ഇറാഖിലും സിറിയയിലും അവേശേഷിക്കുന്നത് ആയിരം ഇസില്‍ തീവ്രവാദികള്‍

Posted on: December 28, 2017 12:37 am | Last updated: December 28, 2017 at 12:37 am

വാഷിംഗ്ടണ്‍: ഇറാഖിലും സിറിയയിലുമായി ആയിരത്തോളം ഇസില്‍ തീവ്രവാദികള്‍ അവശേഷിക്കുന്നുള്ളുവെന്ന് ഇവര്‍ക്കെതിരെ ആക്രമണം നടത്തുന്ന അമേരിക്കന്‍ നേത്യത്വത്തിലുള്ള സഖ്യസേന പറഞ്ഞു. മൂന്നാഴ്ച മുമ്പ് കണക്ക് കൂട്ടിയതിനേക്കാള്‍ മൂന്നിലൊന്ന് ഇസില്‍ തീവ്രവാദികളെ ഇരു രാജ്യങ്ങളിലുമൊള്ളു. ഇരു രാജ്യങ്ങളിലേയും സൈന്യങ്ങളും വിദേശ സഖ്യ സേനകള്‍ക്കും പ്രാദേശിക സായുധ സംഘങ്ങള്‍ക്കുമൊപ്പം ഇസിലിനെതിരെ ഒരു വര്‍ഷമായി നടന്നുവന്ന യുദ്ധത്തില്‍ തങ്ങള്‍ വിജയം കൈവരിച്ചതായി അടുത്തിടെ ഇറാഖും സിറിയയും പ്രഖ്യാപിച്ചിരുന്നു.

2014ലാണ് അമേരിക്കന്‍ നേത്യത്വത്തിലുള്ള സഖ്യസേന ഇറാഖില്‍ ഇസിലിനെതിരെ വ്യോമാക്രമണം തുടങ്ങിയത്. അമേരിക്കന്‍ സേന ഇറാഖ് സര്‍ക്കാറിന്റെ സേനക്കും സിറിയയിലെ കുര്‍ദിഷ്, അറബ് സംഘങ്ങള്‍ക്കും ആവശ്യമായ ഉപദേശങ്ങളും നല്‍കവന്നു. ഇറാഖിലും സിറിയയിലുമായി ഏകദേശം ആയിരത്തില്‍ താഴെ ഇസില്‍ തീവ്രവാദികളെ ഇപ്പോള്‍ ഉള്ളുവെന്നും ഇവര്‍ കിഴക്കന്‍ സിറിയയിലേയും പടിഞ്ഞാറന്‍ ഇറാഖിലേയും മരുഭൂമി മേഖലകളിലാണുള്ളതെന്നും അമേരിക്കന്‍ സഖ്യ സേന റോയിട്ടേഴ്‌സിന് അയച്ച ഇ മെയില്‍ പ്രസ്താവനയില്‍ പറഞ്ഞു. സിറിയയിലെ ഇസില്‍ തീവ്രവാദി വേട്ട അവസാനിച്ചതായി റഷ്യയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

3000 ഇസില്‍ തീവ്രവാദികളെ ഇനി അവശേഷിക്കുന്നുള്ളുവെന്ന് അമേരിക്കന്‍ സഖ്യസേന ഈ മാസം അഞ്ചിന് പറഞ്ഞിരുന്നു. ഇസിലിനുമേല്‍ അന്തിമ വിജയം നേടിയതായി ഈ മാസം ഒമ്പതിനാണ് ഇറാഖ് പ്രഖ്യാപിച്ചത്. ഭൂരിഭാഗം ഇസില്‍ തീവ്രവാദികളേയും കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ കൊലപ്പെടുത്തുകയൊ പിടികൂടുകയൊ ചെയ്തിട്ടുണ്ടെന്നും സഖ്യ സേന കഴിഞ്ഞദിവസം പറഞ്ഞിരുന്നു.