മുതിര്‍ന്ന നേതാക്കള്‍ വഴികാട്ടികളാകട്ടെ; യുവതലമുറ കോണ്‍ഗ്രസിനെ നയിക്കട്ടെ; ജയറാം രമേശ്

Posted on: January 28, 2018 2:49 pm | Last updated: January 29, 2018 at 9:08 am

കൊല്‍ക്കത്ത: തലമുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസിന്റെ വഴികാട്ടികളായി മാറണമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരും മുമ്പ് പാര്‍ട്ടിയുടെ നേതൃത്വത്തിലേക്ക് യുവാക്കള്‍ വരണം. ഗുജറാത്ത് തിരഞ്ഞെടുപ്പു ഫലം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തിരിച്ചുവരവിലേക്കാണു വിരല്‍ ചൂണ്ടുന്നത്. രാഹുല്‍ ഗാന്ധി മുഴുവന്‍ സമയ രാഷ്ട്രീയക്കാരനായതിന്റെ തെളിവാണിതെന്നും ജയറാം രമേശ് കൊല്‍ക്കത്തയില്‍ പറഞ്ഞു.

ആളുകളെ കൊല്ലാനുള്ള ത്വരയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും കാണിക്കുന്നത്. അവരെ അവര്‍ക്കു മനസിലാകുന്ന ഭാഷകൊണ്ടു തന്നെ നേരിടണം. കളവ് മാത്രം പറയുന്ന പ്രധാനമന്ത്രിയാണ് ഇതുവരെ കണ്ടതില്‍വച്ച് ഏറ്റവും വലിയ ‘ഷോ മാന്‍’ ജയറാം രമേശ് അഭിപ്രായപ്പെട്ടു.

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണം വിജയകരമായിരുന്നെന്ന് ഗുജറാത്തില്‍ നാം കണ്ടു. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് മികച്ച വിജയം സ്വന്തമാക്കുമെന്ന് ജയറാം രമേശ് അവകാശപ്പെട്ടു.