അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി

Posted on: December 28, 2017 11:18 am | Last updated: December 28, 2017 at 3:31 pm

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പാക്കിസ്ഥാനുമായി ബന്ധമുണ്ടെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമര്‍ശനത്തിനു വിശദീകരണം നല്‍കിയ അരുണ്‍ ജെയ്റ്റ്‌ലിക്കെതിരെ പരിഹാസവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്.

ഉദ്ദേശിക്കുന്നതു പറയാത്തതും ഉദ്ദേശിക്കാത്തതു പറയുകയും ചെയ്യുന്നയാളാണു നമ്മുടെ പ്രധാനമന്ത്രിയെന്ന് ഇന്ത്യയെ ഓര്‍മിപ്പിച്ചതിനു നന്ദിയുണ്ടെന്നാണു രാഹുല്‍ ട്വിറ്ററിലൂടെ പറഞ്ഞു.

വിവാദത്തെത്തുടര്‍ന്നു പാര്‍ലമെന്റിന്റെ ഇരു സഭകളും നിരന്തരം പ്രക്ഷുബ്ധമാകുന്ന സാഹചര്യത്തില്‍ ബുധനാഴ്ച രാജ്യസഭയിലായിരുന്നു അരുണ്‍ ജയ്റ്റ്‌ലി മറുപടി നല്‍കിയത്.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെയും ഹാമിദ് അന്‍സാരിയുടെയും ദേശസ്‌നേഹത്തെ പ്രധാനമന്ത്രി ചോദ്യം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നായിരുന്നു ജെയ്റ്റ്‌ലിയുടെ മറുപടി. അത്തരത്തിലുള്ള പ്രചരണങ്ങളെല്ലാം തെറ്റാണെന്നും രണ്ടു നേതാക്കളുടെയും രാജ്യത്തോടുള്ള നിലപാട് ഏറെ ഉയര്‍ന്നതാണെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.