Connect with us

Gulf

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ സൗജന്യ പാര്‍കിംഗ് കേന്ദ്രങ്ങള്‍ ഒരുക്കി ആര്‍ ടി എ

Published

|

Last Updated

ദുബൈ: ദുബൈയില്‍ നിരത്തുകളില്‍ ഇറക്കുന്ന ഇലക്ട്രിക് കാറുകള്‍ക്ക് ഫ്രീ പാര്‍കിംഗ് സംവിധാനമൊരുക്കി അധികൃതര്‍. ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി 220 ഫ്രീ പാര്‍കിംഗ് കേന്ദ്രങ്ങളാണ് ഇലക്ട്രിക് വാഹനങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ളത്. നഗരത്തില്‍ പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശാക്തീകരിക്കുന്നതിന് ജനങ്ങളെ കാര്‍ബണ്‍ പ്രസരണ രഹിത വാഹനങ്ങളിലേക്ക് പ്രചോദനം നല്‍കുന്നതിനാണ് അധികൃതരുടെ പദ്ധതി.

പദ്ധതി നടപ്പിലാക്കുന്നതിന്റെ ആദ്യ ഘട്ടത്തില്‍ 70 ഫ്രീ സൗജന്യ പാര്‍കിംഗ് കേന്ദ്രങ്ങള്‍ ഒരുക്കിയിരുന്നു. അതില്‍ 40 പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ പ്രത്യേകം വ്യക്തികള്‍ക്ക് റിസര്‍വ് ചെയ്തതാണ്. ഇലക്ട്രിക് വാഹനങ്ങള്‍ക്കായി പ്രത്യേകം തയ്യാറാക്കിയ പാര്‍കിംഗ് കേന്ദ്രങ്ങളില്‍ മറ്റു വാഹനങ്ങള്‍ പാര്‍ക് ചെയ്യുന്നതിന് പിഴ ഈടാക്കും. 1000 ദിര്‍ഹമാണ് ഇത്തരത്തില്‍ അനധികൃതമായി പാര്‍ക് ചെയ്താല്‍ പിഴ ഈടാക്കുക. പരിസ്ഥിതി സൗഹൃദ സാമ്പത്തിക പദ്ധതി 2021ന്റെ ഭാഗമായാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. കഴിഞ സെപ്റ്റംബറില്‍ ദുബൈ സുപ്രീം കൗണ്‍സില്‍ ഓഫ് എനര്‍ജി, പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് തങ്ങളുടെ വാഹനങ്ങള്‍ 2019 വരെ സൗജന്യമായി റീചാര്‍ജ് ചെയ്യുന്നതിനുള്ള സൗകര്യം ഏര്‍പെടുത്തിയതായി പ്രഖ്യാപിച്ചിരുന്നു. ദുബൈ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി നഗരത്തിന്റെ വ്യത്യസ്ത സ്ഥലങ്ങളില്‍ 100 ചാര്‍ജിംഗ് കേന്ദ്രങ്ങള്‍ ഒരുക്കിയിരുന്നു.

ഭാവിയില്‍ 100 ചാര്‍ജിംഗ് കേന്ദ്രങ്ങള്‍ കൂടി ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സൗജന്യ പാര്‍കിംഗ് കേന്ദ്രങ്ങള്‍ക്ക് പുറമെ സൗജന്യ രജിസ്ട്രേഷന്‍, വാര്‍ഷിക തലത്തില്‍ സൗജന്യമായി വാഹന രജിസ്ട്രേഷന്‍ പുതുക്കുന്നതിനുള്ള നിരക്ക് ഒഴിവാക്കല്‍, സൗജന്യ സാലിക്ക് ടാഗ്, വാഹനം തിരിച്ചറിയുന്നതിനുള്ള ലൈസന്‍സ് പ്ലൈറ്റ് സ്റ്റിക്കര്‍ എന്നീ സൗകര്യങ്ങള്‍ ഏര്‍പെടുത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 2020ഒടുകൂടി 32,000 ഇലക്ട്രിക് വാഹനങ്ങള്‍ ദുബൈ നിരത്തില്‍ ഇറക്കുന്നതിനാണ് ദിവ ലക്ഷ്യമിടുന്നത്. പരിസ്ഥിതി സൗഹൃദ വാഹനങ്ങളുടെ വ്യാപനത്തിനായി വടക്കന്‍ എമിറേറ്റുകളില്‍ 50 പുതിയ ചാര്‍ജിംഗ് കേന്ദ്രങ്ങള്‍ക്ക് പദ്ധതിയിടുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.