ഐഎസ് റിക്രൂട്ട്‌മെന്റ് കേസ്: എന്‍ഐഎ സംഘം വീണ്ടും ഫ്രാന്‍സിലേക്ക്

Posted on: December 28, 2017 9:46 am | Last updated: December 28, 2017 at 11:28 am

ന്യൂഡല്‍ഹി: ഐഎസ് കേസ് അന്വേഷിക്കാന്‍ എന്‍ഐഎ സംഘം വീണ്ടും ഫ്രാന്‍സിലേക്ക് പോകും. പാരീസ് ആക്രമണക്കേസിലെ പ്രതികളെ ചോദ്യം ചെയ്യും.

ഭീകരരെ റിക്രൂട്ട് ചെയ്ത കേസില്‍ അറസ്റ്റിലായ തൊടുപുഴ സ്വദേശി സുബഹാനിക്ക് പാരിസ് ആക്രമണക്കേസ് പ്രതികളെ അറിയാമെന്നു കണ്ടെത്തിയിരുന്നു. അതേസമയം ഫ്രഞ്ച് സംഘം ഉടനെ തന്നെ ഇന്ത്യയിലെത്തി സുബ്ഹാനിയെയും ചോദ്യം ചെയ്യും. ഇതിനു കോടതിയുടെ അനുമതി തേടാന്‍ നടപടി തുടങ്ങി.

2015ലെ പാരിസ് ആക്രമണക്കേസിലെ അന്വേഷണത്തോടു സഹകരിക്കാനുള്ള ഫ്രഞ്ച് അന്വേഷണ ഏജന്‍സിയുടെ ക്ഷണം സ്വീകരിച്ച് എന്‍ഐഎയുടെ മലയാളി എസ്പി എ.പി. ഷൗക്കത്തലി അടങ്ങുന്ന സംഘം ഏപ്രിലില്‍ പാരിസിലെത്തിയിരുന്നു.

കഴിഞ്ഞ വര്‍ഷം അവസാനം ഫ്രഞ്ച് അന്വേഷണ സംഘം ഡല്‍ഹിയിലെത്തി എന്‍ഐഎ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനുശേഷം സുബഹാനി ഹാജ നടത്തിയ വെളിപ്പെടുത്തലുകളുടെ വെളിച്ചത്തിലാണു പാരിസ് ആക്രമണക്കേസില്‍ സംയുക്ത അന്വേഷണത്തിനായി എന്‍ഐഎ ഉദ്യോഗസ്ഥരെ ക്ഷണിച്ചത്.

കണ്ണൂരിലെ കനകമലയില്‍ രഹസ്യയോഗം നടത്താന്‍ ഒത്തുചേര്‍ന്ന സംഘത്തിലുണ്ടായിരുന്ന സുബഹാനിയെ എന്‍ഐഎ അറസ്റ്റു ചെയ്തതോടെയാണ് ഇവരുടെ സംഘത്തിന്റെ വിദേശ ബന്ധങ്ങളെക്കുറിച്ചു വിവരം ലഭിച്ചത്. സുബഹാനിക്കു പാരിസ് ഭീകരാക്രമണത്തിന്റെ പ്രധാന വിവരങ്ങള്‍ അറിയാമെന്ന് എന്‍ഐഎ ഫ്രഞ്ച് അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു.

2015 നവംബറിലാണു 150 പേര്‍ മരിച്ച ഭീകരാക്രമണം പാരിസിലുണ്ടായത്. തീയറ്ററില്‍ നൂറിലേറെപ്പേരെ കൊലപ്പെടുത്തിയ വെടിവയ്പിനു നേതൃത്വം നല്‍കിയ അബ്ദുല്‍ ഹമീദ് അബൗദിനെ നേരിട്ടറിയാമെന്നു സുബഹാനി സമ്മതിച്ചിരുന്നു. സുബഹാനി പങ്കെടുത്ത ആയുധ പരിശീലന ക്യാംപിന്റെ യൂണിറ്റ് കമാന്‍ഡര്‍ ഫ്രഞ്ച് പൗരനായിരുന്നെന്നും മൊഴിയിലുണ്ട്.