നെല്ല് സംഭരണം 1.36 ലക്ഷം ടണ്‍ കവിഞ്ഞു

Posted on: December 28, 2017 10:28 am | Last updated: December 28, 2017 at 10:28 am

കണ്ണൂര്‍: കാലാവസ്ഥാ മാറ്റം തുടക്കത്തില്‍ ചതിച്ചെങ്കിലും സംസ്ഥാനത്ത് ഇക്കുറി വലിയ നഷ്ടമില്ലാതെ നെല്ല് സംഭരണത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാകുന്നു. ഒക്ടോബര്‍ മുതല്‍ ജനുവരി വരെയുള്ള കൊയ്ത്ത് സീസണില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് കുടിശ്ശികയില്ലാതെ വില അതാത് സമയത്ത് തന്നെ കൊടുത്ത് തീര്‍ത്ത് നെല്ല്് ഏറ്റെടുക്കാനുള്ള സര്‍ക്കാറിന്റെ ആദ്യശ്രമം വിജയിച്ചു.

ഒന്നാം വിളയായ ആദ്യ കൊയ്ത്ത് സീസണില്‍ ഇക്കുറി കര്‍ഷകരില്‍ നിന്ന് 1,36,000 മെട്രിക് ടണ്‍ നെല്ലാണ് സപ്ലൈകോ ഏറ്റെടുത്തത്. പാലക്കാട്, കോട്ടയം ജില്ലകളിലുള്‍പ്പെടെയുള്ള പാടശേഖരങ്ങളില്‍ നിന്ന് ഇനിയും നെല്ല് സംഭരണം പൂര്‍ത്തിയാകേണ്ടതുണ്ട്. ഒന്നാം വിളയില്‍ ഒന്നര ലക്ഷം ടണ്‍ നെല്ല് സംഭരിക്കാനാകുമെന്നാണ് സിവില്‍ സപ്ലൈസ് വകുപ്പ് കണക്ക്കൂട്ടുന്നത്. കഴിഞ്ഞ വര്‍ഷം സംഭരിച്ച നെല്ലിനേക്കാള്‍ കൂടുതലല്ലെങ്കിലും വലിയ നഷ്ടം ഇക്കുറിയുണ്ടായിട്ടില്ലെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. അടുത്ത സെപ്തംബര്‍ 30വരെ സംസ്ഥാനത്തെ നെല്‍കൃഷി വിളവെടുപ്പില്‍ നിന്ന് 4.5 ലക്ഷം മെട്രിക് ടണ്‍ നെല്ല് സംഭരിക്കാനാണ് സിവില്‍ സപ്ലൈസ് വകുപ്പിന്റെ ലക്ഷ്യം. ആകെ രജിസ്റ്റര്‍ ചെയ്ത ഒന്നര ലക്ഷം കര്‍ഷകരില്‍ 43,800 പേരില്‍ നിന്നാണ് ഇതുവരെയായി നെല്ല്് ഏറ്റടുത്തത്.

പാലക്കാട് ജില്ലയില്‍ നിന്ന് 59,530 ടണ്‍നെല്ലും ആലപ്പുഴയില്‍ നിന്ന് 51,507 ടണ്‍ നെല്ലും സംഭരിച്ചു. 21,895 ടണ്‍ നെല്ലാണ് കോട്ടയം ജില്ലയില്‍ നിന്ന് ഏറ്റെടുത്തത്.
കേഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്ന് ചെറിയ തോതില്‍ നെല്ല് സംഭരിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്ന് 59 കര്‍ഷകര്‍ മാത്രമാണ് ഇക്കുറി നെല്ല് സംഭരണത്തിന് രജിസ്ട്രര്‍ ചെയ്തത്.
നെല്ല് സംഭരിച്ച വകയില്‍ ഇതിനകം 195 രൂപയാണ് കര്‍ഷകര്‍ക്ക് നല്‍കിയത്. സംഭരണ വിലയില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കിലോഗ്രാമിന് 80 പൈസയുടെ വര്‍ധനവ് വരുത്തി, ഈ വര്‍ഷം കിലോഗ്രാമിന് 23.30 രൂപയാണ് കര്‍ഷകര്‍ക്ക് നല്‍കിയത്. ഇതില്‍ 7.80 രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന നെല്‍ കൃഷി പ്രോത്സാഹന ബോണസും ബാക്കി 15.50 രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച തറവിലയുമാണ്.
സംഭരിച്ച നെല്ലിന്റെ വില കര്‍ഷകര്‍ക്ക് കാലതാമസം കൂടാതെ വിതരണം ചെയ്യുന്നതിന് വിവിദ ബേങ്കുകളുമായി ചേര്‍ന്ന് പ്രത്യേക സൗകര്യം ഒരുക്കിയിരുന്നു. നിര്‍ദേശിക്കപ്പെട്ട ബേങ്കുകളില്‍ അക്കൗണ്ടുള്ളവര്‍ക്ക് പി ആര്‍ എസ് ലഭിച്ചാലുടന്‍ പണം വായ്പയായി ലഭ്യമാകും. ഈ തുക പിന്നീട് സംസ്ഥാന സര്‍ക്കാര്‍ ബേങ്കുകള്‍ക്ക് കൈമാറും. മുന്‍കാലങ്ങളില്‍ കേന്ദ്ര, സ്ഥാന വിഹിതങ്ങള്‍ ലഭിക്കുന്നതുവരെ കര്‍ഷകര്‍ പണത്തിനായി കാത്തിരിക്കണമായിരുന്നു. എന്നാല്‍, കര്‍ഷകരുടെ ദുരിതം പരിഗണിച്ചാണ് ഇത്തവണ സംസ്ഥാന സര്‍ക്കാര്‍ ബേങ്കുകളുമായി കരാര്‍ ഉണ്ടാക്കി വേഗത്തില്‍ തുക ലഭ്യമാക്കിയത്.

കൃഷിക്കാരില്‍ നിന്ന് സംഭരിച്ച നെല്ല് സര്‍ക്കാര്‍ ഏറ്റെടുത്ത 40 ഓളം മില്ലുകളില്‍ നിന്ന് അരിയാക്കി റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുകയാണ് ചെയ്യുന്നത്.
ഇപ്പോള്‍ സംഭരിച്ച നെല്ല് ജൂണിലാണ് അരിയായി കടകളിലെത്തുക. സംസ്ഥാനത്ത് നിലവില്‍ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്, തൃശ്ശൂര്‍ തിരുവനന്തപുരം, കൊല്ലം, മലപ്പുറം ജില്ലകളിലാണ് റേഷന്‍ കുത്തരി വിതരണം ചെയ്യുന്നത്. ഇത്തവണ കോഴിക്കോട് ജില്ലയിലേക്ക് കൂടി ഇത് വ്യാപിപ്പിച്ചതായി സിവില്‍ സപ്ലൈസ് അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് കുത്തരിക്ക് പുറമെ വെള്ളപുഴുക്കലരിയും പച്ചരിയുമാണ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് വഴി റേഷന്‍ കടകളില്‍ വിതരണം ചെയ്യുന്നത്. ഇതില്‍ വെള്ള പുഴുക്കലരിയും പച്ചരിയും എഫ് സി ഐ ഗോഡൗണില്‍ നിന്നാണെത്തുന്നത്.