നന്ദി പറയാന്‍ അവരെത്തി, കുശലം പറഞ്ഞ് മുഖ്യമന്ത്രിയും

Posted on: December 29, 2017 11:50 am | Last updated: December 29, 2017 at 11:38 am

മുക്കം: മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് ആദ്യമായി പാഠപുസ്തകവും കരിക്കുലവും അനുവദിച്ചതിന് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് നന്ദി അറിയിക്കാന്‍ അവര്‍ തിരുവനന്തപുരത്തെത്തി. മുക്കം പന്നിക്കോട് ലൗഷോര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ഭിന്ന ശേഷിക്കാരായ പത്ത് കുട്ടികളാണ് സെക്രട്ടേറിയറ്റിലെത്തിയത്.

കുട്ടികള്‍ തന്നെ നിര്‍മിച്ച ബൊക്കെയുമായാണ് അവര്‍ മുഖ്യമന്ത്രിക്കടുത്തെത്തിയത്.തിരക്കിനിടയിലും ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളുടെ കൂടെ പിണറായി വിജയന്‍ സമയം ചിലവഴിച്ചു. ഭിന്ന ശേഷിക്കാരായ വിദ്യാര്‍ഥികളെ കുറിച്ച് യു എ മുനീര്‍ നിര്‍മിച്ച് ബൈജു രാജ് സംവിധാനം ചെയ്യുന്ന ഡോക്യുഫിക്ഷന്റെ ഭാഗമായിരുന്നു സന്ദര്‍ശനം.

പരസഹായം ആവശ്യമുള്ള ഭിന്നശേഷിക്കാരെ അമ്മമാരെ പോലെ പരിപാലിക്കുന്ന ടീച്ചര്‍മാര്‍ക്കും ആയമാര്‍ക്കും ജീവിത നിലവാരം മെച്ച പ്പെടുത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടികള്‍ മുഖ്യ മന്ത്രിക്ക് നിവേദനവും നല്‍കി.