അയോഗ്യരായ എം എല്‍ എമാരുടെ ഭാഗം കേള്‍ക്കാന്‍ ബാധ്യതയില്ല: തിര. കമ്മീഷന്‍

Posted on: February 5, 2018 9:20 am | Last updated: February 5, 2018 at 12:26 pm

ന്യൂഡല്‍ഹി: ഇരട്ടപ്പദവി വിഷയത്തില്‍ അയോഗ്യരാക്കപ്പെട്ട എ എ പി. എം എല്‍ എമാരുടെ ഭാഗം കേള്‍ക്കാന്‍ തങ്ങള്‍ക്ക് ബാധ്യതയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍. നിയമസഭാംഗത്വം റദ്ദാക്കിയ നടപടി നിയമവിരുദ്ധമാണെന്ന എ എ പി അംഗങ്ങളുടെ വാദം നിലനില്‍ക്കില്ലെന്നും ഹരജി തള്ളണമെന്നും കമ്മീഷന്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ചന്ദ്രശേഖര്‍ എന്നിവരങ്ങിയ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഈ മാസം ഏഴിനാണ് ഹരജിയില്‍ കോടതി അടുത്ത വാദം കേള്‍ക്കുക.

പ്രസിഡന്റ് രാം നാഥ് കോവിന്ദ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശിപാര്‍ശയില്‍ ഒപ്പുവെച്ചതോടെ ശിപാര്‍ശയെ ചോദ്യം ചെയ്യുന്നത് അര്‍ഥശൂന്യമായെന്നും കമ്മീഷന്‍ കോടതിയില്‍ വാദിച്ചു. പ്രസിഡന്റിന്റെ തീരുമാനത്തെ എ എ പി. എം എല്‍ എമാര്‍ കോടതിയില്‍ ചോദ്യം ചെയ്തിട്ടില്ലെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. പാര്‍ലിമെന്ററി സെക്രട്ടറിമാരായി നിയമിതരാകുകയും പ്രതിഫലം പറ്റുകയും ചെയ്ത 20 എം എല്‍ എമാരെ അയോഗ്യരാക്കണമെന്ന ശിപാര്‍ശയില്‍ ഉറച്ച് നില്‍ക്കുകയാണെന്നും കമ്മീഷന്‍ വ്യക്തമാക്കി. എം എല്‍ എമാരുടെ വാദം കേള്‍ക്കാന്‍ അവസരം നല്‍കിയില്ലെന്നത് തെറ്റായ വാദമാണ്. നിരവധി തവണ അവരോട് വിശദീകരണം തേടിയിട്ടുണ്ട്. അതുവഴി അവര്‍ക്ക് സ്വാഭാവിക നീതി ഉറപ്പാക്കുകയും ചെയ്തു. എന്നാല്‍ നിരുത്തരവാദപരമായ പ്രതികരണമാണ് അവര്‍ നടത്തിയത്. രാഷ്ട്രപതിക്ക് ശിപാര്‍ശ അയക്കും മുമ്പ് എം എല്‍ എമാരോട് നേരിട്ട് പ്രതികരണമാരായാന്‍ ബാധ്യതയില്ലെന്നും കമ്മീഷന്‍ സത്യവാങ്മൂലത്തില്‍ വാദിച്ചു.

ജനുവരി 19നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ 20 എ എ പി. എം എല്‍ എമാരെ അയോഗ്യരാക്കാന്‍ ശിപാര്‍ശ ചെയ്തത്. തുടര്‍ന്ന് രാഷ്ട്രപതി ശിപാര്‍ശ അംഗീകരിച്ചു. അയോഗ്യരായ എട്ട് എം എല്‍ എമാരാണ് ഹൈക്കോടതിയെ സമീപിച്ചത്. ജനുവരി 29ന് ഹരജി ഡിവിഷന്‍ ബഞ്ചിന് വിടുകയായിരുന്നു.