സിഖ് കൂട്ടക്കൊല കേസുകളിലെ പുനരന്വേഷണം: മൂന്നംഗ സമിതിയെ ജസ്റ്റിസ് എസ് എന്‍ ധിംഗ്ര നയിക്കും

Posted on: January 11, 2018 8:28 pm | Last updated: January 11, 2018 at 11:38 pm

ന്യൂഡല്‍ഹി: സിഖ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസുകള്‍ പുനരന്വേഷിക്കാന്‍ സുപ്രീം കോടതി നിശ്ചയിച്ച മൂന്നംഗ സമിതിയെ ഡല്‍ഹി ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എസ് എന്‍ ധിംഗ്ര നയിക്കും. ഇപ്പോള്‍ സര്‍വീസിലുള്ള ഐ പി എസ് ഓഫീസറായ അഭിഷേക് ദുലാര്‍, ഐ ജി റാങ്കില്‍ വിരമിച്ച രജ്ദീപ് സിംഗ് എന്നിവര്‍ എസ് ഐ ടിയില്‍ അംഗങ്ങളാകും. സമിതി രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.

അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വധത്തിന് പിറകേ 1984ല്‍ സിഖ് വിഭാഗക്കാര്‍ക്ക് നേരെ നടന്ന ആക്രമണവുമായി ബന്ധപ്പെട്ട 186 കേസുകള്‍ പുനരന്വേഷിക്കാന്‍ ബുധനാഴ്ചയാണ് സുപ്രീം കോടതി ഉത്തരവിട്ടത്. ഇതിനായി മൂന്നംഗ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിക്കണമെന്നും ബഞ്ച് നിഷ്‌കര്‍ഷിച്ചിരുന്നു. എസ് ഐ ടിയുടെ തലവന്‍ ഹൈക്കോടതി മുന്‍ ജഡ്ജി ആയിരിക്കണമെന്നും വിരമിച്ച ഒരു പോലീസ് ഓഫീസറും സര്‍വീസിലുള്ള പോലീസ് ഓഫീസറും അംഗങ്ങളാകണമെന്നും ബഞ്ച് വ്യക്തമാക്കിയിരുന്നു.
സിഖ്‌വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട 241 കേസുകളിലാണ് അന്വേഷണം അവസാനിപ്പിച്ചിരുന്നത്. ഇവയില്‍ 186 എണ്ണത്തില്‍ ശരിയായ അന്വേഷണം നടന്നിട്ടില്ലെന്ന് കോടതി നിശ്ചയിച്ച മേല്‍നോട്ട സമിതി കണ്ടെത്തിയിട്ടുണ്ടെന്ന് ബഞ്ച് വ്യക്തമാക്കി. ഈ സമിതിയുടെ റിപ്പോര്‍ട്ട് വിശദമായി പരിഗണിച്ച ശേഷമാണ് ഈ കേസുകള്‍ പുനരന്വേഷിക്കാന്‍ ബഞ്ച് ഉത്തരവിട്ടത്. 1984ല്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ ഡല്‍ഹിയില്‍ മാത്രം 2,733 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്.
അന്വേഷണം അവസാനിപ്പിച്ച 241 കേസുകളുടെ നിജസ്ഥിതി പരിശോധിക്കാന്‍ കഴിഞ്ഞ വര്‍ഷമാണ് സുപ്രീം കോടതി മേല്‍നോട്ട സമിതിയെ വെച്ചത്. മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിഷ്‌കര്‍ഷിച്ചിരുന്നത്.