റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്കായി യു എ ഇ ഡോക്ടര്‍മാരുടെ ക്ലിനിക്

Posted on: February 3, 2018 8:57 pm | Last updated: February 3, 2018 at 8:57 pm

ദുബൈ: റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്കായി യു എ ഇ ഡോക്ടര്‍മാരുടെ ക്ലിനിക് പ്രവര്‍ത്തനമാരംഭിക്കുന്നു. ബംഗ്ലാദേശിലെ കോക്‌സ് ബസാറില്‍ ഒരുക്കിയിട്ടുള്ള അഭയാര്‍ഥി ക്യാമ്പിലാണ് സായിദ് ഹ്യുമാനിറ്റേറിയന്‍ ഫീല്‍ഡ് ഹോസ്പിറ്റലിന്റെ (ഇസഡ് എച്ച് എഫ് എച്ച്) കീഴിലുള്ള ഉന്നത ഡോക്ടര്‍മാര്‍ ക്ലിനിക്ക് സേവനമൊരുക്കുക. സാംക്രമിക രോഗങ്ങള്‍ക്കുള്ള ചികിത്സയും അഭയാര്‍ഥികളുടെ ആരോഗ്യസ്ഥിതി പരിശോധിച്ച് ആവശ്യമായ പരിചരണ സംവിധാനങ്ങളുമാണ് ക്ലിനിക്കില്‍ ഒരുക്കുക.

ആദ്യമായാണ് അഭയാര്‍ഥി ക്യാമ്പില്‍ പ്രത്യേകമായി യു എ ഇ ഡോക്ടര്‍മാരുടെതായ ക്ലിനിക് ആരംഭിക്കുന്നത്. ഹൃദയ, നെഞ്ച്, ത്വക്ക് രോഗങ്ങള്‍ക്കായാണ് പ്രത്യേകമായി ക്ലിനിക്ക് സംവിധാനം ആരംഭിച്ചിട്ടുള്ളത്. വൈകാതെ കൂടുതല്‍ സംവിധാനങ്ങളോടെ വിപുലമായ ക്ലിനിക്കുകള്‍ വിവിധ ചികിത്സാ ശാഖകള്‍ക്ക് ആരംഭിക്കും. യു എ ഇ ഡോക്ടര്‍മാര്‍ സന്നദ്ധ സേവനത്തിന് മികച്ച മാതൃകയാണ്.

അത്യാധുനികമായ സൗകര്യങ്ങളോടെ ആരംഭിച്ച ക്ലിനിക്കുകളില്‍ ഇതുവരെ 12,000 കുട്ടികളെയും മുതിര്‍ന്നവരെയും വിവിധ രോഗങ്ങള്‍ക്ക് ചികിത്സ നല്‍കി ആശ്വസിപ്പിക്കാനായതായി ഇസഡ് എച്ച് എഫ് എച്ചിനു കീഴിലെ ഹ്യുമാനിറ്റേറിയന്‍ അംബാസിഡര്‍ റീം ഉസ്മാന്‍ പറഞ്ഞു. യു എ ഇ റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്കായി നല്‍കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പ്രത്യേക ക്ലിനിക് സംവിധാനങ്ങള്‍ ആരംഭിച്ചതെന്ന് സായിദ് ഗിവിംഗ് ഇനിഷ്യേറ്റിവ് സി ഇ ഒ ഡോ. ആദില്‍ അല്‍ ശംരി പറഞ്ഞു.