Connect with us

National

ഭഗവത്, നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നു; നിങ്ങള്‍ രാജ്യത്തെ ജനതയെ അപമാനിച്ചു: രാഹുല്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യം ആറോ ഏഴോ മാസങ്ങള്‍ കൊണ്ട് ചെയ്യുന്ന കാര്യം വെറും മൂന്ന് ദിവസത്തിനുള്ളില്‍ ആര്‍എസ്എസ് ചെയ്യുമെന്ന മേധാവി മോഹന്‍ ഭഗവത് നടത്തിയ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോഹന്‍ ഭഗവതിന്റെ പ്രസംഗം എല്ലാ ഇന്ത്യാക്കാരെയും രാജ്യത്തിനായി വീരമൃത്യു വരിച്ച സൈനികരെയും അപമാനിക്കുന്നതാണെന്ന് രാഹുല്‍ പറഞ്ഞു.

ആര്‍എസ്എസ് മേധാവിയുടെ പ്രസംഗം ഓരോ ഇന്ത്യക്കാരനെയും അപമാനിക്കുന്നതാണ്. രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച സൈനികരോടുള്ള അനാദരവാണത്. ഓരോ സൈനികനും സല്യൂട്ട് ചെയ്യുന്ന ദേശീയ പതാകയെക്കൂടിയാണ് അദ്ദേഹം അപമാനിച്ചത്. ഭഗവത്, നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നു- രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

ആര്‍എസ് എസ് മാപ്പ് പറയുക എന്ന ഹാഷ് ടാഗോടെയായിരുന്നു രാഹുലിന്റെ ട്വീറ്റ്. ഇന്ത്യന്‍ സൈന്യത്തിന് യുദ്ധത്തിന് തയ്യാറെടുക്കാന്‍ ആറ് മാസം വേണമെങ്കില്‍ ആര്‍എസ്എസിനു വെറും മൂന്ന് ദിവസം മതിയെന്നായിരുന്നു മോഹന്‍ ഭാഗവതിന്റെ പ്രസ്താവന.

അതിനുള്ള ശേഷി ഞങ്ങള്‍ക്കുണ്ട്. ഭരണഘടന അനുവദിക്കുമെങ്കില്‍ അതിന് ആര്‍എസ്എസ് തയാറാണെന്നും ഭാഗവത് പറഞ്ഞിരുന്നു. ആര്‍എസ്എസ് ഒരു സൈനിക, സമാന്തര സൈനിക വിഭാഗമല്ല, രാജ്യത്തിനായി എന്ത് ത്യാഗം സഹിക്കുന്നതിനും പ്രവര്‍ത്തകര്‍ തയ്യാറാണെന്നും ഭഗവത് കൂട്ടിച്ചേര്‍ത്തു. ബീഹാറിലെ മുസാഫര്‍പൂരില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവേയാണ് ഭഗവത് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്.

Latest