International
പണം എറിഞ്ഞ് പിന്തുണ നേടാന്‍ ഇസ്‌റാഈല്‍

ടെല്‍ അവീവ്: പണം എറിഞ്ഞ് ദരിദ്ര രാജ്യങ്ങളെ സ്വാധീനിക്കാന്‍ ഇസ്‌റാഈല്‍ ശ്രമം. ജറൂസലമിലെ തലസ്ഥാനമാറ്റവുമായി ബന്ധപ്പെട്ട് യു എന്നിലുണ്ടായ തിരിച്ചടി ആവര്‍ത്തിക്കാതിരിക്കാന്‍ ഏറെ ആസൂത്രണത്തോടെയാണ് ഇസ്‌റാഈല്‍ നീങ്ങുന്നത്. യു എന്‍ പൊതുസഭയില്‍ തങ്ങള്‍ക്കെതിരെ വരുന്ന പ്രമേയങ്ങളെ പ്രതികൂലിക്കാനുള്ള അംഗരാജ്യങ്ങളെ രൂപപ്പെടുത്തുകയാണ് ഇസ്‌റാഈലിന്റെ ലക്ഷ്യം. തിരഞ്ഞെടുത്ത ദരിദ്ര രാജ്യങ്ങള്‍ക്ക് അഞ്ച് കോടി ഡോളറിന്റെ സഹായം നല്‍കാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആലോചിക്കുന്നതായി ഇസ്‌റാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ജറൂസലം വിഷയത്തില്‍ വിളിച്ചുചേര്‍ത്ത യു എന്‍ പൊതുസഭയില്‍ അമേരിക്ക ഉള്‍പ്പെടെ കേവലം എട്ട് രാജ്യങ്ങള്‍ മാത്രമാണ് ഇസ്‌റാഈലിന് അനുകൂലായ നിലപാട് സ്വീകരിച്ചത്. 35 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നപ്പോള്‍ 128 രാജ്യങ്ങള്‍ ഇസ്‌റാഈലിനെതിരെ ഒറ്റക്കെട്ടായി രംഗത്തെത്തി. അമേരിക്കയുടെ ഭീഷണി മറികടന്നാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ഇസ്‌റാഈലിനെതിരായ പ്രമേയത്തെ പിന്തുണച്ചത്. അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെട്ട സാഹചര്യത്തിലാണ് പുതിയ തന്ത്രവുമായി ഇസ്‌റാഈല്‍ രംഗത്തെത്തിയത്.
കിഴക്കന്‍ യൂറോപ്പ്, ഏഷ്യ, ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കാണ് ഇസ്‌റാഈല്‍ പുതിയ തന്ത്രവുമായി രംഗപ്രവേശം ചെയ്യുന്നത്. കൃഷി, നേതൃത്വ വികസനം, സാങ്കേതിക മേഖല എന്നിവിടങ്ങളിലേക്ക് സഹായം നല്‍കാനാണ് തീരുമാനം.
ഫലസ്തീനെതിരായ ഇസ്‌റാഈലിന്റെ മനുഷ്യത്വരഹിത നിലപാടുകളെ യൂറോപ്യന്‍ രാജ്യങ്ങള്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കാന്‍ തുടങ്ങിയതോടെയാണ് പണം എറിഞ്ഞ് സ്വാധീനം നേടിയെടുക്കാനുള്ള ഇസ്‌റാഈലിന്റെ ശ്രമം.
അതിനിടെ, ജറൂസലം വിഷയത്തില്‍ യു എന്നില്‍ ഇസ്‌റാഈലിന് അനുകൂലമായ നിലപാട് സ്വീകരിച്ചത് അമേരിക്കയുടെ സമ്മര്‍ദത്തെ തുടര്‍ന്നല്ലെന്ന് ഗ്വാട്ടിമാല വൃത്തങ്ങള്‍ അറിയിച്ചു. അമേരിക്കയുടെ പ്രധാന സഖ്യമായ മധ്യ ആഫ്രിക്കന്‍ രാജ്യമാണിത്. തങ്ങള്‍ക്ക് യു എന്നിലെ വോട്ടിന്റെ സമയത്ത് ബാഹ്യ സമ്മര്‍ദങ്ങളൊന്നുമില്ലായിരുന്നുവെന്നും വിദേശ നയത്തിന്റെ ഭാഗമായി സര്‍ക്കാര്‍ കൈകൊണ്ട നിലപാടാണിതെന്നും വിദേശകാര്യ മന്ത്രി സാന്ദ്ര ജൊവെല്‍ വ്യക്തമാക്കി.