ഇര്‍ഫ നാടിന് സമര്‍പ്പിച്ചു

Posted on: February 10, 2018 11:38 pm | Last updated: February 10, 2018 at 11:38 pm
വെട്ടിച്ചിറ മജ്മഅ് ഇര്‍ഫ മാസ്റ്റര്‍ പ്രൊജക്ടിന്റെ സമര്‍പ്പണം നിര്‍വഹിച്ച ശേഷം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രസംഗിക്കുന്നു

വെട്ടിച്ചിറ: പുതിയ കാലത്തോടും സമൂഹത്തോടും സംവദിക്കാന്‍ കഴിയുന്ന രീതിയില്‍ പാഠ്യപദ്ധതികളും അക്കാദമിസ്റ്റുകളും മാറേണ്ടതുണ്ടെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. വെട്ടിച്ചിറ മജ്മഉത്തസ്‌കിയത്തില്‍ ഇസ്‌ലാമിയ്യയുടെ ‘ഇര്‍ഫ’ മാസ്റ്റര്‍ പ്രൊജക്ടിന്റെ ലോഞ്ചിംഗ് ഡ്രീംസ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാവി വിദ്യാഭ്യാസ പദ്ധതികളിലും വ്യവസായ കാര്‍ഷിക മേഖലകളിലും വിപ്ലവകരമായ ഗവേഷണങ്ങളും മാറ്റങ്ങളും വന്നുകൊണ്ടിരിക്കുകയാണ്. ഈ മുന്നേറ്റത്തില്‍ സമര്‍ഥരായ പ്രതിഭകളെ സമര്‍പ്പിക്കാന്‍ ഇര്‍ഫക്ക് കഴിയണം. ഇസ്‌ലാമിന്റെ ഈ രംഗത്തുള്ള മാതൃകകള്‍ നാം ഗൗരവത്തോടെ പഠിക്കണമെന്നും കാന്തപുരം പറഞ്ഞു. വിദ്യാഭ്യാസ, സാമൂഹിക, സാങ്കേതിക രംഗത്തെ പ്രമുഖരും പ്രേത്യകം ക്ഷണിക്കപ്പെട്ടവരും ലോഞ്ചിംഗില്‍ പങ്കെടുത്തു.
വിദ്യാഭ്യാസ, വ്യവസായ, കാര്‍ഷിക, ഗവേഷണ മേഖലകളില്‍ നൂതനവും സമഗ്രവുമായ പദ്ധതികളാണ് ഇര്‍ഫയിലൂടെ നടപ്പില്‍ വരുത്തുന്നത്. അക്കാദമിക, സാങ്കേതിക രംഗത്തെ ഒരുകൂട്ടം വിദഗ്ധരാണ് മതപണ്ഡിതര്‍ക്കൊപ്പം പ്രൊജക്ടിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇര്‍ഫ വര്‍ക്ക് ഇന്റഗ്രേറ്റഡ് ലേണിംഗ് ലാബ്, ഇര്‍ഫ സ്‌കൂള്‍ ഓഫ് ദഅ്‌വ, ഇര്‍ഫ സ്‌കൂള്‍ ഓഫ് ഹിഫഌ, ഇര്‍ഫ സെന്റര്‍ ഫോര്‍ എക്‌സലന്‍സ്, ഇര്‍ഫ സ്‌കൂള്‍ ഓഫ് കൊമേഴ്‌സ്, ഇര്‍ഫ ഇന്റഗ്രേറ്റഡ് സ്‌കൂള്‍, ഇര്‍ഫ ഒലീവ് ഗാര്‍ഡന്‍, ഇര്‍ഫ സ്‌കൂള്‍ ഓഫ് ശരീഅ:, ഇര്‍ഫ റാഫിഈ സ്‌കൂള്‍, ഇര്‍ഫ ദാറുല്‍ ഖുര്‍ആന്‍, ഇര്‍ഫ സ്‌കില്‍ സ്റ്റുഡിയോ എന്നിവയാണ് ആദ്യഘട്ട പദ്ധതികള്‍.

നിലവിലുള്ള മാതൃകകള്‍ നവീകരിച്ചും പുതിയവ ആവിഷ്‌കരിച്ചും ഭാവി സമൂഹത്തിന് വിദ്യാഭ്യാസ-തൊഴില്‍- കാര്‍ഷിക- സാമ്പത്തിക മേഖലയിലുള്ള കൃത്യമായ പദ്ധതിയാണ് ഇര്‍ഫയിലൂടെ ലക്ഷ്യമിടുന്നതെന്നും ഫ്യൂച്ചര്‍ എജ്യൂക്കേഷന്‍ ഏറെ കരുതലോടെയും ആസൂത്രണത്തോടെയും സമീപിക്കേണ്ട ഒന്നാണെന്ന തിരിച്ചറിവാണ് ഈ പുതിയ സംരംഭത്തിന്റെ പ്രേരണയെന്നും ജനറല്‍ സെക്രട്ടറി മാളിയേക്കല്‍ സുലൈമാന്‍ സഖാഫി ആമുഖത്തില്‍ പറഞ്ഞു. ഡോ. ഹുസൈന്‍ രണ്ടത്താണി അധ്യക്ഷത വഹിച്ചു. ഇര്‍ഫ സി ഇ ഒ. എഞ്ചിനീയര്‍ അബ്ദുല്‍ റഊഫ് പദ്ധതികള്‍ വിശദീകരിച്ചു. ഇര്‍ഫ കോഴ്‌സുകളിലേക്കുള്ള അഡ്മിഷന്‍ നടപടികള്‍ ആരംഭിച്ചതായി സി ഇ ഒ. അറിയിച്ചു. വിവരങ്ങള്‍ക്ക് 7909200111.