Connect with us

Articles

ഡിജിറ്റല്‍ ഇന്ത്യയിലെ ദളിതര്‍

Published

|

Last Updated

മധ്യകാല മതബോധം  സൃഷ്ടിച്ച കുടിപ്പകയുടെയും അസഹിഷ്ണുതയുടെയും അന്ധകാരത്തില്‍ കഴിയുന്നവരാണ് ഹിന്ദുത്വശക്തികള്‍. മധ്യകാല പൗരോഹിത്യ വാഴ്ചക്കും ധര്‍മശാസ്ത്രങ്ങള്‍ ക്കുമെതിരായ അനുസ്യൂതമായ പോരാട്ടങ്ങളിലൂടെയാണ് ജനാധിപത്യവും മതനിരപേക്ഷതയുമൊക്കെ രൂപപ്പെട്ടതും ആധുനികലോകബോധം ചരിത്രത്തിലേക്ക് കടന്നുവന്നതും. എതിര്‍ക്കാനും വിമര്‍ശിക്കാനും വ്യക്തികള്‍ക്ക് സ്വയം പ്രകാശിപ്പിക്കാനുമുള്ള സ്വാതന്ത്ര്യവുമാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനമായിരിക്കുന്നത്. സഹിഷ്ണുതയുടെയും സംസ്‌കാരത്തിന്റെയും മൂല്യങ്ങളാണ് ജനാധിപത്യം മനുഷ്യമനസ്സുകളിലേക്ക് പ്രസരിപ്പിച്ചത്. അതിന് എതിര്‍ദിശയില്‍ ചിന്തിക്കുന്നവരും പ്രവര്‍ത്തിക്കുന്നവരുമാണ്  മതരാഷ്ട്രവാദികളും ഫാസിസ്റ്റ് രാഷ്ട്രീയ പ്രസ്ഥാനങ്ങളും.

ഈ കേരളത്തില്‍ മാതൃഭൂമി പോലൊരു പത്രത്തില്‍ വാത്മീകി രാമായണത്തെക്കുറിച്ചുള്ള പരമ്പര സംഘ്പരിവാര്‍ ഭീഷണിമൂലമാണല്ലോ ഡോ. എം എം ബഷീറിന് നിര്‍ത്തേണ്ടിവന്നത്. തിയേറ്ററുകളില്‍ ദേശീയഗാനം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങളുടെ ചുവടുപിടിച്ചാണല്ലോ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിനെ അധിക്ഷേപിച്ചതും അപമാനിച്ചതും. തുഞ്ചന്‍പറമ്പില്‍ നടന്ന ഒരു പുസ്തകപ്രകാശന ചടങ്ങില്‍ നോട്ടുനിരോധനത്തെ സംബന്ധിച്ച തന്റെ നിരീക്ഷണങ്ങള്‍ പറഞ്ഞുപോയ കുറ്റത്തിനാണല്ലോ മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ എം ടി വാസുദേവന്‍നായരെ അധിക്ഷേപിച്ചുകൊണ്ട് ബി ജെ പി- ആര്‍ എസ് എസ് നേതാക്കള്‍ ആക്രോശങ്ങള്‍ നടത്തിയത്. തമിഴ് വാണിജ്യ സിനിമയായ മെര്‍സലിലെ ജി എസ് ടിയെ പരാമര്‍ശിക്കുന്ന ഒരു ഡയലോഗിന്റെ പേരിലാണല്ലോ ഇളയദളപതി എന്നറിയപ്പെടുന്ന വിജയ്‌ക്കെതിരെ സംഘ്പരിവാര്‍ രംഗത്തുവന്നത്. വിജയ്, വിജയ് ജോസഫാണെന്ന് വിളിച്ചുപറഞ്ഞ് മതപരമായ വികാരം ഇളക്കിവിടാന്‍ നോക്കിയത്. ഷാരൂഖ്ഖാനെയും അമീര്‍ഖാനെയും അസഹിഷ്ണുതക്കെതിരെ പ്രതികരിച്ചുപോയതിന്റെ പേരിലാണല്ലോ പാക്കിസ്ഥാന്‍ ഏജന്റുമാരായി ആക്ഷേപിച്ചത്. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന ഭീതിയിലാണല്ലോ പാക്കിസ്ഥാന്‍ ഇടപെടലും തനി വര്‍ഗീയപ്രസ്താവനകളുമായി പ്രധാനമന്ത്രി മോദി തന്നെ രംഗത്തുവന്നത്.

ഹരിയാനയില്‍ ഒരു ദളിത് കുടുംബത്തെ കൂട്ടത്തോടെ കൊന്നൊടുക്കാന്‍ മണ്ണെണ്ണയൊഴിച്ച് തീയിട്ടതും രണ്ട് പിഞ്ചുകുഞ്ഞുങ്ങള്‍ വെന്തുമരിച്ചതും “ഡിജിറ്റല്‍ ഇന്ത്യ”യുടെ ക്രൂരമുഖത്തെയാണ് ലോകത്തിനുമുമ്പില്‍ കാണിച്ചുകൊടുത്തത്. ആര്‍ എസ് എസ് ഒത്താശയോടെയാണ് സവര്‍ണ രജപുത്രസംഘം ഹരിയാനയിലെ സുനാപേഡ് ഗ്രാമത്തില്‍ നിഷ്ഠൂരമായ ഈ കൂട്ടക്കൊല നടത്തിയത്. 11 മാസം മാത്രം പ്രായമുള്ള ദിവ്യയെന്ന കൈകുഞ്ഞും രണ്ടരവയസ്സ് പ്രായമുള്ള വൈഭവ് എന്ന കുട്ടിയുമാണ് സവര്‍ണജാതി രാക്ഷസീയതയുടെ ഇരകളായി വെന്തെരിഞ്ഞ് മരിച്ചത്. അവരുടെ അമ്മ രേഖ അത്യാസന്നനിലയിലാണ്. ജാതിമതവര്‍ഗീയത എന്തുമാത്രം ക്രൂരവും ഹിംസാത്മകവുമാണെന്നാണ് സുനാപേഡ് സംഭവം വെളിവാക്കുന്നത്. പുലര്‍ച്ചെ വീട്ടിനകത്ത് എല്ലാവരും ഉറങ്ങുന്ന ഏകദേശം രണ്ടര മണിക്കാണ് സവര്‍ണജാതിസംഘം മണ്ണെണ്ണയൊഴിച്ച്  തീകൊളുത്തിയത്. മക്കളെയും വാരിയെടുത്ത് പുറത്ത് ഓടിരക്ഷപ്പെടാന്‍ പോലും കഴിയാത്തവിധം വീടിന്റെ വാതില്‍ പുറമെനിന്ന് പൂട്ടിയാണ് ജാതിഭ്രാന്തന്മാര്‍ തീകൊടുത്തത് എന്നത് ഈ സംഭവം എത്രത്തോളം ആസൂത്രിതമായിരുന്നു എന്നാണ് കാണിക്കുന്നത്. മനുഷ്യമനസ്സാക്ഷിയെ മരവിപ്പിച്ച ഈ സംഭവത്തോട് കേന്ദ്ര മന്ത്രി നടത്തിയ പ്രതികരണം മാനവികതയോടുതന്നെയുള്ള വെല്ലുവിളിയാണ്. മരണപ്പെട്ട കുട്ടികളെ പട്ടികളോടാണ് വി കെ സിംഗ് ഉപമിച്ചത്. ഗുജറാത്ത് വംശഹത്യയുടെ ഇരകളെ മുമ്പൊരിക്കല്‍ നരേന്ദ്ര മോദി ഉപമിച്ചതും പട്ടികളോടായിരുന്നല്ലോ. കാറിനടിയില്‍പെട്ട പട്ടികളായി ഗുജറാത്തിലെ വംശഹത്യകളുടെ ഇരകളെ വിശേഷിപ്പിച്ച പ്രധാനമന്ത്രിയുടെ സഹമന്ത്രിയായപ്പോള്‍ ആരുടേയോ ഏറുകൊണ്ട പട്ടികളായിട്ടാണ് ഹരിയാനയിലെ കുഞ്ഞുങ്ങളെ വിശേഷിപ്പിച്ചത്! സവര്‍ണജാതി രാഷ്ട്രീയത്തിലധിഷ്ഠിതമായ ഹിന്ദുത്വപ്രത്യയശാസ്ത്രത്തിന്റെ വക്താക്കളായ ആര്‍ എസ് എസുകാര്‍ ഇങ്ങനെയൊക്കെ പറയുന്നതില്‍ ചരിത്രബോധമുള്ള ആര്‍ക്കും അത്ഭുതം തോന്നേണ്ട ആവശ്യമില്ല. ചതുര്‍വിധവര്‍ണവ്യവസ്ഥക്ക് താഴെയുള്ള പഞ്ചമരെ, ദളിത് ജനവിഭാഗങ്ങളെ മനുഷ്യരായിപ്പോലും അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന പ്രത്യയശാസ്ത്രമാണ് ആര്‍ എസ് എസിന്റേത്. ആര്‍ എസ് എസിന്റെ പ്രത്യയശാസ്ത്രം അര്‍ത്ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കുന്നത് ദളിതരും അയിത്തജാതിക്കാരും സ്ത്രീകളും ന്യൂനപക്ഷങ്ങളും യാതൊരുവിധ പൗരാവകാശങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കും അര്‍ഹരല്ല എന്നാണ്.

നരേന്ദ്ര മോദി ഭരണത്തിനുകീഴില്‍ ന്യൂനപക്ഷ മതസമൂഹങ്ങള്‍ മാത്രമല്ല ദളിത് ജനസമൂഹങ്ങളും രാജ്യത്തുടനീളം വേട്ടയാടപ്പെടുകയാണ്. ഈയിടെ പുറത്തുവന്ന ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ റിപ്പോര്‍ട്ട് നല്‍കുന്ന സൂചന രാജ്യമെമ്പാടും ദളിത് ജനസമൂഹങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ അഭൂതപൂര്‍വമായ തോതില്‍ വര്‍ധിച്ചിരിക്കുന്നു എന്നാണ്. മോദി അധികാരത്തിലെത്തിയ 2014ല്‍ മാത്രം 58,515 കേസുകളാണ് ദളിതര്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരെ 68.6ശതമാനവും പട്ടികജാതിക്കാര്‍ക്കെതിരെ 19ശതമാനവും  അതിക്രമങ്ങള്‍ വര്‍ധിച്ചതായി എന്‍ സി ആര്‍ ബി റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നുണ്ട്.

ഹരിയാനയില്‍ മാത്രം ദളിത് അതിക്രമങ്ങളുടെ എണ്ണത്തില്‍ 245 ശതമാനം  വര്‍ധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം മാത്രം വിവിധ അക്രമണങ്ങള്‍ 90 ദളിതര്‍ കൊലചെയ്യപ്പെട്ടിരുന്നു. ഇത്തരം സംഭവങ്ങളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാറുണ്ടെങ്കിലും കൃത്യമായ തുടര്‍ നടപടികള്‍ ഉണ്ടാകുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.

സവര്‍ണജാതിബോധത്തിന് കീഴ്‌പെട്ട് പ്രവര്‍ത്തിക്കുന്ന പോലീസും കുറ്റാനേ്വഷണ ഏജന്‍സികളും കൃത്യമായ തെളിവുകളേയോ സാക്ഷികളേയോ കോടതിക്കുമുമ്പില്‍ എത്തിക്കുന്നില്ല എന്നതാണ് രോഷജനകമായ വസ്തുത. 1955ല്‍ ദളിതര്‍ക്കുനേരെയുള്ള അക്രമസംഭവങ്ങളില്‍ കേവലം 150 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്ന സ്ഥാനത്തിപ്പോള്‍ ഇന്ത്യയില്‍ അത് 1.38 ലക്ഷമായി ഉയര്‍ന്നിരിക്കുകയാണ്. 2014 വരെയുള്ള കണക്കുകള്‍ പ്രകാരം 1,38,792 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എസ് സി വിഭാഗത്തിനെതിരായ അക്രമസംഭവങ്ങളില്‍ 47,604 കേസുകളാണ് 2014ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. 39,408 കേസുകള്‍ 2013ല്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാനത്താണ് ഈ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായിട്ടുള്ള 6793 കുറ്റകൃത്യങ്ങള്‍ 2013ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ 2014ല്‍ ഇത് 11,451 ആയി വര്‍ധിച്ചു. ഈ കണക്കുകള്‍ യഥാര്‍ഥത്തില്‍ രാജ്യത്ത് സംഭവിച്ച ദളിതുകള്‍ക്കെതിരായ എല്ലാ അതിക്രമങ്ങളും ഉള്‍പ്പെടുന്നതല്ല. എത്രയോ ദളിത് പീഡനങ്ങളും അക്രമങ്ങളും കേസാകാതെ പോകുകയാണ് പതിവ്. വിവര വിപ്ലവത്തിന്റെ കാലത്തും ഉത്തരേന്ത്യയിലെ പല വിദൂരസ്ഥ ഗ്രാമങ്ങളിലും അരങ്ങേറിക്കൊണ്ടിരിക്കുന്ന ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ പുറംലോകം അറിയുന്നില്ല എന്നതാണ് വസ്തുത. കാരണം അവിടെ സവര്‍ണ ജാതിക്കാര്‍ പറയുന്നതേ മാധ്യമങ്ങള്‍ വാര്‍ത്തയാക്കാറുള്ളൂ. സവര്‍ണജാതിക്കാര്‍ക്ക് അഹിതമായിട്ടുള്ളതൊന്നും പോലീസ് കേസാക്കാറുമില്ല.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദളിത് പീഡനവും വിവേചനവും നിലനില്‍ക്കുന്ന സംസ്ഥാനമാണ് നരേന്ദ്ര മോദിയുടെ ഗുജറാത്ത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നേരത്തെ ചൂണ്ടിക്കാണിച്ചത് ഗുജറാത്തിലെ ഏറ്റവും കുറഞ്ഞത് 77 ഗ്രാമങ്ങളിലെങ്കിലും ദളിതര്‍ക്ക് സാമൂഹിക ഭ്രഷ്ട് മൂലം നാട് വിട്ട് പോകേണ്ടിവന്നിട്ടുണ്ടെന്നാണ്. ന്യൂനപക്ഷങ്ങളെ മാത്രമല്ല മോദി ഭരണം ഗുജറാത്തില്‍ അരക്ഷിതരും നിരാലംബരുമാക്കിയത് ദളിത് ജനവിഭാഗങ്ങളെക്കൂടിയാണ്. മോദി ഭരണത്തിന്‍ കീഴില്‍ പട്ടികജാതി പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമമനുസരിച്ച് ദളിത് അതിക്രമങ്ങളില്‍ കേസെടുക്കുന്നില്ല എന്ന പരാതി വ്യാപകമായി ഉയര്‍ന്നുവന്നതാണ്. എടുക്കുന്ന കേസുകളില്‍ തന്നെ 3.5 ശതമാനം മാത്രമാണ് കോടതി ശിക്ഷാനടപടികള്‍ക്ക് വിധേയമാകുന്നത്.
അഹമ്മദാബാദ് ഉള്‍പ്പെടെയുള്ള ഗുജറാത്തിലെ ഒട്ടുമിക്ക ജില്ലകളിലും ദളിതര്‍ക്ക് ഇന്നും ക്ഷേത്രപ്രവേശനം സാധ്യമായിട്ടില്ല. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അഹമ്മദാബാദ് സിറ്റിയില്‍ നിന്നും 100 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഗല്‍സാന ഗ്രാമത്തിലെ അഞ്ച് ക്ഷേത്രങ്ങളില്‍ ദളിതര്‍ക്ക് പ്രവേശിക്കാന്‍ അനുമതി ഇല്ലാത്തതിനെക്കുറിച്ച് അനേ്വഷിച്ചിട്ടുണ്ട്. അയിത്തത്തിന്റെ പേരില്‍ ക്ഷേത്രപ്രവേശനം നിഷേധിക്കുന്നതിനെതിരെ പ്രതിഷേധിച്ച യുവാക്കളെ ഈ ഗ്രാമങ്ങളില്‍ നിന്ന് ബി ജെ പിയുടെ സഹായത്തോടെ സവര്‍ണര്‍ സാമൂഹിക ഭ്രഷ്ട് കല്‍പ്പിച്ച് പുറത്താക്കുകയാണ് ചെയ്തത്. “സ്വച്ഛ്ഭാരത് അഭിയാന്‍” പാടിനടക്കുന്ന നരേന്ദ്ര മോദി ഭരിച്ച ഗുജറാത്തില്‍ ദളിതരെ തോട്ടിപ്പണിക്കാരാക്കി ആദര്‍ശവത്കരിക്കുകയാണ് സംഘ്പരിവാര്‍ ചെയ്തത്.
ദളിതരായവര്‍ ചെയ്യുന്ന തോട്ടിപ്പണി അവര്‍ക്ക് ആത്മീയാനുഭവം നല്‍കുന്ന ധര്‍മശാസ്ത്രവിധിയനുസരിച്ചുള്ളതാണെന്ന് പറയാന്‍ പോലും നരേന്ദ്ര മോദിക്ക് മടിയുണ്ടായില്ല. മോദിയുടെ വാക്കുകള്‍ നോക്കൂ; “സ്വന്തം ജീവിതം നിലനിര്‍ത്താന്‍വേണ്ടി മാത്രമാണ് അവര്‍ ഈ ജോലി ചെയ്യുന്നതെന്ന് ഞാന്‍ കരുതുന്നില്ല. അങ്ങനെയാണെങ്കില്‍ തലമുറകളായി അവര്‍ ഇത്തരം ജോലി ചെയ്യുമായിരുന്നില്ല… ഏതെങ്കിലുമൊരു സമയത്ത് മൊത്തം സമൂഹത്തിനും ദൈവങ്ങള്‍ക്കും സന്തോഷമുണ്ടാക്കുന്നതിനുവേണ്ടി തങ്ങള്‍ ഈ ജോലി ചെയ്യണമെന്ന് ആര്‍ക്കെങ്കിലും ഉള്‍വിളി ഉണ്ടായിട്ടുണ്ടാകണം; ദൈവം അവരില്‍ അര്‍പ്പിച്ചതുകൊണ്ടാണ് അവര്‍ ഈ ജോലി ചെയ്തുകൊണ്ടിരിക്കുന്നത്. നൂറ്റാണ്ടുകളായി വൃത്തിയാക്കുക എന്ന ഈ ജോലി തുടരുന്നത് ആഭ്യന്തരമായ ഒരാത്മീയ പ്രവര്‍ത്തനമായിട്ടാണ്.” ഉനയില്‍ പശുവിനെ കൊന്ന് തൊലിയുരിച്ചുവെന്ന കുറ്റം ചുമത്തിയാണ് ദളിത് യുവാക്കളെ നഗ്നരാക്കി നിര്‍ത്തി പരസ്യമായി മര്‍ദിച്ചത്. ഇത് സാമൂഹ്യമാധ്യമങ്ങളിലൂടെ കണ്ടതോടെയാണ് രാജ്യമെമ്പാടും പ്രതിഷേധം ഉയര്‍ന്നുവന്നത്.
ഇങ്ങനെയൊക്കെയുള്ള അത്ഭുതകരമായ വീക്ഷണങ്ങള്‍ പുലര്‍ത്തുന്ന ഒരാള്‍ രാജ്യം ഭരിക്കുമ്പോള്‍ ദളിതുകള്‍ക്ക് എവിടെനിന്നാണ് സാമൂഹിക സുരക്ഷയും സാമൂഹിക നീതിയും കിട്ടുക. ഇന്ത്യയുടെ ഏറ്റവും വികസിത സംസ്ഥാനമായി ഗുജറാത്തിനെ എടുത്തുകാട്ടുന്നവര്‍ മനുഷ്യവിസര്‍ജ്യം ചുമക്കുന്ന തോട്ടികളുടെ നാടായി തന്നെ ഗുജറാത്തിനെ അധഃപതിപ്പിക്കുകയാണ് നരേന്ദ്ര മോദി ചെയ്തിട്ടുള്ളതെന്ന കാര്യം സമര്‍ഥമായി മറച്ചുപിടിക്കുകയാണ്. ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ ഒരു പഠനമനുസരിച്ച് ഗുജറാത്തില്‍ 12,000ത്തിലേറെ പേര്‍ തോട്ടിപ്പണിക്കാരായുണ്ട്. ഉത്തര്‍പ്രദേശ്, ഗുജറാത്ത്, കര്‍ണാടക, ബീഹാര്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒറീസ, രാജസ്ഥാന്‍, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന ദളിതര്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് പിറകില്‍ ആര്‍.എസ്.എസ് ആണെന്ന കാര്യം നിരവധി തവണ വ്യക്തമാക്കപ്പെട്ടിട്ടുള്ളതാണ്. അയിത്തവും ഗോവധവും വിഷയമാക്കി മുസ്ലീങ്ങള്‍ക്കും ദളിതര്‍ക്കുമെതിരെ കൂട്ടക്കൊലകള്‍ അഴിച്ചുവിടാനുള്ള ആസൂത്രിത നീക്കങ്ങള്‍ വര്‍ഷങ്ങളായി നമ്മുടെ രാജ്യത്ത് സംഘപരിവാര്‍ സംഘടനകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്.         (തുടരും)