മത്സരത്തിനിടെ സ്റ്റേഡിയത്തിലെ തട്ടുകട ശ്രദ്ധേയമായി

ഷാര്‍ജ
Posted on: February 3, 2018 8:22 pm | Last updated: February 3, 2018 at 8:22 pm

ക്രിക്കറ്റ് മത്സരത്തിനിടെ സ്റ്റേഡിയത്തില്‍ മലയാളി ഒരുക്കിയ നാടന്‍ തട്ടുകട ജനശ്രദ്ധയാകര്‍ഷിച്ചു. ദൈദ് സ്റ്റേഡിയത്തിലാണ് തട്ടുകട ഒരുക്കിയത്. ആലൂര്‍ യു എ ഇ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെയാണ് കാസര്‍കോട് മൂലടുക്കം സ്വദേശി മൊയ്തീന്റെ നേതൃത്വത്തില്‍ തനി നാടന്‍ വിഭവങ്ങളുമായി തട്ടുകട തയ്യാറാക്കിയത്.

കലത്തപ്പം, സോജി, നെയ്യപ്പം, ഓംലെറ്റ്, പൊറോട്ട, ബിരിയാണി തുടങ്ങി മിക്ക വിഭവങ്ങളും തട്ടുകടയില്‍ ഒരുക്കിയിരുന്നു. ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന വിഭവങ്ങള്‍ തത്സമയം തയ്യാറാക്കിക്കൊടുക്കുകയായിരുന്നു. സൗജന്യമായിട്ടായിരുന്നു വിതരണം. മലയാളികളടക്കം നിരവധിയാളുകളാണ് ഒരു പകല്‍ മുഴുവന്‍ നീണ്ടുനിന്ന ക്രിക്കറ്റ് മത്സരം കാണാനെത്തിയിരുന്നത്. ഇവര്‍ക്കൊക്കെയും നാടന്‍ വിഭവങ്ങള്‍ വേണ്ടുവോളം വിളമ്പി.

പ്രവാസലോകത്തെ ആധുനിക ഭക്ഷണം കഴിച്ച് മടുത്ത മലയാളികളടക്കമുള്ളവര്‍ക്ക് നാടന്‍ ഭക്ഷണം ഏറെ സംതൃപ്തി നല്‍കി. നാട്ടിന്‍പ്രദേശത്തുകാരുടെ കളിക്കിടെ നാടന്‍ ഭക്ഷണം വിളമ്പി നാട്ടുകാരുള്‍പെടെയുള്ളവരെ തൃപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു തട്ടുകട ഒരുക്കിയതെന്ന് സംഘാടകര്‍ പറഞ്ഞു.
ഒന്‍പതു വര്‍ഷത്തോളമായി യു എ ഇയില്‍ വിവിധ ഭാഗങ്ങളില്‍ ജോലി നോക്കുന്ന മൊയ്തീന്‍ മികച്ച പാചകക്കാരനാണ്. ഏതുതരം ഭക്ഷണം തയ്യാറാക്കാനും മൊയ്തീന് നന്നായി അറിയാം. ഇപ്പോള്‍ കല്‍ബയില്‍ മെസ്സ് നടത്തിപ്പുകാരനാണ്.