ന്യായാസനങ്ങളെ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലുമ്പോള്‍

വിചാരണാവേളയില്‍, കോടതി നടപടികളില്‍ ഇടപെടാന്‍ ഉയര്‍ന്ന കോടതിക്ക് സാധിക്കില്ലായിരിക്കാം. പക്ഷേ, വിചാരണക്കോടതിയുടെ ഉത്തരവുകള്‍ ചോദ്യംചെയ്യാന്‍ അന്വേഷണ ഏജന്‍സി തയ്യാറാകാതിരിക്കുകയും അപ്പീല്‍ സമര്‍പ്പിച്ച സഹോദരന്‍, ഭയന്ന് പിന്‍മാറുകയും ചെയ്യുന്നത് എല്ലാവരുടെയും കണ്‍മുന്നിലാണ്. അതില്‍ ഉത്കണ്ഠ തോന്നാതിരിക്കുകയും, പൊതുപ്രവര്‍ത്തകര്‍ നല്‍കുന്ന ഹരജികള്‍ തള്ളുകയും ചെയ്യുമ്പോള്‍ ഇല്ലാതാകുന്നത് നീതിന്യായ സംവിധാനത്തിന്റെ വിശ്വാസ്യതയും അതില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസവുമാണ്. നിയമവ്യവസ്ഥകളെ അനുസരിച്ചുകൊണ്ടുള്ള ഈ നിസ്സംഗത, യഥാര്‍ഥത്തില്‍ അധികാരം കൈയാളുന്നവരുടെ, അതുപയോഗിച്ച് നീതിനിര്‍വഹണത്തെ അട്ടിമറിക്കാന്‍ മടിക്കാത്തവരുടെ ഇംഗിതങ്ങള്‍ക്കുള്ള വഴങ്ങിക്കൊടുക്കലാണ്. അതുകൊണ്ടാണ് സ്വന്തം കുടുംബാംഗമായ ജസ്റ്റിസ് ലോയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണത്തില്‍ പോലും യഥാവിധത്തിലുള്ള പരിശോധനക്ക്, അവരുടെ ബന്ധുക്കള്‍ക്ക് ഭയം കൂടാതെ സംശയങ്ങള്‍ തുറന്ന് പറയാന്‍ പറ്റുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ ഒക്കെ പരമോന്നത നീതിപീഠം പോലും അസാധാരണമായ അറപ്പ് കാട്ടുന്നത്.  
Posted on: January 30, 2018 6:48 am | Last updated: January 29, 2018 at 11:17 pm

സുഹ്‌റാബുദ്ദീന്‍ ശൈഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിലെ വിചാരണ നടക്കുന്ന മുംബൈയിലെ പ്രത്യേക സി ബി ഐ കോടതിയിലെ ജഡ്ജി എസ് ജെ ശര്‍മ 2017 നവംബര്‍ 29ന് പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞിരുന്നത് ഇങ്ങനെയാണ് – ”വിചാരണാ നടപടികള്‍ വീക്ഷിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അനുവാദമുണ്ടാകും. പക്ഷേ, ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകളൊന്നും പ്രസിദ്ധീകരിക്കരുത്. റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നത് കേസിലെ ആരോപണ വിധേയര്‍, പ്രോസിക്യൂഷന്‍ സാക്ഷികള്‍, വാദി – പ്രതി ഭാഗങ്ങളിലെ അഭിഭാഷകര്‍ എന്നിവര്‍ക്കൊക്കെ സുരക്ഷാ പ്രശ്‌നങ്ങളുണ്ടാക്കിയേക്കും. അതുകൊണ്ട് തന്നെ വാര്‍ത്ത പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന പ്രതിഭാഗം അഭിഭാഷകരുടെ വാദത്തില്‍ ന്യായമുണ്ട.്” അച്ചടി, ദൃശ്യ മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും വിചാരണ സംബന്ധിച്ച വിവരങ്ങള്‍ വരുന്നത് തടഞ്ഞുകൊണ്ടായിരുന്നു ഉത്തരവ്. ഈ ഉത്തരവ് കഴിഞ്ഞ ദിവസം ബോംബെ ഹൈക്കോടതി റദ്ദാക്കി. കേസില്‍ പ്രോസിക്യൂഷന്‍ സാക്ഷികളായി ചേര്‍ത്തിരുന്ന 40 പേരില്‍ 27 പേരും മൊഴിമാറ്റിയെന്ന വിവരം പുറത്തുവന്നു.

ഗുജറാത്ത്, രാജസ്ഥാന്‍, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ബി ജെ പി പ്രസിഡന്റും ഗുജറാത്ത് മുന്‍ ആഭ്യന്തര സഹമന്ത്രിയുമായ അമിത് ഷായുള്‍പ്പെടെ രാഷ്ട്രീയ നേതാക്കളും പ്രതിസ്ഥാനത്തുണ്ടായിരുന്ന കേസിലാണ് സാക്ഷികള്‍ കൂട്ടത്തോടെ മൊഴി മാറ്റിയത്. വിചാരണക്കിടയില്‍ സാക്ഷികള്‍ മൊഴി മാറ്റുന്നതും മറ്റും സ്വാഭാവികമാണ്. അത്രമാത്രമേ ഈ കേസിലുമുണ്ടായിട്ടുള്ളൂ എന്ന മട്ടിലാണ് കാര്യങ്ങള്‍. സാക്ഷികളുടെ മൊഴിമാറ്റം മാധ്യമങ്ങളില്‍ അതാത് സമയത്ത് വരുന്നത്, പ്രയാസം സൃഷ്ടിക്കാനിടയുണ്ടെന്ന് പ്രതിഭാഗം നേരത്തെ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടാണ് വിചാരണാ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്. ആ ആവശ്യം അംഗീകരിക്കുമ്പോള്‍ വിചാരണക്കോടതി ജഡ്ജി ആരുടെ പക്ഷത്താണ് എന്ന ചോദ്യം സ്വാഭാവികമായി ഉയരും.
2005 നവംബറിലാണ് സുഹ്‌റാബുദ്ദീനെ ഗുജറാത്ത് – രാജസ്ഥാന്‍ പോലീസിലെ ഉന്നത ഉദ്യോഗസ്ഥരടക്കമുള്ള സംഘം പിടികൂടി വെടിവെച്ച് കൊന്ന് ഏറ്റുമുട്ടലായി ചിത്രീകരിച്ചത്. ഗുജറാത്തിലെ സമുന്നതനായ രാഷ്ട്രീയ നേതാവിനെ വധിക്കാന്‍ പദ്ധതിയിട്ടെത്തിയ ലശ്കറെ ത്വയ്യിബാംഗത്തെ ഏറ്റുമുട്ടലില്‍ വധിച്ചുവെന്നായിരുന്നു അന്ന് പോലീസ് നല്‍കിയ വിശദീകരണം. 2003 മുതല്‍ 2006 വരെ ഗുജറാത്തില്‍ അരങ്ങേറിയ എല്ലാ ‘ഏറ്റുമുട്ടലുകളി’ലും പോലീസിന്റെ ന്യായം ഇതായിരുന്നു. സുഹ്‌റാബുദ്ദീന്റെ ഭാര്യ കൗസര്‍ബിയെ കസ്റ്റഡിയില്‍ കൊലപ്പെടുത്തി, ചുട്ടെരിച്ച് ചാരം പുഴയിലൊഴുക്കി എന്നാണ് കേസ് അന്വേഷിച്ച സി ബി ഐ എത്തിയ നിഗമനം. സുഹ്‌റാബുദ്ദീനെയും ഭാര്യ കൗസര്‍ ബിയെയും ആന്ധ്രാ പ്രദേശില്‍ നിന്ന് കസ്റ്റിയിലെടുക്കുന്നതിന് സാക്ഷിയായ തുള്‍സി റാം പ്രജാപതിയെ 2006ല്‍ വെടിവെച്ച് കൊന്ന് ഏറ്റുമുട്ടലായി ചിത്രീകരിക്കുകയായിരുന്നുവെന്നും സി ബി ഐയുടെ കുറ്റപത്രത്തില്‍ പറയുന്നു. സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച് ഈ രണ്ട് വ്യാജ ഏറ്റുമുട്ടല്‍ കേസുകളും ഒരുമിച്ചാണ് വിചാരണ ചെയ്യുന്നത്. നീതി നടപ്പാകും വിധത്തിലുള്ള വിചാരണ ഗുജറാത്തില്‍ നടക്കില്ലെന്ന് ബോധ്യപ്പെട്ട പരമോന്നത കോടതി, നടപടികള്‍ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റി. തുടര്‍ന്നാണ് മുംബൈയിലെ പ്രത്യേക സി ബി ഐ കോടതിയില്‍ വിചാരണ നടക്കുന്നത്.

കോടതി ഗുജറാത്തിന് പുറത്തായി എന്നതുകൊണ്ട് മാത്രം നീതി നടപ്പാകും വിധത്തിലുള്ള വിചാരണ നടക്കില്ലെന്ന് ബോധ്യപ്പെടുത്തുന്നതാണ് ഈ കേസില്‍ ഇതിനകമുണ്ടായ നടപടികള്‍. 2014 മെയില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിന് പിറകെയാണ് ആസൂത്രിതമായ അട്ടിമറിയുണ്ടാകുന്നത്. അന്ന് വിചാരണക്കോടതിയില്‍ ജഡ്ജായിരുന്ന ജെ ടി ഉത്പത്, പ്രതിസ്ഥാനത്തുണ്ടായിരുന്ന അമിത് ഷാ കോടതിയില്‍ ഹാജരാകാത്തതില്‍ അതൃപ്തി പ്രകടിപ്പിച്ചു. 2014 ജൂണ്‍ 26ന് ഹാജരാകാന്‍ അമിത് ഷാക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. ജൂണ്‍ 25ന് ജഡ്ജി ജെ ടി ഉത്പതിനെ സ്ഥലം മാറ്റി. ദുരൂഹ സാഹചര്യത്തില്‍ മരിച്ച, ജഡ്ജി ബി എച്ച് ലോയയാണ് പകരമെത്തിയത്. 2014 ഡിസംബര്‍ ഒന്നിന് പുലര്‍ച്ചെ ജസ്റ്റിസ് ലോയ മരിച്ചു. കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് അമിത് ഷാ സമര്‍പ്പിച്ച ഹരജി അനുവദിക്കുന്നതിന് 100 കോടി രൂപ, ജസ്റ്റിസ് ലോയക്ക് കോഴയായി വാഗ്ദാനം ചെയ്തിരുന്നുവെന്നും അതിന് വഴങ്ങാതിരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ ഇല്ലാതാക്കിയെന്നുമാണ് ഉയരുന്ന ആരോപണം. കേസില്‍ വീണ്ടും ജഡ്ജിയെ സ്ഥലം മാറ്റുന്നത് തര്‍ക്കങ്ങള്‍ക്ക് വഴിതുറക്കുമെന്നതിനാല്‍ നിശ്ശബ്ദനാക്കാന്‍ തീരുമാനിക്കാനുള്ള സാധ്യത ഏറെയാണ്. കേസില്‍ പ്രതിസ്ഥാനത്തുണ്ടായിരുന്നവരുടെ പൂര്‍വ ചരിത്രവും അവരുടെ സ്വാധീനവും കണക്കിലെടുക്കുമ്പോള്‍ അത് അസാധ്യവുമല്ല.

ജസ്റ്റിസ് ലോയ മരിച്ച്, 29 ദിവസത്തിന് ശേഷം അമിത് ഷായെ കേസില്‍ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള വിധി പ്രത്യേക കോടതി ജഡ്ജി എം ബി ഗോസാവി പുറപ്പെടുവിച്ചു. അമിത് ഷായെ പ്രതി ചേര്‍ത്തത് രാഷ്ട്രീയ കാരണങ്ങളാലാണെന്ന പ്രതിഭാഗത്തിന്റെ വാദത്തില്‍ കഴമ്പുണ്ടെന്ന് കണ്ട ജഡ്ജി, സുഹ്‌റാബുദ്ദീന്‍ ശൈഖ് കേസിലെ അന്വേഷണം തടയാന്‍ അമിത് ഷാ നിര്‍ദേശം നല്‍കിയെന്ന പോലീസ് ഉദ്യോഗസ്ഥന്‍ റായ്ഗറിന്റെ മൊഴിയും ആരോപണ വിധേയരായ പോലീസ് ഉദ്യോഗസ്ഥരുമായി അമിത് ഷാ നടത്തിയ ദീര്‍ഘ സംഭാഷണങ്ങള്‍ സംബന്ധിച്ച ഫോണ്‍ കോള്‍ രേഖകളും പരിഗണിച്ചതേയില്ല. കേസില്‍ പ്രതി സ്ഥാനത്തുണ്ടായിരുന്ന രാജസ്ഥാന്‍ മുന്‍ ആഭ്യന്തര മന്ത്രി ഗുലാബ്ചന്ദ് കടാരിയ, വ്യവസായി വിമല്‍ പട്‌നി, ഗുജറാത്ത് പോലീസ് മുന്‍മേധാവി പി സി പാണ്ഡെ, എ ഡി ജി പി ഗീത ജോറി, ഐ പി എസ് ഉദ്യോഗസ്ഥരായ അഭയ് ചുദസാമ, രാജ്കുമാര്‍ പാണ്ഡ്യന്‍, നരേന്ദ്ര അമീന്‍ എന്നിവരെയും തുടര്‍ന്ന് കുറ്റവിമുക്തരാക്കി. ശേഷിക്കുന്ന ഏതാനും പോലീസ് ഉദ്യോഗസ്ഥരുടെ വിചാരണയാണ് ഇപ്പോള്‍ നടക്കുന്നത്. അതിലാണ് സാക്ഷികള്‍ കൂട്ടത്തോടെയുള്ള കൂറുമാറ്റം. രാജസ്ഥാനില്‍ നിന്നുള്ള ഐ പി എസ് ഉദ്യോഗസ്ഥന്‍ രാജ്കുമാര്‍ പാണ്ഡ്യനെ കുറ്റവിമുക്തനാക്കാന്‍ ചൂണ്ടിക്കാണിച്ച ന്യായം, പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാറിന്റെ അനുമതിയില്ല എന്നതായിരുന്നു. കൊലക്കേസിലെ വിചാരണക്ക് പ്രോസിക്യൂഷന്‍ അനുവാദം വേണ്ടതില്ലെന്ന സുപ്രീം കോടതി വിധി മുംബൈയിലെ പ്രത്യേക വിചാരണക്കോടതിക്ക് ബാധകമായതേയില്ല.
ഈ കേസ് ഗുജറാത്തിന് പുറത്തെ കോടതിയിലേക്ക് മാറ്റുമ്പോള്‍ സുപ്രീം കോടതി പറഞ്ഞത് ഇങ്ങനെയാണ്- ”സംസ്ഥാന ഭരണകൂടം ആരോപണവിധേയര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുവെന്നാണ് ഈ കോടതിക്ക് തോന്നുന്നത്. അതുകൊണ്ടു തന്നെ നീതിനിര്‍വഹണത്തില്‍ ഇടപെടലുണ്ടാകാന്‍ സാധ്യത ഏറെയാണ്.” അന്ന് സംസ്ഥാനം ഭരിച്ചിരുന്നത് നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബി ജെ പിയായിരുന്നു. അതേ നരേന്ദ്ര മോദി കേന്ദ്രത്തില്‍ ഭരണത്തിലെത്തുകയും അമിത് ഷാ ബി ജെ പിയുടെ പ്രസിഡന്റാകുകയും ചെയ്തതോടെ ആരോപണ വിധേയര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനും നീതിനിര്‍വഹണത്തില്‍ ഇടപെടാനുമുള്ള സാധ്യത കൂടി. അതിന്റെ ഭാഗമായാണോ ജഡ്ജ് ജെ ടി ഉത്പതിന്റെ പൊടുന്നനെയുള്ള സ്ഥലം മാറ്റം, ജസ്റ്റിസ് ലോയയുടെ മരണം, അമിത് ഷായെയും കടാരിയയെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും വിചാരണയില്‍ നിന്ന് ഒഴിവാക്കിയ വിധി, സാക്ഷികളുടെ കൂട്ടത്തോടെയുള്ള കൂറുമാറ്റം?
അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധി ഹൈക്കോടതിയില്‍ ചോദ്യം ചെയ്യാന്‍ സി ബി ഐ തയ്യാറായില്ല. മറ്റ് കുറ്റവിമുക്തമാക്കലുകളും ചോദ്യംചെയ്യപ്പെട്ടില്ല. അമിത് ഷായെ കുറ്റവിമുക്തനാക്കിയത് ചോദ്യംചെയ്ത് ബോംബെ ഹൈക്കോടതിയെ സമീപിച്ച സുഹ്‌റാബുദ്ദീന്റെ സഹോദരന്‍ റുബാബുദ്ദീന്‍, ഹരജി പിന്‍വലിക്കുകയും വലിയ സമ്മര്‍ദത്തിന് വഴങ്ങിയാണ് അത് ചെയ്തത് എന്ന് പരസ്യമായി പറയുകയും ചെയ്തപ്പോള്‍, വിചാരണക്കോടതിയിലെ നടപടികള്‍ നീതിനിര്‍വണത്തിന്റെ സ്വാഭാവിക നടപടിക്രമത്തിന്റെ ഭാഗമായല്ല എന്നതിന്റെ സൂചനയായിരുന്നു. ഈ ഉന്നതര്‍ ഒഴിവാക്കപ്പെട്ടതിന് ശേഷവും സുഹ്‌റാബുദ്ദീന്റെ സഹോദരിക്ക് മൊഴി മാറ്റേണ്ടി വന്നുവെങ്കില്‍, സാക്ഷികളെ ഭീഷണിപ്പെടുത്തിയും ജൂഡീഷ്യറിയെ സ്വാധീനിച്ചും കേസില്ലാതാക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ ഇപ്പോഴും സജീവമാണെന്നാണ് അര്‍ഥം. ഹിന്ദുത്വ ഭീകരവാദ ശൃംഖലയിലെ അംഗങ്ങള്‍ പ്രതിസ്ഥാനത്തുള്ള വിവിധ കേസുകള്‍ അട്ടിമറിക്കാന്‍ ഇതുപോലുള്ള ശ്രമം നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെയും ഇത്തരം കേസുകളില്‍ വിവിധ കോടതികളില്‍ നിന്ന് ഉണ്ടാകുന്ന ഉത്തരവുകളെയും ഈ സാഹചര്യത്തില്‍ വേണം കാണാന്‍. ഇത്തരം കേസുകളില്‍ മൃദു സമീപനം സ്വീകരിക്കാന്‍ പ്രോസിക്യൂട്ടറോട് അന്വേഷണ ഏജന്‍സി തന്നെ ആവശ്യപ്പെട്ടത്, അട്ടിമറി ശ്രമം നടക്കുന്നതിന് തെളിവുമാണ്.
വിചാരണാവേളയില്‍, കോടതി നടപടികളില്‍ ഇടപെടാന്‍ ഉയര്‍ന്ന കോടതിക്ക് സാധിക്കില്ലായിരിക്കാം. അല്ലെങ്കില്‍ അത്തരം ഇടപെടലുകള്‍ നീതിന്യായ പ്രക്രിയയുടെ സ്വാഭാവിക രീതിയിലുള്ള അധികാരത്തിന്റെ ഇടപെടലായി വ്യാഖ്യാനിക്കപ്പെട്ടേക്കാം. പക്ഷേ, വിചാരണക്കോടതിയുടെ ഉത്തരവുകള്‍ ചോദ്യംചെയ്യാന്‍ അന്വേഷണ ഏജന്‍സി തയ്യാറാകാതിരിക്കുകയും അപ്പീല്‍ സമര്‍പ്പിച്ച സഹോദരന്‍, ഭയന്ന് പിന്‍മാറുകയും ചെയ്യുന്നത് എല്ലാവരുടെയും കണ്‍മുന്നിലാണ്. അതില്‍ ഉത്കണ്ഠ തോന്നാതിരിക്കുകയും, പൊതുപ്രവര്‍ത്തകര്‍ നല്‍കുന്ന ഹരജികളെ, അവര്‍ക്ക് ഈ കേസില്‍ ഇടപെടാന്‍ അര്‍ഹതയില്ലെന്ന ന്യായം പറഞ്ഞ് തള്ളുകയും ചെയ്യുമ്പോള്‍ (ഇത്തരം കേസുകളില്‍ അന്വേഷണ ഏജന്‍സിക്കോ ഇരയാക്കപ്പെട്ടവരുടെ ബന്ധുക്കള്‍ക്കോ മാത്രമേ അപ്പീലിന് അര്‍ഹതയുള്ളൂവെന്നാണ് സുപ്രീം കോടതിയുടെ ന്യായം) ഇല്ലാതാകുന്നത് നീതിന്യായ സംവിധാനത്തിന്റെ വിശ്വാസ്യതയും അതില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസവുമാണ്. നിയമവ്യവസ്ഥകളെ അനുസരിച്ചുകൊണ്ടുള്ള ഈ നിസ്സംഗത, യഥാര്‍ഥത്തില്‍ അധികാരം കൈയാളുന്നവരുടെ, അതുപയോഗിച്ച് നീതിനിര്‍വഹണത്തെ അട്ടിമറിക്കാന്‍ മടിക്കാത്തവരുടെ ഇംഗിതങ്ങള്‍ക്കുള്ള വഴങ്ങിക്കൊടുക്കലാണ്. അതുകൊണ്ടാണ് സ്വന്തം കുടുംബാംഗമായ ജസ്റ്റിസ് ലോയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണത്തില്‍ പോലും യഥാവിധത്തിലുള്ള പരിശോധനക്ക്, അവരുടെ ബന്ധുക്കള്‍ക്ക് ഭയം കൂടാതെ സംശയങ്ങള്‍ തുറന്ന് പറയാന്‍ പറ്റുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ ഒക്കെ പരമോന്നത നീതി പീഠം പോലും അസാധാരണമായ അറപ്പ് കാട്ടുന്നത്.
അധികാരികള്‍ക്ക് നിയമവ്യവസ്ഥയെ അട്ടിമറിക്കാന്‍ അവസരം ലഭിക്കുകയും അത് അനുവദിക്കും വിധത്തില്‍ നീതിന്യായ സംവിധാനം നിസ്സംഗമാകുകയും ചെയ്യുമ്പോള്‍, അത് ജനാധിപത്യ സമ്പ്രദായത്തെ ഇല്ലാതാക്കുന്നതിലേക്ക് വളരും. ഭരണ നടപടികളിലൂടെയും ഭരണ ബാഹ്യമായ അതിക്രമങ്ങളിലൂടെയും പരിമിതപ്പെടുത്തപ്പെട്ട ജനാധിപത്യത്തെ ഇല്ലാതാക്കാന്‍ പാകത്തിലേക്ക് അധികാരം വളരുന്നത് നോക്കിനില്‍ക്കലാണോ നീതിന്യായ സംവിധാനത്തിന്റെ കടമ എന്ന ചോദ്യമാണ് പരമോന്നത കോടതിയിലെ ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനം വിളിച്ച് ഉന്നയിച്ചത്. അത് മനസ്സിലാകാതെ പോകുന്നുവെങ്കില്‍ ഏറ്റുമുട്ടല്‍ കൂടാതെ തന്നെ ജനാധിപത്യം കുരുതികഴിക്കപ്പെടും. അതില്‍ വിചാരണ ചെയ്ത് കുറ്റം വിധിക്കേണ്ട ഉത്തരവാദിത്തമുണ്ടാകില്ല നീതിന്യായ സംവിധാനത്തിന്. ആരോപണ വിധേയരുടെ സുരക്ഷ കണക്കിലെടുത്ത് സംഗതികള്‍ രഹസ്യമാക്കിവെക്കണമെന്ന് ഉത്തരവിടേണ്ടി വരികയുമില്ല.