഇയിലെ ഇന്ത്യന്‍ അംബാസിഡര്‍ നവദീപ് സിംഗ് സൂരി തുടങ്ങിയവര്‍ ഒപ്പിടല്‍ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിച്ചു. ഇന്ത്യയിലെ ഓയില്‍ കമ്പനികളുടെ കണ്‍സോര്‍ഷ്യത്തിന് അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയില്‍ (അഡ്നോക്) നിക്ഷേപമിറക്കുന്നതിനുള്ള അവസരവും പുതിയ കരാറുകളുടെ ഭാഗമായുണ്ട്. മോദിയുടെ സന്ദര്‍ശനത്തിന്റെ സുപ്രധാന നാഴികക്കല്ലായി അടയാളപെടുത്തുന്ന കരാറും ഇത് തന്നെയെന്ന് ആഗോള സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. നിക്ഷേപ രാജ്യമെന്ന നിലയില്‍ നിന്ന് വിദേശ രാജ്യത്തു നിക്ഷേപക രാജ്യമെന്ന നിലയിലേക്ക് ഇന്ത്യയെ വഴിനടത്തി എന്നതാണ് സന്ദര്‍ശനം കൊണ്ടുണ്ടായതെന്ന് വിലയിരുത്തപ്പെടന്നു.

ആഗോള തലത്തില്‍ വികസന പ്രവത്തനങ്ങള്‍ക്ക് കൂടുതല്‍ വേഗത കൈവരിക്കുന്നതിനൊപ്പം ഇരു രാജ്യങ്ങളുടെയും പൗരാണിക കാലം തൊട്ടുള്ള ബന്ധങ്ങള്‍ക്ക് ദീര്‍ഘ കാലത്തേക്ക് ദൃഢത ഉറപ്പ് വരുത്തുന്നതിന് കരാറുകള്‍ വഴിയൊരുക്കുമെന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രതികരിച്ചു.

മാനവ വിഭവ ശേഷിയുടെ കൈമാറ്റമാണ് സന്ദര്‍ശനത്തോടനുബന്ധിച്ച ധാരണയിലെത്തിയ മറ്റൊരു മേഖല. യു എ ഇയുടെ സുപ്രധാന മേഖലയില്‍ ഇന്ത്യന്‍ തൊഴില്‍ ശക്തിയെ കൂടുതലായി വിന്യസിക്കുന്നതിന് ഇതോടനുബന്ധിച്ചു ഒപ്പുവെച്ച കരാറിലൂടെ പ്രായോഗ വല്‍ക്കരിക്കും. ഇതിന്റെ ഭാഗമായി യു എ ഇ ബഹിരാകാശ പദ്ധതികളില്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ പങ്കാളികളാകും. ദുബൈയില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച ലോക ഭരണകൂട ഉച്ചകോടിയില്‍ ശാസ്ത്ര സാങ്കേതിക രംഗത്തു ഇന്ത്യ കൈവരിച്ച നേട്ടങ്ങളെ ഇന്ത്യയില്‍ നിന്നെത്തിയ 100 അംഗ സംഘം വിവരിച്ചിരുന്നു. മുന്‍ ഐ എസ് ആര്‍ ഓ മേധാവിയും മലയാളിയുമായ കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ളതാണ് ഉച്ചകോടിയിലെത്തിയ ഇന്ത്യന്‍ പ്രധിനിധി സംഘം. യു എ ഇ ബഹിരാകാശ ഏജന്‍സിയില്‍ കെ രാധാകൃഷ്ണന്‍ ഭാഗമാകുമെന്ന് കഴിഞ്ഞ മാസം യു എ ഇ അധികൃതര്‍ അറിയിച്ചിരുന്നു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ചു വിദഗ്ദ്ധ തൊഴില്‍ ശക്തിയുടെ കൈമാറ്റ സഹകരണത്തിനായുള്ള കരാറിന്റെ മുന്നോടിയായിരുന്നു ഇത്.

ഇന്ത്യയിലെ ഗതാഗത മേഖലയില്‍ കൂടുതല്‍ യു എ ഇ നിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ളതായിരുന്നു മറ്റൊരു സുപ്രധാന കരാര്‍. ഇതനുസരിച്ചു ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇന്ത്യന്‍ ഗതാഗത മേഖലയെ നവീകരിക്കുന്നതിന് ധാരണയായിട്ടുണ്ട്. ഇതോടൊപ്പം സാമ്പത്തിക മേഖലയിലും സഹകരണം മികവുറ്റതാകുന്നതിനും ഒപ്പിട്ട കരാറോടെ ഉറപ്പുവരുത്തിയിട്ടുണ്ട്. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, അബുദാബി സെക്യൂരിറ്റി മാര്‍കറ്റ് എന്നിവ പരസ്പര സഹകരണത്തിലൂടെ പ്രവര്‍ത്തിക്കുക എന്നതിന് പുതിയ കരാര്‍ വേഗതകൂട്ടും.
ആഗോളതലത്തില്‍ പ്രധാന വെല്ലുവിളിയായി മാറുന്ന തീവ്രവാദവും അതിനോടനുബന്ധിച്ചുള്ള സംഘര്‍ഷങ്ങളേയും നേരിടുന്നതിന് ലോകത്തെ പ്രധാന സ്വാധീന ശക്തികളായ ഇരു രാജ്യങ്ങളുടെയും സഹകരണം പ്രധാന പങ്കുവഹിക്കുമെന്നും ചടങ്ങില്‍ ശൈഖ് മുഹമ്മദ് പ്രസ്താവിച്ചു. യു എ ഇ രാഷ്ട്ര പിതാവ് ശൈഖ് സായിദിന്റെയും ഇന്ത്യയുടെ മഹാത്മാഗാന്ധിയുടെയും സഹകരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇരു രാജ്യങ്ങളുടെയും ബന്ധങ്ങള്‍ കൂടുതല്‍ ശാക്തീകരിക്കുന്നതിനുള്ള ആശയങ്ങള്‍ സ്വീകരിക്കുന്നതെന്ന് ശൈഖ് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.