Sports
ഖേലോ ഇന്ത്യ : ഹരിയാന ചാമ്പ്യന്‍മാര്‍

ന്യൂഡല്‍ഹി: അവസാന ദിവസത്തെ വാശിയേറിയ പോരാട്ടത്തില്‍ മഹാരാഷ്ട്രയെ പിന്തള്ളി ഹരിയാന പ്രഥമ ഖേലോ ഇന്ത്യ സ്‌കൂള്‍ ഗെയിംസില്‍ ചാമ്പ്യന്‍മാര്‍.
ഇന്നലെ 15 സ്വര്‍ണം സ്വന്തമാക്കിയാണ് ഹരിയാന കിരീടം ഉറപ്പിച്ചത്. രാവിലെ മത്സരലോകം ഉണരുമ്പോള്‍ ഹരിയാന മഹാരാഷ്ട്രക്ക് പിറകിലായിരുന്നു. ബോക്‌സിംഗിലാണ് ഹരിയാന വന്‍ കുതിപ്പ് നടത്തിയത്. അവസാന ദിവസം നടന്ന 26 ഫൈനലുകളില്‍ പത്തിലും ഹരിയാന താരങ്ങള്‍ ജേതാക്കളായി.
ഗെയിംസിലെ അവസാന ഇനം ബാഡ്മിന്റണ്‍ ഫൈനലായിരുന്നു. ഇന്ത്യയിലെ മികച്ച അണ്ടര്‍ 17 താരമായ മണിപ്പൂരിന്റെ മെയ്‌സ്‌നാം മെയ്‌റാബ ജേതാവായി. ഉത്തര്‍പ്രദേശിന്റെ ആകാശ് യാദവിനെ 16-21, 21-14, 21-18ന് പരാജയപ്പെടുത്തി.
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ മാളവിക ബന്‍സോദിനാണ് സ്വര്‍ണം. ഫൈനലില്‍ മഹാരാഷ്ട്രയുടെ ആകര്‍ഷി കശ്യപിനെ 21-12, 12-10ന് തോല്‍പ്പിച്ചു.
ഏറ്റവും കൂടുതല്‍ ഇനങ്ങളില്‍ മത്സരിച്ച ടീമിനുള്ള പുരസ്‌കാരം ഉത്തര്‍പ്രദേശിനാണ്. മഹാരാഷ്ട്രയും രാജസ്ഥാനും തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
കേന്ദ്ര കായിക മന്ത്രി കേണല്‍ രാജ്യവര്‍ധന്‍ സിംഗ് രാത്തോര്‍ ചാമ്പ്യന്‍ഷിപ്പ് ട്രോഫി ഹരിയാനക്ക് സമ്മാനിച്ചു. മഹാരാഷ്ട്ര രണ്ടാംസ്ഥാനത്തും ഡല്‍ഹി മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു.
അവസാന ദിവസം പത്ത് സ്വര്‍ണം ബോക്‌സിംഗില്‍ നിന്ന് വാരിയ ഹരിയാന ജുഡോയില്‍ നിന്ന് രണ്ടും ആര്‍ചറി, ഫുട്‌ബോള്‍, ഹോക്കി സ്വര്‍ണവും സ്വന്തമാക്കി. 38 സ്വര്‍ണം, 26 വെള്ളി, 38 വെങ്കലം എന്നിങ്ങനെയാണ് ഹരിയാനയുടെ മെഡല്‍ നേട്ടം. മഹാരാഷ്ട്ര 36 സ്വര്‍ണം, 32 വെള്ളി, 42 വെങ്കലം എന്നിങ്ങനെ.ഏറ്റവും കൂടുതല്‍ മെഡലുകള്‍ നേടിയ സംസ്ഥാനം മഹാരാഷ്ട്രയാണ് – 110 മെഡലുകള്‍. ഹരിയാന 102 മെഡലുകള്‍ നേടി. മൂന്നാം സ്ഥാനത്തുള്ള ഡല്‍ഹി ആദ്യ രണ്ട് സ്ഥാനക്കാര്‍ക്ക് ഭീഷണിയായില്ല. 25 സ്വര്‍ണം, 29 വെള്ളി, 40 വെങ്കലം ഉള്‍പ്പടെ 94 മെഡലുകളാണ് ഡല്‍ഹിയുടെ സമ്പാദ്യം.
കര്‍ണാടക (16 സ്വര്‍ണം), മണിപ്പൂര്‍ (13 സ്വര്‍ണം), ഉത്തര്‍പ്രദേശ് (10 സ്വര്‍ണം), പഞ്ചാബ് (10 സ്വര്‍ണം) സംസ്ഥാനങ്ങളാണ് പത്തോ അധിലധികമോ സ്വര്‍ണം നേടിയത്.
വനിതാ ഹോക്കിയില്‍ ഹരിയാനയും ആണ്‍കുട്ടികളുടെ ഹോക്കിയില്‍ ഒഡീഷയും ചാമ്പ്യന്‍മാരായി.
പെണ്‍ ഫുട്‌ബോളിലും ഹരിയാന ചാമ്പ്യന്‍മാരായി. ആണ്‍ ഫുട്‌ബോളില്‍ മിസോറമാണ് ജേതാക്കള്‍.