Connect with us

Gulf

യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധന; ദുബൈ വിമാനത്താവളം ലോകത്ത് ഒന്നാമത്

Published

|

Last Updated

ദുബൈ: അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ ദുബൈ വിമാനത്താവളം ലോകത്ത് ഒന്നാമതായി. കഴിഞ്ഞ വര്‍ഷം 8.82 കോടി യാത്രക്കാരാണ് ദുബൈ വിമാനത്താവളംവഴി വിദേശങ്ങളില്‍ നിന്നും തിരിച്ചും പറന്നതെന്ന് അധികൃതര്‍ അറിയിച്ചു. ദുബൈ എയര്‍പോര്‍ട്ട് അധികൃതരാണ് കഴിഞ്ഞ ദിവസം കണക്കുകള്‍ പുറത്തുവിട്ടത്.

കഴിഞ്ഞ വര്‍ഷത്തെ ഓരോ മാസത്തിലെ ശരാശരി യാത്രക്കാരുടെ എണ്ണം 73 ലക്ഷമാണ്. ജനുവരി, ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ യാത്രക്കാരുടെ എണ്ണം 80 ലക്ഷം കടന്നിരുന്നു. 5.5 ശതമാനം യാത്രക്കാരുടെ വളര്‍ച്ചയാണ് 2016നെ അപേക്ഷിച്ചു കഴിഞ്ഞ വര്‍ഷം ഉണ്ടായത്. അവസാന മാസമായ ഡിസംബറില്‍ മാത്രം 78 ലക്ഷം യാത്രക്കാരെയാണ് വിമാനത്താവളം സ്വീകരിച്ചതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 1.9 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഡിസംബറില്‍ ഉണ്ടായത്.

കഴിഞ്ഞ വര്‍ഷം ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ആറ് പുതിയ വിമാന കമ്പനികളാണ് സര്‍വീസുകള്‍ ആരംഭിച്ചത്. എമിറേറ്റ്‌സ്, ഫ്‌ളൈ ദുബൈ എന്നിവ യഥാക്രമം മൂന്ന്, 10 സര്‍വീസുകളാണ് ആരംഭിച്ചത്.

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ പറന്നതും തിരിച്ചെത്തിയതുമായ യാത്രക്കാര്‍ ഇന്ത്യയില്‍ നിന്നാണ്. 1.20 കോടി യാത്രികരുമായി ഇന്ത്യ ഒന്നാം സ്ഥാനത്തുണ്ട്. യു കെയാണ് യാത്രക്കാരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്. 2016നെ അപേക്ഷിച്ചു ഇന്ത്യന്‍ യാത്രികരുടെ എണ്ണം 5.4 ശതമാനം വര്‍ധിച്ചിട്ടുണ്ട്.

ഓണ്‍ അറൈവല്‍ വിസാ സമ്പ്രദായം നടപ്പിലാക്കിയതോടെ റഷ്യ, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. യഥാക്രമം 28, 19.4 ശതമാനം എന്നിങ്ങനെയാണ് യാത്രക്കാരുടെ വളര്‍ച്ച. തായ്‌ലാന്‍ഡിലേക്ക് എ 380 ഗണത്തില്‍ പെടുന്ന വിമാനങ്ങള്‍ സര്‍വീസ് ആരംഭിച്ചതോടെ മേഖലയില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണത്തിലും കഴിഞ്ഞ വര്‍ഷം വര്‍ധനവുണ്ടായെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
ലണ്ടനിലേക്കാണ് ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ പറന്നതും തിരിച്ചുപറന്നതും. 40 ലക്ഷത്തിലധികം യാത്രക്കാരുടെ വളര്‍ച്ചയാണ് ലണ്ടനിലേക്കും തിരിച്ചുമുണ്ടായത്. 24.77 ലക്ഷം യാത്രക്കാരുമായി മുംബൈ നഗരം തൊട്ടു പിറകിലുണ്ട്.

വിസ്തൃതമായ ഘടനയോടെയുള്ള വിമാനങ്ങള്‍ കൂടുതല്‍ സര്‍വീസിന് ഉപയോഗിക്കുകവഴി കഴിഞ്ഞ വര്‍ഷം വിമാനങ്ങളില്‍ ശരാശരി 223 പേര്‍ യാത്ര ചെയ്തുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്. ദുബൈ ആസ്ഥാനമായി സര്‍വീസ് നടത്തുന്ന എമിറേറ്റ്‌സ് എയര്‍ലൈന്‍ നൂറിലധികം എ 380 വിമാനങ്ങളാണ് സര്‍വീസുകള്‍ക്ക് ഉപയോഗിക്കുന്നത്.

അതേസമയം, 2.4 ശതമാനത്തിന്റെ കുറവാണ് 2016നെ അപേക്ഷിച്ച് സര്‍വീസ് രംഗത്ത് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ദുബൈ വിമാനത്താവളത്തില്‍ നിന്നും തിരിച്ചും 409,493 വിമാനങ്ങളാണ് സര്‍വീസ് നടത്തിയതെങ്കില്‍ 2016ല്‍ 419,654 ആയിരുന്നു സര്‍വീസുകളുടെ എണ്ണം.

2.4 ശതമാനത്തിന്റെ വളര്‍ച്ചയാണ് കാര്‍ഗോ സേവനങ്ങളില്‍ ഉണ്ടായത്. 26.54 ടണ്‍ കാര്‍ഗോ വസ്തുക്കളാണ് കഴിഞ്ഞ വര്‍ഷം ദുബൈ വിമാനത്താവളംവഴി കൈകാര്യം ചെയ്തതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
യാത്രക്കാരുടെ എണ്ണത്തില്‍ മാത്രമല്ല അത്യാധുനിക സംവിധാനങ്ങളോടെ മികച്ച സേവനങ്ങള്‍ ഒരുക്കി യാത്രക്കാരുടെ മനം കവരുന്നതിനും ദുബൈ വിമാനത്താവള ജീവനക്കാര്‍ മുന്‍പന്തിയിലുണ്ട്. യാത്രക്കാരുടെ സംതൃപ്തിയിലും ദുബൈ വിമാനത്താവളത്തിന് മികച്ച സ്ഥാനം നിലനിര്‍ത്താനായിട്ടുണ്ട്. വിമാനത്താവളത്തിലൂടെ കടന്ന് പോകുന്ന യാത്രക്കാര്‍ക്ക് ലഭ്യമാക്കുന്ന വിവിധ സേവനങ്ങള്‍ ആധുനികവല്‍കരിക്കുന്നതിലൂടെ സമയ ലാഭവും കൈവരിക്കാനാവുന്നുണ്ട്. ലോകോത്തര വൈഫൈ സംവിധാനത്തിലൂടെ യാത്രക്കാര്‍ക്ക് തങ്ങളുടെ ഉറ്റവരുമായും വ്യാപാര ആവശ്യങ്ങള്‍ക്കുള്ളതുമായ ബന്ധങ്ങളും പുലര്‍ത്താന്‍ വഴിയൊരുക്കുന്നതിലൂടെ ദുബൈ വിമാനത്താവളത്തിന്റെ പുരോഗതി വേഗത കൈവരിച്ചുവെന്ന് എയര്‍പോര്‍ട്‌സ് സി ഇ ഒ പോള്‍ ഗ്രിഫിത്‌സ് പറഞ്ഞു.

 

---- facebook comment plugin here -----

Latest