ഹരിയാനയില്‍ കശ്മീരി വിദ്യാര്‍ഥികളെ ആക്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

Posted on: February 3, 2018 3:06 pm | Last updated: February 3, 2018 at 3:06 pm
അക്രമണത്തിനിരയായ വിദ്യാര്‍ഥികളിലൊരാള്‍

ചണ്ഡീഗഢ്: ഹരിയാനയില്‍ ജമ്മു കശ്മീര്‍ സ്വദേശികളായ വിദ്യാര്‍ഥികളെ ക്രൂരമായി ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ഇനിയും ആളുകളെ പിടികൂടാനുണ്ടെന്നും ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും മഹേന്ദ്രഗഡ് ജില്ല പോലീസ് മേധാവി ഗരിമ മിത്തല്‍ അറിയിച്ചു. അറസ്റ്റിലായവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ഹരിയാന കേന്ദ്ര സര്‍വകലാശാലയിലെ ഭൂമിശാസ്ത്ര വിഭാഗത്തിലെ വിദ്യാര്‍ഥികളായ അഫ്താബ്, അംജദ് എന്നീ വിദ്യാര്‍ഥികളാണ് ആക്രമിക്കപ്പെട്ടത്. വെള്ളിയാഴ്ച മഹേന്ദ്രഗഡില്‍ വെച്ചാണ് സംഭവം.
നിസ്‌കാരത്തിന് ശേഷം പള്ളിയില്‍ നിന്ന് മടങ്ങുകയായിരുന്ന ഇവരെ ഇരുപതോളം പേരടങ്ങുന്ന സംഘം യാതൊരു കാരണവുമില്ലാതെ പിന്തുടര്‍ന്ന് മര്‍ദിക്കുകയായിരുന്നു.

പരുക്കേറ്റ വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ഥികളുടെ മുഖത്തും കൈകാലുകള്‍ക്കുമാണ്‌ പരുക്കേറ്റത്. പിന്നീട് ആശുപത്രി വിട്ട വിദ്യാര്‍ഥികള്‍ സര്‍വകലാശാല അധികൃതര്‍ക്ക് പരാതി നല്‍കി.