25 വര്‍ഷം മുന്നില്‍ക്കണ്ടുള്ള വികസനമാണ് ജില്ലയ്ക്ക് ആവശ്യം: മന്ത്രി ഇ ചന്ദ്രശേഖരന്‍

Posted on: January 6, 2018 10:07 pm | Last updated: January 6, 2018 at 10:07 pm
SHARE

കാസര്‍കോട്: വന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചാല്‍ മാത്രം വികസനമാകില്ലെന്നും വിവിധതട്ടിലുള്ള ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതരത്തില്‍ ദീര്‍ഘവീക്ഷണത്തോടെയുള്ളതാകണം വികസനമെന്നും റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.

25 വര്‍ഷം മുന്നില്‍ കണ്ടുകൊണ്ട് ഏറ്റവും താഴെത്തട്ടിലുള്ളവരെ മുഖ്യധാരയിലെത്തിക്കുവാനും വികസന പദ്ധതികള്‍ക്കാകണമെന്നും മന്ത്രി പറഞ്ഞു. ജില്ലാ ആസൂത്രണസമിതി ഹാളില്‍ ജില്ലാ പദ്ധതി രൂപികരണവുമായി ബന്ധപ്പെട്ട് നടത്തിയ വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഞ്ചുവര്‍ഷം മുമ്പുള്ള അവസ്ഥയല്ല ഇന്ന്. അഞ്ച് വര്‍ഷം കഴിയുമ്പോള്‍ ഇതാവില്ലെന്ന അന്നത്തെ സമൂഹത്തിന്റെ അവസ്ഥ.അത്ഭുതകരവും വിസ്‌ഫോടനകരവുമായ മാറ്റങ്ങളും കണ്ടുപിടിത്തങ്ങളും ഓരോ നിമിഷവും നടക്കുന്ന ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്. ഇത്തരത്തില്‍ ലോകത്തുണ്ടാകുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടാകണം ജില്ലയുടെ വികസനത്തിന് പദ്ധതി തയ്യാറാക്കേണ്ടത്.

വികസനത്തിന് ചില കാഴ്ചപ്പാടുകള്‍ തടസമാകുന്നുണ്ട്. മറ്റു ജില്ലകള്‍ക്കൊപ്പം എങ്ങനെ എത്താം എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. നമ്മുടെ ഇല്ലായ്മകളെ അറിഞ്ഞ് അതില്‍ ശ്രദ്ധകേന്ദ്രീകരിച്ച് സമഗ്രമാകണം ജില്ലയുടെ വികസനമെന്നും മന്ത്രി ചന്ദ്രശേഖരന്‍ പറഞ്ഞു.

ജില്ലാ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട 19 വിഷയ മേഖലകളിലും ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ക്കാകണം അന്തിമരൂപം നല്‍കേണ്ടത്. 38 ഗ്രാമപഞ്ചായത്തുകള്‍, മൂന്നു നഗരസഭകള്‍, ആറു ബ്ലോക്ക് പഞ്ചായത്തുകള്‍, ജില്ലാ പഞ്ചായത്ത് തുടങ്ങിയ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ചേര്‍ന്ന് സമഗ്രമായ വികസനത്തിനാകണം രൂപം നല്‍കേണ്ടതെന്നും മന്ത്രി പറഞ്ഞു.

കരട് ജില്ലാ പദ്ധതിയുടെ പ്രകാശനം എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ നിര്‍വഹിച്ചു. വികസനമെന്നാല്‍ റോഡുകള്‍ നിര്‍മ്മിക്കുന്നതുമാത്രമാണെന്നാണ് ആളുകളുടെ വിചാരമെന്ന് എന്‍ എ നെല്ലിക്കുന്ന് എംഎല്‍ എ പറഞ്ഞു.

സാമൂഹികപരമായി പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയാല്‍മാത്രമേ ജില്ലയുടെ വികസനം ശരിയായ അര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാകുവെന്ന് കെ കുഞ്ഞിരാമന്‍ എംഎല്‍എ പറഞ്ഞു.

ജില്ലയുടെ സമഗ്രവികസനത്തിന് എം പി, എംഎല്‍എ, ത്രിതല പഞ്ചായത്ത് ഫണ്ടുകള്‍ ഏകോപിപ്പിച്ചും വിവിധ പദ്ധതികളെയും വകുപ്പുകളെയും ഏകോപിപ്പിച്ചുകൊണ്ടുമാകണം നടപ്പിലാക്കേണ്ടതെന്ന് എം രാജഗോപാലന്‍ എംഎല്‍എ പറഞ്ഞു.

ജില്ലക്കാരായ ഉദ്യോഗസ്ഥര്‍ ഇല്ലാത്തതാണ് ജില്ലയുടെ വികസനത്തിന് തടസമായ പോരായ്മകളില്‍ പ്രധാനമെന്ന് അധ്യക്ഷതവഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍ പറഞ്ഞു. കുടിവെള്ള ക്ഷാമത്തിന് പരിഹാരം ഉള്‍പ്പെടെ സമഗ്രമായ വികസനമാകണം ജില്ലാ പദ്ധതിയുടെ അന്തിമ റിപ്പോര്‍ട്ടിലുണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ എം സുരേഷ് കരട് ജില്ലാ പദ്ധതി അവതരിപ്പിച്ചു. കലക്ടര്‍ കെ ജീവന്‍ ബാബു സ്വാഗതവും അസി. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ നിനോജ് മേപ്പടിയത്ത് നന്ദിയും പറഞ്ഞു.
ഡി പി സി ഗവ. നോമിനി കെ ബാലകൃഷ്ണന്‍ ഗ്രൂപ്പ് ചര്‍ച്ചകളെകളെക്കുറിച്ച് വിശദീകരിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here