കേന്ദ്രബജറ്റിലെ പ്രഖ്യാപനങ്ങള്‍ തട്ടിപ്പ് മാത്രമാണെന്ന് സീതാറാം യെച്ചൂരി

Posted on: February 3, 2018 6:48 pm | Last updated: February 3, 2018 at 8:47 pm

ന്യൂഡല്‍ഹി: ആരോഗ്യ രംഗത്തെ പരിരക്ഷയുള്‍പ്പടെയുള്ള കേന്ദ്രബജറ്റിലെ പ്രധാനപ്രഖ്യാപനങ്ങളെല്ലാം വെറും തട്ടിപ്പ് മാത്രമാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി . തട്ടിപ്പ് സാമ്പത്തികശാസ്ത്രമാണ് മോഡിസര്‍ക്കാരിന്റേത്. തെരഞ്ഞെടുപ്പിനു മുന്നോടിയായ ബജറ്റില്‍ ഇതിന്റെ തീവ്രത കൂടി. ആരോഗ്യപരിരക്ഷപദ്ധതി വിഭാവന ചെയ്യുന്ന രീതിയില്‍ നടപ്പാക്കണമെങ്കില്‍ ഇപ്പോള്‍ നീക്കിവച്ചതിന്റെ മൂന്നിരട്ടി തുകയെങ്കിലും വേണമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.

ബിനോയ് കോടിയേരിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പാര്‍ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നുണ്ട്. പാര്‍ടി രീതിയനുസരിച്ചുതന്നെയാണ് വിഷയം കൈകാര്യം ചെയ്തതത്. പാര്‍ടി കേന്ദ്രക്കമ്മിറ്റി അംഗങ്ങളുടെയും ജീവിതപങ്കാളിയുടെയും സ്വത്തുവിവരം ഓരോവര്‍ഷവും അറിയിക്കാറുണ്ട്. സ്വത്ത് സമ്ബാദനത്തിനത്തിന്റെ പേരില്‍ പാര്‍ടിയെ ദുരുപയോഗം ചെയ്യാന്‍ ആരെയും അനുവദിക്കാറില്ല, യെച്ചൂരി പറഞ്ഞു.

പശ്ചിമബംഗാളില്‍ ന്യൂനപക്ഷ, ഭൂരിപക്ഷ വര്‍ഗീയതകളെ പ്രോത്സാഹിപ്പിച്ച് മുതലെടുപ്പ് നടത്താന്‍ തൃണമൂല്‍കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ മത്സരിക്കുകയാണെന്നും യെച്ചൂരി പറഞ്ഞു.