ഖത്വര്‍ ലോകകപ്പ് വേദി മാറ്റില്ല; ഗള്‍ഫ് രാജ്യങ്ങള്‍ ഒന്നിക്കണം: ഫിഫ

Posted on: February 9, 2018 11:54 pm | Last updated: February 9, 2018 at 11:54 pm
SHARE

ദോഹ: ഗള്‍ഫ് രാജ്യങ്ങള്‍ ഒന്നിച്ചു നിന്ന് 2022ലെ ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് വിജയിപ്പിക്കണമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ അഭിപ്രായപ്പെട്ടു. ടൂര്‍ണമെന്റ് ഖത്വറിന് വേണ്ടി മാത്രമല്ല, എല്ലാ രാജ്യങ്ങള്‍ക്കും വേണ്ടിയുള്ളതാണ്. ഒമാനില്‍ നടന്ന ഫിഫ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം 2022ല്‍ ഖത്വറില്‍ ഫിഫ ലോകകപ്പ് ഫുട് ബോള്‍ ടൂര്‍ണമെന്റ് നടക്കും. ഇക്കാര്യത്തില്‍ ഒരു മാറ്റവുമില്ല. കുവൈത്തില്‍ നടന്ന 23-ാമത് ഗള്‍ഫ് കപ്പില്‍ എല്ലാ രാജ്യങ്ങളും പങ്കെടുത്തതിലുള്ള സന്തോഷവും ഫിഫ പ്രസിഡന്റ് പ്രകടമാക്കി. ജനങ്ങളെ ഒരുമിച്ച് ചേര്‍ക്കുന്നതില്‍ ഗള്‍ഫ് കപ്പ് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

ഒമാനില്‍ നടന്ന ഫിഫ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന്റെ സംഘാടനത്തേയും അദ്ദേഹം പ്രശംസിച്ചു. മേഖലയിലെ പ്രധാന കായിക ഇവന്റുകളുടെ കേന്ദ്രമായി മാറാനുള്ള ഒമാന്റെ ശേഷിയെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫിഫ ലോകകപ്പുകളുടെ ഭാവി സംബന്ധിച്ച നിരവധി പ്രധാന വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.

ഭാവിയില്‍ ആഗോള വനിതാ ഫുട്ബോള്‍ ലീഗ് സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഫിഫയെന്നും അദ്ദേഹം പറഞ്ഞു. അറബ് ലോകത്തേയും മധ്യപൂര്‍വ മേഖലയിലേയും ആദ്യ ലോകകപ്പാണ് 2022 ല്‍ നടക്കാന്‍ പോകുന്നത്. ഒപ്പം 32 ടീമുകള്‍ പങ്കെടുത്തുകൊണ്ടുള്ള ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ അവസാന ടൂര്‍ണമെന്റ് കൂടിയാണ് ഖത്വറിലേത്. 2026 മുതല്‍ 48 ടീമുകളാകും ഫിഫ ടൂര്‍ണമെന്റില്‍ പങ്കെടുക്കുക. സാധാരണ ജൂണ്‍-ജൂലൈ മാസങ്ങള്‍ മാത്രം നടക്കുന്ന ഫിഫ ടൂര്‍ണമെന്റ് 2022ല്‍ നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണ് എന്നതും മറ്റൊരു പ്രത്യേകതയാണ്. 2022 ഡിസംബര്‍ 18ന് ഖത്വര്‍ ദേശീയ ദിനത്തിലാണ് ലോകകപ്പ് ഫൈനല്‍ നടക്കുക.

2022 ലോകകപ്പ് ഫുട്‌ബോള്‍ പദ്ധതികളിലെ തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാന്‍ ശ്രദ്ധേയമായ നിരവധി നടപടികളാണ് ഖത്വര്‍ സ്വീകരിക്കുന്നത്. സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസി ലോകത്തില്‍ വെച്ചേറ്റവും സുരക്ഷിതമായ ഫിഫ ടൂര്‍ണമെന്റായിരിക്കും 2022 ല്‍ ലോകത്തിന് സമ്മാനിക്കുക.

 

LEAVE A REPLY

Please enter your comment!
Please enter your name here