നടി ആക്രമിക്കപ്പെട്ട കേസ്: ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട ദിലീപിന്റെ ഹരജിയില്‍ വിധി ഇന്ന്

Posted on: February 7, 2018 9:39 am | Last updated: February 7, 2018 at 12:17 pm

അങ്കമാലി: കൊച്ചിയില്‍ യുവനടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് എട്ടാം പ്രതിയായ നടന്‍ ദിലീപ് നല്‍കിയ ഹരജിയില്‍ കോടതി ഇന്ന് വിധി പറയും. കേസില്‍ എല്ലാ പ്രതികളും ഇന്ന് അങ്കമാലി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകണം. വിചാരണ കോടതിയിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് കേസിലെ ദീലീപ് ഉള്‍പ്പടെയുള്ള പ്രതികളോട് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതെന്നാണ് നിഗമനം.

കുറ്റപത്രത്തിനൊപ്പം പോലീസ് നല്‍കിയ രേഖകള്‍ ആവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ വിചാരണ സമയത്ത് സമര്‍പ്പിക്കുന്ന രേഖകളുടെയും തെളിവുകളുടെയും പട്ടിക നല്‍കാന്‍ കോടതി പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതു പ്രകാരം ഗൗരവ സ്വഭാവമുള്ള ചില രേഖകള്‍ ഒഴികെ മറ്റുള്ളവ പോലീസ് പ്രതിഭാഗത്തിന് കൈമാറിയിട്ടുണ്ട്. മൊഴിപകര്‍പ്പുകള്‍, വിവിധ പരിശോധനാ ഫലങ്ങള്‍, സിസിടിവി ദൃശ്യങ്ങള്‍, ഫോണ്‍ വിളി വിവരങ്ങള്‍ തുടങ്ങിയവയാണ് നല്‍കിയത്. ഇവ പരിശോധിച്ച് ഉറപ്പു വരുത്താന്‍ പ്രതിഭാഗത്തിന് ഇന്നു വരെ സമയം അനുവദിച്ചിട്ടുണ്ട്. കേസിലെ എല്ലാ പ്രതികള്‍ക്കും കുറ്റപത്രം കൈമാറിയിട്ടുള്ളതാണ്.

ഈ കേസുമായി ബന്ധപ്പെട്ട് അങ്കമാലി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ അധികാര പരിധിയിലുള്ള ഹരജികളില്‍ തീര്‍പ്പായാല്‍ ഇന്നു തന്നെ ഈ കേസ് വിചാരണക്കോടതിയിലേക്ക് അയക്കാനുള്ള നടപടി അങ്കമാലി കോടതിയില്‍ നിന്നുണ്ടായേക്കും. ഇതിനിടയില്‍ കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് പ്രത്യേക വിചാരണ കോടതിക്കുള്ള നീക്കങ്ങളും പോലീസിന്റെ ഭാഗത്തു നിന്നുണ്ട്. പ്രമുഖര്‍ ഉള്‍പ്പെട്ട കേസായതിനാല്‍ നീണ്ടു പോയാല്‍ അട്ടിമറിക്കുവാന്‍ സാധ്യതയുള്ളതുകൊണ്ടാണ് പ്രത്യേക കോടതി വേണമെന്ന വാദവുമായി പോലീസ് നീങ്ങുന്നത്.