നൂതനാശയ മാസാചാരണത്തിനു തുടക്കം

Posted on: February 3, 2018 8:39 pm | Last updated: February 3, 2018 at 8:39 pm

അല്‍ ഐന്‍: ഈ മാസം ഏഴു വരെ നടക്കുന്ന അബുദാബി ഡിപ്പാര്‍ട്‌മെന്റ് ഓഫ് എഡ്യൂക്കേഷന്‍ ആന്‍ഡ് നോളേജിന്റെ ആഭിമുഖ്യത്തില്‍ യു എ ഇ യില്‍ ആചരിക്കുന്ന നൂതനാശയ പരിപാടികള്‍ക്ക് അല്‍ ഐനിലും തുടക്കം. അല്‍ ഐനിലെ വിവിധ മാളുകള്‍ കേന്ദ്രീകരിച്ചാണ് പരിപാടികള്‍.

ബവാദി മാള്‍, അല്‍ ജീമി മാള്‍, അല്‍ ഐന്‍ മാള്‍ എന്നിവിടങ്ങളിലാണ് അല്‍ ഐനില്‍ വിവിധ പരിപാടികള്‍ നടക്കുന്നത്. വിദ്യാര്‍ഥികളില്‍ ശാസ്ത്ര അവബോധം വര്‍ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇന്നോവേഷന്‍ മാസാചാരണം നടത്തുന്നത്. അബുദാബിയില്‍ കോര്‍ണിഷിലാണ് പ്രധാന പരിപാടികള്‍ നടക്കുന്നത്.

അല്‍ ഐനിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് പ്രധാനമായും പങ്കെടുന്നത്. അധ്യാപകരോടൊപ്പം വിദ്യാര്‍ഥികള്‍ സംഘമായി എത്തിയാണ് പരിപാടികളില്‍ സംബന്ധിക്കുന്നത്.

രാവിലെ ഒന്‍പതു മുതല്‍ ഉച്ചക്ക് ഒന്നു വരെയും രണ്ടിന് ആരംഭിച്ചു രാത്രി 10ന് അവസാനിക്കുകയും ചെയ്യുന്ന തരത്തിലാണ് പരിപാടികള്‍. ഉച്ചവരെയുള്ള സെഷനുകളില്‍ അല്‍ ഐനിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്. ഓരോ സ്‌കൂളുകള്‍ക്കും വിവിധ സമയങ്ങളിലാണ് പരിപാടികളില്‍ സംബന്ധിക്കാനുള്ള അവസരങ്ങള്‍ ഒരുക്കിയിട്ടുള്ളത്. നല്ല പങ്കാളിത്തമാണ് അനുഭവപ്പെടുന്നത്.