ജി സി സി പ്രവര്‍ത്തനങ്ങള്‍ മരവിപ്പിക്കരുതെന്ന് കുവൈത്ത്

ദോഹ
Posted on: December 29, 2017 9:47 pm | Last updated: December 29, 2017 at 9:47 pm

ഖത്വറുമായി പിണക്കം തുടരുമ്പോഴും ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ (ജി സി സി) പ്രവര്‍ത്തനം മരവിപ്പിക്കുകയോ തടസപ്പെടുത്തുകയോ ചെയ്യരുതെന്ന് കുവൈത്ത്. ജനുവരി ആദ്യവാരം ഗള്‍ഫ് പാര്‍ലിമെന്റ് സ്പീക്കര്‍മാരുടെ യോഗം വിളിച്ചു ചേര്‍ക്കാനുള്ള ശ്രമത്തിനു മുന്നോടിയായാണ് കുവൈത്തിന്റെ പ്രസ്താവന. കുവൈത്ത് വിദേശകാര്യ സഹമന്ത്രി ഖാലിദ് അല്‍ ജഅറല്ലാ ആണ് കഴിഞ്ഞ ദിവസം അഭിപ്രായം പ്രകടിപ്പിച്ചത്.

കുവൈത്തില്‍ നടന്ന ജി സി സി ഉച്ചകോടിക്കു ശേഷവും തങ്ങള്‍ അസ്വസ്ഥരല്ലെന്നും അനുരഞ്ജന ശ്രമവുമായി മുന്നോട്ടു പോകുകയാണെന്നും മന്ത്രി പറഞ്ഞു. ജി സി സിയുടെ ഭാവെയിക്കുറിച്ച് കുവൈത്തിന് ശുഭപ്രതീക്ഷയുണ്ട്. അതുകൊണ്ട് തന്നെ ശ്രമം തുടരുകയാണ്. തീര്‍ച്ചയായും ഒരു ദിവസം അത് ലക്ഷ്യം കാണുകയും പ്രതിസന്ധി തീരുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ജി സി സി ഉച്ചകോടിയില്‍ ഉപരോധ രാജ്യങ്ങളില്‍നിന്നും മുന്‍നിര ഭരണാധികാരികള്‍ പങ്കെടുക്കാതിരിക്കുകയും ആദ്യദിവസം തന്നെ പിരിയേണ്ടി വരികയും ചെയ്ത സാഹചര്യത്തില്‍ ജി സി സിയുടെ ഭാവി സംബന്ധിച്ച് ചോദ്യങ്ങളുയര്‍ത്തിയിരുന്നു. ഈ സന്ദര്‍ഭത്തിലാണ് കുവൈത്തിന്റെ വിശദീകരണം. ഗള്‍ഫില്‍നിന്നുള്ള പാര്‍ലിമെന്റ് സ്പീക്കര്‍മാരെ പങ്കെടുപ്പിച്ച് ജനുവരി എട്ടിനും ഒമ്പതിനുമാണ് ഉച്ചകോടി നടത്താന്‍ ശ്രമം നടക്കുന്നതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ജൂണ്‍ അഞ്ചിന് അയല്‍ രാജ്യങ്ങള്‍ ഖത്വറിനെതിരെ ഉപരോധം പ്രഖ്യാപിച്ച ഉടന്‍ തന്നെ മധ്യസ്ഥ ശ്രമവുമായി കുവൈത്ത് രംഗത്തു വന്നിരുന്നു. കുവൈത്ത് അമീര്‍ യു എ ഇ, ഖത്വര്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു. ഗള്‍ഫ് പ്രതിസന്ധിക്ക് പരിഹാരം തേടി ഇടപെട്ട അമേരിക്ക, യു കെ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളെല്ലാം സന്ധിസംഭാഷണത്തിലൂടെ പ്രശ്‌നം പരിഹരിക്കാനാണ് ആവശ്യപ്പെട്ടത്. അവരെല്ലാം കുവൈത്തിന്റെ മധ്യസ്ഥശ്രമങ്ങള്‍ക്ക് പിന്തുണ അറിയിക്കുകയും ചെയ്തു. എന്നാല്‍ സംഭാഷണത്തോട് ഉപരോധ രാജ്യങ്ങള്‍ പുറം തിരിഞ്ഞു നില്‍ക്കുകയായിരുന്നു. ഖത്വര്‍ പങ്കെടുക്കുന്ന സംഗമങ്ങളില്‍നിന്നു വിട്ടുനില്‍ക്കുമെന്ന നിലപാടിന്റെ ഭാഗമായാണ് ജി സി സി ഉച്ചകോടിയില്‍ ഭരണാധികാരികള്‍ വരാതിരുന്നത്.