തിരക്കഥകള്‍ പൊളിയുന്നു; കസ്ഗഞ്ച് കലാപത്തിന് പിന്നില്‍ സംഘ്പരിവാര്‍

Posted on: February 1, 2018 9:32 am | Last updated: February 1, 2018 at 12:49 pm

ആഗ്ര: ഉത്തര്‍പ്രദേശിലെ കസ്ഗഞ്ചിലെ വര്‍ഗീയ സംഘര്‍ഷം സംഘ്പരിവാര്‍ ആസൂത്രണം ചെയ്തതായിരുന്നുവെന്ന് തെളിയുന്നു. സാമുദായിക കലാപത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമാക്കുന്ന വീഡിയോ പോലീസ് അന്വേഷിക്കുന്നു.

റിപ്പബ്ലിക്ക് ദിനത്തില്‍ തോക്കുകളുമേന്തി ഹിന്ദു യുവാക്കള്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ കസ്ഗഞ്ചിലേക്ക് മാര്‍ച്ച് ചെയ്യുന്നതിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്. തദ്ദേശസ്ഥാപനത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് എടുത്ത വീഡിയോയില്‍ പ്രകടനക്കാരില്‍ ചിലര്‍ വെടിയുതിര്‍ക്കുന്നതിന്റെയും രംഗമുണ്ട്.
പലരുടെയും കൈകളില്‍ ഇരുമ്പ് ദണ്ഡും വടികളുമുണ്ടായിരുന്നതായി കാണുന്നു. ഇതിന് ശേഷമുണ്ടായ അക്രമത്തില്‍ ഒരാള്‍ വെടിയേറ്റ് മരിക്കുകയും രണ്ട് പേര്‍ക്ക് വെടിയേറ്റ് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ശേഷം പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ നിരവധി വാഹനങ്ങള്‍ തകര്‍ക്കപ്പെടുകയും കടകമ്പോളങ്ങള്‍ക്ക് തീവെക്കുകയും ചെയ്തിരുന്നു. ആരാധനാലയങ്ങള്‍ക്കു നേരെയും ആക്രമണമുണ്ടായി.

വീഡിയോയിലെ ദൃശ്യങ്ങള്‍ അന്വേഷണ സംഘം പരിശോധിക്കുമെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു. വെടിയുതിര്‍ക്കുന്ന ശബ്ദം വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് പേര് വെളിപ്പെടുത്തരുതെന്ന മുഖവുരയോടെ പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഈ ഘട്ടത്തിലാണ് ചന്ദന്‍ ഗുപ്തയെന്നയാള്‍ വെടിയേറ്റ് മരിച്ചത്. എന്നാല്‍ അന്വേഷണ സംഘം വസീം എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.
അമ്പത് യുവാക്കളാണ് പ്രകടനത്തില്‍ ഉണ്ടായിരുന്നത്. ഒരാളുടെ കൈയില്‍ ദേശീയ പതാകയുണ്ടായിരുന്നു. രണ്ടാളുടെ കൈയില്‍ റിവോള്‍വറും. വടികളും ഇരുമ്പ് ദണ്ഡുമേന്തിയാണ് സംഘത്തിലെ ചിലര്‍ നടന്നു നീങ്ങിയത്. ബാക്കിയുള്ളവര്‍ മുസ്‌ലിം വീടുകള്‍ക്ക് നേരെ കല്ലെറിഞ്ഞു. നിരവധി തവണ യുവാക്കള്‍ ആകാശത്തേക്ക് വെടിയുതിര്‍ക്കുന്നുണ്ടായിരുന്നു. 14 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ക്ലിപ്പില്‍ കാണുന്ന പ്രകടനക്കാരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പ്രത്യേക അന്വേഷണ സംഘം.

തങ്ങളുടെ കോളനിയില്‍ പ്രവേശിപ്പിക്കില്ലെന്ന് പറഞ്ഞ് തിരംഗായാത്രയെ മുസ്‌ലിംകള്‍ തടഞ്ഞുവെന്നും തുടര്‍ന്ന് ഇരു വിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടായെന്നുമാണ് വാര്‍ത്ത പരന്നത്. എന്നാല്‍ യഥാര്‍ഥ ചിത്രം മറ്റൊന്നായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കോളനിയിലൂടെ നടത്തിയ തിരംഗായാത്രയെ മറു സമുദായക്കാര്‍ തടഞ്ഞുവെന്നും തുടര്‍ന്നുണ്ടായ വെടിവെപ്പില്‍ ചന്ദന്‍ ഗുപ്ത കൊല്ലപ്പെട്ടുവെന്നുമാണ് എഫ് ഐ ആറില്‍ പറയുന്നത്.