എം എം ആര്‍ വാക്‌സിന് ക്ഷാമം

Posted on: February 9, 2018 8:48 am | Last updated: February 8, 2018 at 11:51 pm

തിരുവനന്തപുരം: കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന എം എം ആര്‍ വാക്‌സിന് സംസ്ഥാനത്ത് ക്ഷാമം. അഞ്ചാംപനി, മൊണ്ടിനീര്, റുബെല്ല എന്നീ രോഗങ്ങള്‍ക്കെതിരെ നല്‍കുന്ന വാക്‌സിന്‍ കഴിഞ്ഞ രണ്ട് മാസത്തിലേറെയായി സര്‍ക്കാര്‍ ആശുപത്രികളിലൊന്നും ലഭ്യമല്ല. പ്രതിരോധ കുത്തിവെപ്പ് നല്‍കുന്ന ബുധനാഴ്ചകളിലും ശനിയാഴ്ചകളിലും അമ്മമാര്‍ കുഞ്ഞുങ്ങളുമായി ആശുപത്രികള്‍ കയറിയിറങ്ങുകയാണ്. ഓരോ ആഴ്ചയും കുഞ്ഞുങ്ങളുമായി എത്തുമ്പോഴും അടുത്ത ആഴ്ചവരാനാണ് പറയുന്നത്.

നീണ്ട ക്യൂവില്‍ കാത്തുനിന്ന് കൗണ്ടറിലെത്തുമ്പോഴാണ് മരുന്നില്ലെന്ന വിവരം അധികൃതര്‍ അറിയിക്കുന്നത്. ഇത് അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും ഏറെ ബുദ്ധിമുട്ടാകുകയാണ്. വാക്‌സിന്‍ ഇല്ലെങ്കില്‍ അത്തരം അറിയിപ്പെങ്കിലും ആശുപത്രികളില്‍ പ്രദര്‍ശിപ്പിച്ചാല്‍ ബുദ്ധിമുട്ട് കുറക്കാനാകുമായിരുന്നുവെന്നും അവര്‍ പരാതിപ്പെടുന്നു.ജനന ശേഷം 12-15 മാസത്തിനിടയില്‍ ഒറ്റ ഡോസ് നല്‍കുന്നതാണ് എം എം ആര്‍ കുത്തിവെപ്പ്. അഞ്ചാംപനി, മൊണ്ടിനീര്, റുബെല്ല എന്നീ മാരകരോഗങ്ങള്‍ക്കെതിരെയാണ് കുത്തിവെപ്പ്.
അതിനിടെ, അഞ്ചാംപനി, റുബെല്ല എന്നിവക്കെതിരെ എം ആര്‍ വാക്‌സിന്‍ നല്‍കുന്ന ക്യാമ്പയിന്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ അടുത്തിടെയാണ് സംസ്ഥാന വ്യാപകമായി പൂര്‍ത്തിയാക്കിയത്. ഒമ്പത് മാസം മുതല്‍ 15 വയസുവരെയുള്ള കുട്ടികള്‍ക്കാണ് എം ആര്‍ കുത്തിവെപ്പ് നല്‍കിയത്. ഒമ്പത് മാസമായ കുഞ്ഞുങ്ങള്‍ക്ക് അതിപ്പോള്‍ നിര്‍ബന്ധമാക്കിയിട്ടുമുണ്ട്. എം ആര്‍ വാക്‌സിന് ശേഷം 12-15 മാസത്തിനിടയില്‍ അടുത്ത് എടുക്കേണ്ടതാണ് എം എം ആര്‍ കുത്തിവെപ്പ്. അതിലേക്ക് കുഞ്ഞുങ്ങളുമായി ആശുപത്രികളിലെത്തിയപ്പോഴാണ് മരുന്ന് ലഭ്യമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്. വാക്‌സിന്‍ ക്ഷമാം രണ്ട് മാസത്തിലേറെ ആയതോടെ മാതാപിതാക്കളും ഇപ്പോള്‍ ആശങ്കയിലാണ്. കുത്തിവെപ്പ് എടുക്കേണ്ട മിക്ക കുഞ്ഞുങ്ങള്‍ക്കും പ്രായം 15 മാസം കഴിയുകയും ചെയ്തു.

സംസ്ഥാനത്ത് നടന്ന എം ആര്‍ വാക്‌സിന്‍ ക്യാമ്പയിന് ശേഷം എം എം ആര്‍ കുത്തിവെപ്പിനുള്ള മരുന്നിന് ക്ഷാമം ഉണ്ടായി എന്നും ഈ ആഴ്ചയോടെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പ്രതിരോധ കുത്തിവെപ്പുകള്‍ നല്‍കുന്ന കേന്ദ്രങ്ങളിലും എം എം ആര്‍ വാക്‌സിന്‍ ലഭ്യമാകുമെന്നും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍ എല്‍ സരിത അറിയിച്ചു.