Connect with us

Gulf

അറബ് യുവതയെ ശാക്തീകരിക്കാന്‍ അബുദാബിയില്‍ കേന്ദ്രം

Published

|

Last Updated

അബുദാബി: അറബ് യുവതയുടെ ബുദ്ധി വൈഭവവും പ്രാഗത്ഭ്യവും പരിപോഷിപ്പിക്കാന്‍ അബുദാബിയില്‍ സ്ഥാപിച്ച അറബ് യുവ കേന്ദ്രം യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ഉദ്ഘാടനം ചെയ്തു.

ഇരുപതിലധികം നിര്‍മാണാത്മക വിഭാഗങ്ങള്‍ ഉള്‍പെടുത്തി 2,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലാണ് കേന്ദ്രം. സാങ്കേതിക വിദ്യ, വാണിജ്യം, ശാസ്ത്രം, സാഹിത്യം, ആശയവിനിമയം തുടങ്ങി വിവിധ പ്രസാധകരുടെ പുസ്തകങ്ങള്‍ ഉള്‍കൊള്ളിച്ച ഗ്രന്ഥശാലയും കേന്ദ്രത്തിലുണ്ട്.

ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് സൈഫ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ അഫയേഴ്‌സ് മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, യുവജനക്ഷേമ മന്ത്രി ശമ്മ ബിന്‍ത് സുഹൈല്‍ ഫാരിസ് അല്‍ മസ്‌റൂഇ, മന്ത്രിസഭാകാര്യ-ഭാവികാര്യ മന്ത്രി മുഹമ്മദ് അബ്ദുല്ല അല്‍ ഗര്‍ഗാവി തുടങ്ങിയവരും ഉദ്ഘാടനച്ചടങ്ങില്‍ സംബന്ധിച്ചു.

യുവസമൂഹത്തെ ശാക്തീകരിക്കുകയും കഴിവുകള്‍ വികസിപ്പിക്കുയും ചെയ്യേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. ഭാവിയെ പടുത്തുയര്‍ത്തേണ്ടവരാണ് അവരെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. യുവസമൂഹം അപരിമിതരാണ്. സമൂഹത്തിന്റെ ഉന്നതിക്കായുള്ള നേട്ടങ്ങള്‍ കൈവരിക്കാനുള്ള അവരുടെ ഊര്‍ജത്തില്‍ വിശ്വാസ്യമുണ്ട്. യുവതയുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ നിശ്ചയദാര്‍ഢ്യവും അര്‍പണബോധവുമുള്ളവരായി അവരെ വാര്‍ത്തെടുക്കേണ്ടത് നമ്മുടെ ആവശ്യമാണ്. മികച്ച ഒരു നാളെയെ സൃഷ്ടിച്ചെടുക്കേണ്ടവരാണ് യുവസമൂഹമെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി.

യുവശാക്തീകരണത്തിന്റെ ആഗോള മാതൃകയായി യു എ ഇ മാറിയിരിക്കുകയാണെന്ന് മന്ത്രി ശമ്മ പറഞ്ഞു. സര്‍വ മേഖലയിലും തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ യുവതയെ പ്രാപ്തരാക്കാന്‍ കേന്ദ്രത്തിനാകുമെന്നും അവര്‍ വ്യക്തമാക്കി.

വിവിധ മേഖലകളില്‍ നിന്നുള്ള 30 വയസിന് താഴെയുള്ളവരാണ് കേന്ദ്രത്തിന്റെ നടത്തിപ്പിനായി പ്രവര്‍ത്തിക്കുന്നത്.

 

Latest