ദീര്‍ഘകാലം ജാമ്യം നിഷേധിക്കരുത്; മനുഷ്യത്വവും പരിഗണിക്കണം:  സുപ്രീം കോടതി

Posted on: February 8, 2018 9:17 am | Last updated: February 8, 2018 at 11:09 am

ന്യൂഡല്‍ഹി: ജാമ്യം നിഷേധിച്ച് തടവുകാരെ ദീര്‍ഘകാലം ജയിലിലിടുന്നതിനെതിരെ സുപ്രീം കോടതി. ജാമ്യം നിഷേധിച്ച് ദീര്‍ഘകാലം തടവിലിടുന്നത് നീതിന്യായ വ്യവസ്ഥക്ക് നല്ലതല്ലെന്നും പോലീസ്, ജ്യുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് ഉത്തരവുകള്‍ പുറപ്പെടുവിക്കുമ്പോള്‍ ജഡ്ജിമാര്‍ മനുഷ്യത്വം പരിഗണിക്കണമെന്നും ജസ്റ്റിസുമാരായ മദന്‍ ബി ലോകൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങുന്ന ബഞ്ച് നിരീക്ഷിച്ചു.

37 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ഉത്തര്‍പ്രദേശ് സ്വദേശിയുടെ ജാമ്യ ഹരജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതി ശ്രദ്ധേയമായ നിരീക്ഷണം നടത്തിയത്. കേസില്‍ വിചാരണാ കോടതിയും അലഹബാദ് ഹൈക്കോടതിയും ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രതി സുപ്രീം കോടതിയെ സമീപിച്ചത്. ഏഴ് മാസത്തോളമായി ഇയാള്‍ പോലീസ് കസ്റ്റഡിയിലായിരുന്നു.
നീതി നിഷേധിച്ച് ദീര്‍ഘകാലം കസ്റ്റഡിയില്‍ വെക്കുന്നത് നീതിന്യായ വ്യവസ്ഥക്കോ സമൂഹത്തിനോ ഗുണകരമല്ല. പ്രതികള്‍ക്കെതിരെയുള്ള കുറ്റം തെളിയിക്കപ്പെടും വരെ നിരപരാധികളാണ്. എന്നാല്‍, സാഹചര്യങ്ങളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തില്‍ പ്രതിക്ക് ജാമ്യം നിഷേധിക്കേണ്ടിവരുന്ന അവസ്ഥയുണ്ടാകും. രാജ്യത്ത് ദീര്‍ഘകാലം തടവില്‍ കഴിയുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണെന്നും കോടതി വ്യക്തമാക്കി.
പ്രതിക്ക് ജാമ്യം നല്‍കുന്നതും നിരസിക്കുന്നതും ജഡ്ജിയുടെ അധികാരപരിധിയില്‍ വരുന്നതാണ്. സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും മുമ്പുള്ള വിധികള്‍ ഈ അധികാരത്തിന് കടിഞ്ഞാണിടുന്നുണ്ടെന്ന് ഓര്‍ക്കുകയും വേണമെന്ന് ബഞ്ച് വ്യക്തമാക്കി. അതുകൊണ്ടുതന്നെ ജാമ്യ ഹരജി പരിഗണിക്കുന്ന വേളയില്‍ അന്വേഷണത്തിനിടെയാണോ പ്രതി അറസ്റ്റിലാകുന്നത്, പ്രതി തെളിവുകള്‍ നശിപ്പിക്കുന്നതിന് ജാമ്യം സഹായകമാകുമോ, പ്രതി കുറ്റകൃത്യത്തിലേര്‍പ്പെടുന്നത് ആദ്യമായിട്ടാണോ, പ്രതിക്കെതിരെ മറ്റു കേസുകള്‍ തുടങ്ങിയ പ്രതിയുടെ പൂര്‍വകാലം, കുറ്റകൃത്യങ്ങളിലെ പങ്ക്, അന്വേഷണവുമായി സഹകരിക്കുന്ന രീതി, ദാരിദ്ര്യം തുടങ്ങിയ കാര്യങ്ങള്‍ പരിഗണിക്കണം.

പ്രതികളെ വിചാരണ തടവുകാരായി പാര്‍പ്പിക്കുന്നതിനെതിരെ സുപ്രീം കോടതി നേരത്തെയും വിമര്‍ശം ഉന്നയിച്ചിരുന്നു. വിചാരണ തടവുകാരുടെ കേസുകള്‍ വേഗത്തില്‍ പരിഗണിക്കുന്നതിന് വിചാരണാ കോടതികള്‍ക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇന്ത്യയില്‍ വിചാരണ തടവുകാരുടെ എണ്ണം വര്‍ധിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് വിവിധ റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയും വിഷയത്തില്‍ നിയമ നിര്‍മാണം നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.