Connect with us

Articles

വിചാരണ: കോടതിയെയും മാധ്യമങ്ങളെയും

Published

|

Last Updated

മാധ്യമ പ്രവര്‍ത്തകര്‍ ഏകപക്ഷീയമായ വാര്‍ത്തകള്‍ നല്‍കുകയും ഇഷ്ടമില്ലാത്തവരെ തേജോവധം ചെയ്യാന്‍ വാര്‍ത്തകള്‍ കെട്ടിച്ചമക്കുകയും ചെയ്യുന്നവരാണെന്നും വാദത്തിനിടെ ജഡ്ജിമാര്‍ നടത്തുന്ന അഭിപ്രായപ്രകടനങ്ങള്‍ പോലും കോടതിവിധിയാണെന്ന് റിപ്പോര്‍ട്ട് ചെയ്യാറുണ്ടെന്നുമുള്ളത് ഏറെക്കുറെ വ്യാപകമായ ആക്ഷേപമാണ്. ഇക്കാരണങ്ങളാല്‍ മാധ്യമങ്ങള്‍ അവരുടെ പ്രവര്‍ത്തനങ്ങളില്‍ സത്യ സന്ധത പുലര്‍ത്താന്‍ തയ്യാറാവണമെന്ന് ഉപദേശിച്ചവരുടെ കൂട്ടത്തില്‍ സുപ്രീം കോടതി ജഡ്ജിമാരും ഉള്‍പ്പെട്ടിരുന്നു.

അടുത്ത കാലത്തായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ തന്നെ ഏകപക്ഷീയവും കെട്ടിച്ചമച്ചതുമാണെന്ന് തിരിച്ചറിയാന്‍ പ്രയാസമില്ലായിരുന്നു. രാജ്യത്ത് അധികാരത്തിലിരുന്ന മിക്ക രാഷ്ട്രീയ പര്‍ട്ടികളും അവയുടെ നേതാക്കളും മന്ത്രിമാരുമെല്ലാം തന്നെ ഒന്നുകില്‍ വാര്‍ത്താ മാധ്യമങ്ങളുടെ പ്രഹരമേറ്റ് സ്ഥാനനഷ്ടം സംഭവിച്ചവരോ അതെല്ലങ്കില്‍ മാധ്യമങ്ങളുടെ അകമഴിഞ്ഞ പിന്തുണയില്‍ ഉന്നതങ്ങളിലെത്തിയിട്ടുള്ളവരോ ആണെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാക്കാവുന്നതാണ്. ഭരണാധികാരം തങ്ങളുടെ കുത്തകയാണെന്ന് ധരിച്ചിരുന്ന ദേശീയ പാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള സര്‍ക്കാറുകളെ സ്ഥാനഭ്രഷ്ടരാക്കുന്നതിനും ഭരണാധികാരമെന്ന മോഹം പോലും അബദ്ധമാണെന്ന് ധരിച്ചവരെ അധികാരത്തിലെത്തിച്ചതിനും മുന്‍ പരിചയവുമുള്ളവരാണ് മാധ്യമങ്ങള്‍ എന്ന് അനുഭവങ്ങളിലൂടെ ബോധ്യപ്പെട്ടവരാണ് രാഷ്ട്രീയക്കാരില്‍ അധികവും.

അടുത്ത കാലത്ത് പ്രധാനമന്ത്രിയെ മഹത്വവത്കരിച്ച് ലേഖനമെഴുതിയ പത്രപ്രവര്‍ത്തകന്‍ തന്റെ ലേഖനത്തെ കുറിച്ച് അഭിപ്രായപ്രകടനം നടത്തിയവരോട് പറഞ്ഞത് അതൊരു കൂലി എഴുത്തായിരുന്നു എന്നാണ്. “രാജ്യത്തെ മാധ്യമ രംഗത്ത് സ്ഥിര പ്രതിഷ്ഠരായ ചിലരെങ്കിലും തങ്ങളുടെ മേശപ്പുറത്ത് പണക്കെട്ടുകളുമായി ദര്‍ശനത്തിനെത്തുന്നവരുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് സത്യങ്ങളെ അസത്യങ്ങളായും നെറികേടുകളെ നന്മകളായും അവതരിപ്പിക്കുന്നതില്‍ മികവ് തെളിയിച്ചിട്ടുള്ളവരാണെന്ന ധാരണയെ ബലപ്പെടുത്തുന്നതായിരുന്നു പ്രധാനമന്ത്രിയെ പ്രകീര്‍ത്തിച്ച് ലേഖനമെഴുതിയ പത്രപ്രവര്‍ത്തകന്റെ കുമ്പസാരങ്ങള്‍. കൂലി എഴുത്തുകാരും സ്തുതി പാഠകരുമാണെന്ന് പൊതുജനം വിധിയെഴുതാതിരിക്കുന്നതിന് വേണ്ടി ജനപക്ഷവും വസ്തുതാപരവുമായ വാര്‍ത്തകള്‍ നല്‍കുന്നതിനും അത്തരം മാധ്യമ മുതലാളിമാര്‍ തയ്യാറാവാറുണ്ടെന്നത് വസ്തുതയാണ്.

ഏതൊരു രാജ്യത്തും വാര്‍ത്താ മാധ്യമങ്ങളുടെ പങ്കും സ്വാധീനവും ഏറെ വിലപ്പെട്ടത് തന്നെയാണ്. പല രാജ്യങ്ങളിലെയും ഏകാധിപതികളെ നിലനിര്‍ത്താന്‍ പരിശ്രമിച്ച് കൊണ്ടിരിക്കുന്ന മാധ്യമങ്ങളെ പോലെ തന്നെ ജനാധിപത്യ രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ പണാധിപത്യത്തിലേക്കും ഏകാധിപത്യത്തിലേക്കും തിരിഞ്ഞ് നടക്കുന്നതിന് തടയിടുന്നതിലും ആ രാജ്യത്തെ വാര്‍ത്താ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്കും ഏറെ വിലപ്പെട്ടത് തന്നെയാണ്. മതേതര ജനാധിപത്യ രാജ്യം എന്ന നിലയില്‍ ഭരണകൂടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ജനാധിപത്യ രീതിയിലായിരിക്കണമെന്നത് പോലെ പ്രധാനമാണ് നീതിന്യായ വ്യവസ്ഥയും അതിന്റെ അത്യുന്നത സംവിധാനമായ സുപ്രീം കോടതിയിലെ പ്രവര്‍ത്തനങ്ങളും ജനാധിപത്യപരമായിരിക്കണമെന്നതും. ഭരണ നേതൃത്വങ്ങളുടെ ഏകാധിപത്യ നടപടികളെയും ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങളെയും പരമോന്നത നീതിപീഠങ്ങള്‍ ഉള്‍പ്പെടെ വിമര്‍ശിച്ചിട്ടുള്ളത് പോലെ  തന്നെ നീതിന്യായ സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ജനഹിതമെല്ലന്നും ഏകാധിപത്യപരമാണെന്നും സംശയമുയര്‍ന്ന സന്ദര്‍ഭങ്ങളുമുണ്ടായിട്ടുണ്ട്. ഈ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവെങ്കിലും അത്തരം വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുന്നതിന് പകരം കോടതി അലക്ഷ്യം എന്ന വജ്രായുധം ഉയര്‍ത്തിക്കാണിച്ച് ന്യായാധിപന്‍മാര്‍ തങ്ങള്‍ക്കെതിരായി ഉയര്‍ന്നുവരാറുള്ള വിമര്‍ശനങ്ങളെ അമര്‍ച്ച ചെയ്യുന്നതാണ് കാണാന്‍ കഴിഞ്ഞിരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സുപ്രീം കോടതിയില്‍ നിന്നുണ്ടായ വിധിയെ കുറിച്ച് തനിക്ക് ന്യായമെന്ന് ബോധ്യപ്പെട്ട അഭിപ്രായം വാര്‍ത്താ മാധ്യമങ്ങളിലൂടെ പറഞ്ഞതിന്റെ പേരില്‍ കോടതി അലക്ഷ്യ നടപടിക്ക് വിധേയനാവേണ്ടി വന്നിരുന്ന ജസ്റ്റിസ് കൃഷണയ്യരും(പ്രായാധിക്യം പരിഗണിച്ച് കൊണ്ട് അദ്ദേഹത്തെ ജയില്‍ശിക്ഷയില്‍ നിന്ന് ഒഴിവാക്കിയിരുന്നു) ഏതാനും ജഡ്ജിമാരെ വിമര്‍ശിച്ചതിന് ജസ്റ്റിസ് കര്‍ണനും  ആറ് മാസത്തെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്നു. ഭരണാധികാരികള്‍ക്കെതിരായി അഴിമതി ആരോപണങ്ങള്‍ ഉന്നയിക്കപ്പെടുകയും അന്വേഷണ ഉദ്യോഗസ്ഥര്‍ കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി മുമ്പാകെ തെളിവുകള്‍ സഹിതം വിവരങ്ങള്‍ ഹാജരാക്കുകയും ചെയ്തിട്ടുള്ള നിരവധി കേസുകളില്‍ നീണ്ട വര്‍ഷങ്ങളിലെ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ നിരപരാധിയാണെന്ന്  കണ്ടെത്തി അവരെ കുറ്റവിമുക്തരായി പഖ്യാപിച്ച സന്ദര്‍ഭങ്ങളില്‍ നീതിന്യായ സംവിധാനങ്ങള്‍ക്കെതിരായി ശക്തമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്ന് വന്നിരുന്നതെങ്കിലും വിമര്‍ഷകര്‍ പൊതുജനങ്ങളായതിനാല്‍ മാത്രമാണ് കോടതിയലക്ഷ്യ നടപടികള്‍ ഉണ്ടാവാതിരുന്നതെന്നാണ് ജനങ്ങള്‍ കരുതുന്നത്. ന്യായാധിപന്‍മാര്‍ക്കെതിരായി വിമര്‍ശനങ്ങളും ആരോപണങ്ങളുമെല്ലാം ഉയര്‍ന്ന് വന്നിരുന്നുവെങ്കിലും മാധ്യമങ്ങള വിളിച്ചുകുട്ടി അവര്‍ക്ക് മുമ്പാകെ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരായി സുപ്രീം കോടതിയിലെ തന്നെ മുതിര്‍ന്ന നാല്ജഡ്ജിമാര്‍ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ തയ്യാറായത് ഇന്ത്യന്‍ ജുഡീഷ്യറിയുടെ  ചരിത്രത്തിലെ ആദ്യ സംഭവമായിട്ടാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്. സുപ്രീം കോടതിയുടെ പ്രവര്‍ത്തനം കഴിഞ്ഞ കുറച്ചു കാലമായി താളം തെറ്റിയാണ് മുന്നോട്ട് പോവുന്നതെന്നും ജനാധിപത്യം സംരക്ഷിക്കപ്പെടുന്നില്ലെന്നും ചീഫ് ജസ്റ്റിസ് തന്നിഷ്ടപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നുമെല്ലാമുള്ള ആരോപണങ്ങളാണ് ജഡ്ജിമാര്‍ പരസ്യമായി പറഞ്ഞത്. ഇത്തരം ആരോപണങ്ങള്‍ തന്നെയാണ് ഇതിന് മുമ്പ് ചില ഭരണാധികാരികളും രാഷ്ട്രീയ നേതാക്കളും പൊതുജനങ്ങളും വിളിച്ച് പറഞ്ഞിരുന്നത്. രാജീവ് ഗാന്ധിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട പേരറിവാളന്‍ എന്ന കൗമാരക്കാരന്‍ വിചാരണാ വേളയില്‍ തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്തുന്നതിന് വേണ്ടി ന്യായാധിപന്‍മാര്‍ക്ക് മുമ്പാകെ തുറന്ന് പറഞ്ഞ കാര്യങ്ങളൊന്നും കണക്കിലെടുക്കാതെ അദ്ദേഹത്തെ കുറ്റക്കാരനെന്ന് കണ്ടെത്തി ആജീവനാന്ത തടവ് ശിക്ഷ നല്‍കി വിധി പ്രസ്താവമുണ്ടായ സന്ദര്‍ഭത്തിലും (രാജീവ് ഗാന്ധി വധക്കേസില്‍ പെട്ടവര്‍ക്ക് തന്റെ പക്കലുള്ള രണ്ട് ബേറ്ററികള്‍ നല്‍കിയതിന്റെ പേരിലാണ് പേരറിവാളനെ സി ബി ഐ പ്രതി പട്ടികയില്‍ ചേര്‍ത്തിരുന്നത്.) പാര്‍ലിമെന്റിന് നേരെയുണ്ടായ ആക്രമണത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട അഫ്‌സല്‍ ഗുരു എന്ന കശ്മീരിയെ തൂക്കി കൊല്ലാന്‍ വിധിച്ചതിനെ തുടര്‍ന്ന് ജയിലിലേക്ക് കൊണ്ട് പോകുന്നതിനിടയില്‍ തന്റെ വാക്കുകള്‍ കേള്‍ക്കുന്നതിന് തയ്യാറാകാതെ തനിക്കെതിരായി  ഏകപക്ഷീയവും മുന്‍ വിധിയോടെയുമാണ് ശിക്ഷ വിധിച്ചതെന്നു വാര്‍ത്താ മാധ്യമങ്ങള്‍ക്ക് മുമ്പാകെ കൈകൂപ്പി പറഞ്ഞ സന്ദര്‍ഭത്തിലും ജനങ്ങള്‍ പരമോന്നത നീതിപീഠങ്ങള്‍ക്കെതിരായി രംഗത്ത് വരാന്‍ ധൈര്യപ്പെട്ടിരുന്നു എന്നത് നിലവിലെ സാഹചര്യത്തില്‍ ചര്‍ച്ച ചെയ്യേണ്ടത് തന്നെയാണ്. ജനാധിപത്യ സ്വതന്ത്ര ഇന്ത്യയില്‍ ഭരണകൂടം എകപക്ഷീയവും ജനാധിപത്യവിരുദ്ധവുമായ സമീപനങ്ങളുമായി മുന്നോട്ട് പോവാനുള്ള ശ്രമങ്ങളിലേര്‍പ്പെട്ട് കൊണ്ടിരിക്കുന്ന വര്‍ത്തമാന സാഹചര്യത്തില്‍ ജനങ്ങള്‍ ഏറെ പ്രതീക്ഷയോടെ സമീപിക്കാറുള്ള നീതിപീഠങ്ങളില്‍ ജനാധിപത്യം സംരക്ഷിക്കപ്പെടുന്നില്ലെന്ന മുതിര്‍ന്ന ജഡ്ജിമാരുടെ വെളിപ്പെടുത്തലുകള്‍ രാജ്യത്തെ ജനാധിപത്യ സമൂഹം അതീവ ഗൗരവത്തോടെ കാണേണ്ടത് തന്നെയാണ്. ന്യായാധിപരെ പോലും പണവും അധികാരവും ഉപയോഗിച്ച് തങ്ങള്‍ക്കനുകൂലമാക്കാന്‍ ശേഷിയുള്ളവരായി അധികാര വര്‍ഗം ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന നിലവിലെ അവസ്ഥയില്‍ ന്യായാധിപന്‍മാര്‍ക്കെതിരായ അഴിമതി ആരോപണങ്ങളെ കോടതിയലക്ഷ്യമെന്ന ആയുധം കാട്ടി തളച്ചിടുന്നതിന് പകരം, ജഡ്ജിമാരെക്കുറിച്ച് ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളില്‍ അന്വേഷണം നടത്താനും അതോടൊപ്പം അത്തരം സന്ദര്‍ഭങ്ങളില്‍ കോടതിയലക്ഷ്യമെന്ന കുറ്റം ചുമത്തുന്നത് ഒഴിവാക്കാനും തയ്യാറായെങ്കില്‍ മാത്രമേ തെറ്റുകള്‍ കണ്ടിട്ടും ജഡ്ജിമാര്‍ നിശ്ശബ്ദരായിരുന്നുവെന്ന് വിവേകമുള്ളവര്‍ കുറ്റപ്പെടുത്താന്‍ ഇടവരാതിരിക്കുകയുള്ളൂ.

 

Latest