Connect with us

Articles

ലീഡറെ രാജ്യദ്രോഹിയാക്കിയ ആ മഹാപാപി ആരാണ്?

Published

|

Last Updated

runaസ്വന്തം പാര്‍ട്ടിയിലുള്ള എതിരാളികളെ തകര്‍ക്കാനും അധികാരത്തില്‍ നിന്നു പുറത്താക്കാനും എന്തു ഹീനകൃത്യവും ചെയ്യാന്‍ നമ്മുടെ ചില രാഷ്ട്രീയ നേതാക്കള്‍ അറയ്ക്കാറില്ല. കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഇത്തരം നേതാക്കള്‍ പലരെയും നമുക്ക് കാണാന്‍ കഴിയും. 1990 കളില്‍ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ കെട്ടിച്ചമച്ചതാണ് ഐ എസ് ആര്‍ ഒ ചാരക്കേസെന്ന് അന്നുതന്നെ സംസ്ഥാനത്തെ ജനങ്ങള്‍ മനസ്സിലാക്കിയിരുന്ന ഒരു വസ്തുതയാണ്.

വലിയ ഗൂഢാലോചന നടത്തി കരുണാകരനെ പുറത്താക്കിയ ഈ കോണ്‍ഗ്രസ് നേതാക്കള്‍ അതിനെ ന്യായീകരിക്കുകയാണ് ചെയ്തത്. എന്നാല്‍ ഇതിനൊരപവാദമായി ഈ ഗൂഢാലോചനയില്‍ കാര്യമായ പങ്കു വഹിച്ച കെ പി സി സി പ്രസിഡന്റ് എം എം ഹസന്‍ തന്നെ കുറ്റം ഏറ്റുപറഞ്ഞുകൊണ്ട് കുമ്പസരിക്കാന്‍ തയ്യാറായത് കേരള രാഷ്ട്രീയത്തിലെ ഒറ്റപ്പെട്ട സംഭവമാണ്. ഈ കുമ്പസാരത്തിന് സ്വന്തം താത്പര്യ സംരക്ഷണം കൂടിയുണ്ടെന്നുള്ള സംശയവും പലരും ഉയര്‍ത്തിക്കഴിഞ്ഞിട്ടുള്ളതാണ്. എന്തു തന്നെയായാലും ഹസ്സന്റെ പ്രസ്താവന കോണ്‍ഗ്രസില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്നുള്ള കാര്യത്തില്‍ യാതൊരു സംശയവുമില്ല.

ഐ എസ് ആര്‍ ഒ ചാരക്കേസുമായി ബന്ധപ്പെട്ട് ലീഡര്‍ കെ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നീക്കാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചതില്‍ കുറ്റബോധമുണ്ടെന്നാണ് ഹസന്‍ പറഞ്ഞിരിക്കുന്നത്. കെ കരുണാകരന്റെ ശൈലി മാറ്റം ആവശ്യപ്പെട്ടുകൊണ്ടാണ് അദ്ദേഹത്തിനെതിരെയുള്ള നീക്കങ്ങള്‍ ആരംഭിച്ചത്. അത് നടക്കാത്തതിനെ തുടര്‍ന്നാണ് രാജി എന്ന ആവശ്യം ഉയര്‍ന്നത്. ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ ലീഡറോട് കാണിച്ചത് കടുത്ത അനീതിയായിരുന്നു. അതില്‍ അതീവദുഃഖിതനാണെന്നും ഹസന്‍ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്ത് കാലാവധി പൂര്‍ത്തീകരിക്കാന്‍ കരുണാകരന് അവസരം കൊടുക്കേണ്ടതായിരുന്നു. ലീഡറെ താഴെയിറക്കാന്‍ കോണ്‍ഗ്രസിനുള്ളില്‍ ശക്തമായ പ്രചാരണം നടക്കുമ്പോള്‍ ഒരു കാരണവശാലും അദ്ദേഹത്തെ പുറത്താക്കരുതെന്ന് ആവശ്യപ്പെട്ട വ്യക്തിയായിരുന്നു എ കെ ആന്റണി എന്നാണ് ഹസന്‍ പറയുന്നത്. ലീഡറെ രാജിയിലേക്ക് നയിച്ചത് എ കെ ആന്റണി ആണെന്ന് മാധ്യമങ്ങള്‍ വരെ വാര്‍ത്ത നല്‍കിയ ഘട്ടത്തിലും അദ്ദേഹം മൗനം പാലിച്ചു. എന്നാല്‍, അത് ശരിയായിരുന്നില്ല. പി ടി ചാക്കോയെ മന്ത്രിസ്ഥാനത്തു നിന്ന് പുറത്താക്കിയപ്പോഴാണ് പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടായത്. കരുണാകരനെ പുറത്താക്കിയാല്‍ കോണ്‍ഗ്രസിന് അത് ദോഷകരമാകുമെന്ന് ആന്റണി അന്ന് മുന്നറിയിപ്പു നല്‍കിയിരുന്നു. ലീഡറെ പുറത്താക്കിയതുകൊണ്ട് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.
അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ ആജ്ഞയെ തുടര്‍ന്ന് കേന്ദ്രമന്ത്രിസ്ഥാനം രാജി വെച്ചാണ് ആന്റണി കേരളത്തിലെത്തിയത്. മനസ്സില്ലാമനസ്സോടെയാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തത്. ഗ്രൂപ്പിസം പാര്‍ട്ടിക്ക് ദോഷകരമായ ഘട്ടത്തിലും തിരഞ്ഞെടുപ്പില്‍ തര്‍ക്കങ്ങളില്ലാതെ വിജയം കൈവരിക്കാന്‍ പാര്‍ട്ടിയെ നയിച്ച നേതാക്കളായിരുന്നു കരുണാകരനും ആന്റണിയും. ഗ്രൂപ്പിസത്തിനതീതമായി പാര്‍ട്ടിയെ മുന്നോട്ടുകൊണ്ടുപോകണമെന്നതില്‍ മികച്ച മാതൃക നല്‍കിയ നേതാക്കളായിരുന്നു ഇരുവരും. താനുള്‍പ്പെടെയുള്ളവര്‍ ലീഡര്‍ക്കെതിരെ പരസ്യപ്രസ്താവനകള്‍ നടത്തിയപ്പോഴും അദ്ദേഹം ഒരു നീരസവും കാണിച്ചിരുന്നില്ലെന്നും ഹസന്‍ അനുസ്മരിച്ചു.
എം എം ഹസന്റെ ഈ പ്രസ്താവന സംസ്ഥാന കോണ്‍ഗ്രസില്‍ രൂപം കൊള്ളുന്ന ഗ്രൂപ്പ് സമവാക്യങ്ങളുടെ പ്രതിഫലനമാണെന്നതില്‍ തര്‍ക്കമില്ല. പുതിയ കൂട്ടുകെട്ട് ഉമ്മന്‍ ചാണ്ടിക്കെതിരായിട്ടുള്ളതാണെന്ന് കണക്കാക്കുന്നതിലും തെറ്റില്ല. ഹസനും അദ്ദേഹത്തോടൊപ്പമുള്ള ചില നേതാക്കളും ഐ ഗ്രൂപ്പും ചേര്‍ന്നാണ് പുതിയ ചേരി രൂപം കൊള്ളുന്നത്. താത്കാലിക കെ പി സി സി പ്രസിഡന്റായി നിയമിതനായ ഹസന് പകരം പുതിയ സ്ഥിരം പ്രസിഡന്റിനെ കൊണ്ടുവരാനുള്ള നീക്കം നടക്കുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ ഈ പരാമര്‍ശം എന്നത് ശ്രദ്ധിക്കണം. ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായ ബെന്നി ബഹനാനെ പ്രസിഡന്റാക്കാന്‍ നീക്കം നടക്കുന്നതായി സൂചനയുണ്ട്. ഇതിനിടയില്‍ ഉമ്മന്‍ചാണ്ടിയും ശശി തരൂരും പ്രവര്‍ത്തകസമിതിയംഗങ്ങളായേക്കുമെന്ന വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടി പ്രവര്‍ത്തകസമിതിയില്‍ വരുന്നതില്‍ ഐ ഗ്രൂപ്പിന് താത്പര്യമില്ല.

ഹസന്‍ തന്നെ പ്രസിഡന്റായി തുടരണമെന്ന നിലപാടാണ് ഐ ഗ്രൂപ്പിലെ പല പ്രമുഖര്‍ക്കുമുള്ളത്. ഈ പിന്തുണയാണ് എ ഗ്രൂപ്പിലെ പ്രമുഖനായിരുന്ന ഹസനെ ഐ ഗ്രൂപ്പുമായി അടുപ്പിക്കുന്നത്. അതുകൊണ്ടുതന്നെ പുതിയൊരു പ്രസിഡന്റ് വരുന്നത് തടയിടാന്‍ ഈ കൂട്ടുകെട്ട് നീക്കം ആരംഭിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടി പ്രവര്‍ത്തകസമിതിയിലെത്തിയാല്‍ പുതിയ പ്രസിഡന്റിനെ തീരുമാനിക്കുന്ന കാര്യത്തില്‍ അദ്ദേഹത്തിന് നിര്‍ണായക സ്വാധീനമുണ്ടാകുമെന്നാണ് ഈ വിഭാഗത്തിന്റെ വിലയിരുത്തല്‍. അതൊക്കെ മുന്നില്‍ കണ്ട് ഉമ്മന്‍ചാണ്ടി പ്രവര്‍ത്തക സമിതിയില്‍ വരുന്നത് തടയുക എന്ന ലക്ഷ്യം ഹസന്റെ വെളിപ്പെടുത്തലില്‍ ഉണ്ടെന്ന് എ ഗ്രൂപ്പിലെ പ്രമുഖര്‍ സംശയിക്കുന്നു.
ഹസന്റെ പ്രസ്താവന കോണ്‍ഗ്രസില്‍ പുതിയ തര്‍ക്കങ്ങള്‍ക്ക് തിരികൊളുത്തിയിട്ടുണ്ടെങ്കിലും ഉമ്മന്‍ചാണ്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നതായി ഹസന്‍ ആവര്‍ത്തിച്ചിട്ടുമുണ്ട്. ഈ വിവാദം മുറുകിയാല്‍ ഇക്കാര്യത്തില്‍ ആന്റണിയുടെ പ്രതികരണമായിരിക്കും നിര്‍ണായകമാവുക. എന്നാല്‍ കരുണാകരനെ താഴെയിറക്കാന്‍ താന്‍ കൂട്ടുനിന്നെന്ന് ആന്റണി ഒരിക്കലും പറയുകയില്ലെന്ന് ഹസനും – ഐ വിഭാഗവും കരുതുന്നു. ഈ സാഹചര്യത്തില്‍ വിവാദമുണ്ടായാല്‍ ഉമ്മന്‍ ചാണ്ടി പ്രതിരോധത്തിലാകുമെന്നാണ് അവരുടെ കണക്കുകൂട്ടല്‍.
ഹസന്‍ നടത്തിയ വെളിപ്പെടുത്തലില്‍ സന്തോഷമുണ്ടെന്ന് കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍ പറഞ്ഞു. തെറ്റു ചെയ്താല്‍ അത് തുറന്നുപറയാന്‍ അധികമാരും തയ്യാറാവില്ല. എന്നാല്‍ ഇങ്ങനെ പറഞ്ഞത് വലിയ നന്മയാണ്. ജനങ്ങള്‍ക്ക് കാര്യങ്ങളെല്ലാമറിയാം. കരുണാകരന്റെ ആത്മാവിനെങ്കിലും ഇതുകേട്ട് ശാന്തി കിട്ടട്ടെ എന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇതിനിടയില്‍ ഹസന്റെ പരാമര്‍ശങ്ങള്‍ വിവാദമാക്കരുതെന്നെ അഭ്യര്‍ഥനയുമായി കരുണാകരന്റെ മകന്‍ മുരളീധരന്‍ രംഗത്തു വന്നിട്ടുണ്ട്. ഹസന്‍ പ്രസിഡന്റായി തുടരണമെന്നു തന്നെയാണ് മുരളീധരന്റെയും നിലപാടെങ്കിലും ഉമ്മന്‍ചാണ്ടിയുമായി അദ്ദേഹമിപ്പോള്‍ നല്ല ബന്ധത്തിലാണ്.
സോളാര്‍ കേസില്‍ നില്‍ക്കകള്ളിയില്ലാതെ കുഴങ്ങുന്നതിനിടെ എം എം ഹസന്റെ അപ്രതീക്ഷിത ചതിപ്രയോഗത്തില്‍ ഉമ്മന്‍ ചാണ്ടിയും കൂട്ടരും അന്തംവിട്ടു നില്‍ക്കുകയാണ്. ഇനി ഹസനുമായി സഹകരിക്കേണ്ടതില്ലെന്നാണ് ഈ പക്ഷത്തിന്റെ തീരുമാനം. ഐ ഗ്രൂപ്പിലെ ചില നേതാക്കളുടേതടക്കമുള്ള പിന്തുണയോടെയാണ് ഹസന്റെ നീക്കമെന്നാണ് എ ഗ്രൂപ്പിലെ ഉമ്മന്‍ ചാണ്ടി വിഭാഗത്തിന്റെ വിലയിരുത്തല്‍. ചാരക്കേസിനെ തുടര്‍ന്ന് കെ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് തെറിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയത് ഉമ്മന്‍ ചാണ്ടിയാണെന്ന് തന്നെയാണ് ഹസന്‍ പറഞ്ഞിരിക്കുന്നത്. ഇക്കാര്യത്തില്‍ പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് ഉമ്മന്‍ ചാണ്ടി ക്ഷുഭിതനാവുകയും ചെയ്തിട്ടുണ്ട്.
എ കെ ആന്റണിയുടെ അനുഗ്രഹാശ്ശിസ്സുകളോടെ തന്നെയാണ് എ ഗ്രൂപ്പിലെ അട്ടിമറിക്കാര്‍ കരുണാകരനെ നിലംപരിശാക്കിയതെന്ന് ജനങ്ങള്‍ ഇപ്പോഴും വിശ്വസിക്കുകയാണ്. അധികാരമോഹമുണ്ടായിട്ടല്ല, ധര്‍മവും ആദര്‍ശവും പുനഃസ്ഥാപിക്കാനാണ് കരുണാകരനെ മാറ്റിയത് എന്ന എ നേതൃത്വത്തിന്റെ പ്രസ്താവനയെ അന്നും ജനങ്ങള്‍ വിശ്വാസത്തിലെടുത്തിട്ടില്ലായിരുന്നു. കരുണാകരനെ മാറ്റി മുഖ്യമന്ത്രി സ്ഥാനത്ത് ആന്റണി വന്നതോടു കൂടി ഗൂഢാലോചനയില്‍ മുഖ്യപങ്കാളി ആന്റണി തന്നെയാണെന്ന് ജനങ്ങളാകെ കരുതുകയും ചെയ്തു. എന്തായാലും ഹസന്റെ പ്രസ്താവന കൊണ്ടുമാത്രം ഇതിന്റെ പാപക്കറയില്‍ നിന്നും മോചനം നേടാന്‍ എ കെ ആന്റണിക്ക് കഴിയുകയില്ല.
ഹസന്റെ വെളിപ്പെടുത്തല്‍ ഗുരുതരമാണെന്ന പ്രതികരണവുമായി ഐ ഗ്രൂപ്പിലെ ഡി സുഗതനടക്കമുള്ള നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ താഴെയിറക്കിയതിനു പിന്നില്‍ നടന്ന നാടകങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് തുടരാനുള്ള ഹസന്റെ നീക്കമാണ് ഈ പ്രസ്താവനക്ക് പിന്നിലെന്ന പ്രചാരണവുമായി ഉമ്മന്‍ചാണ്ടി പക്ഷം രംഗത്തിറങ്ങിയിട്ടുണ്ട്. ഹസനെ പ്രസിഡന്റായി തുടരാന്‍ അനുവദിക്കില്ലെന്നും ഇക്കൂട്ടര്‍ പറയുന്നു. കരുണാകരന്റെ മകന്‍ കൂടിയായ കെ മുരളീധരനെ ഒപ്പം നിര്‍ത്തി പട നയിക്കാനാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും ശ്രമിക്കുന്നത്.

എം എം ഹസന്റെ പ്രസ്താവനയെ സ്വാഗതം ചെയ്‌തെങ്കിലും അര്‍ധ സത്യങ്ങള്‍ മാത്രമാണ് ഇതിലുള്ളതെന്ന് ചൂണ്ടിക്കാട്ടി ഐ എസ് ആര്‍ ഒ ചാരക്കേസിലെ പ്രതിയായിരുന്ന പ്രശസ്ത ശാസ്ത്രജ്ഞന്‍ നമ്പിനാരായണനും രംഗത്തു വന്നിട്ടുണ്ട്. ഈ ചാരക്കേസ് കരുണാകരനെ താഴെയി
റക്കാന്‍ വേണ്ടിയുള്ള വന്‍രാഷ്ട്രീയ ഗൂഢാലോചനയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അന്നത്തെ സാഹചര്യത്തില്‍ എ കെ ആന്റണി അറിയാതെ ഈ ഗൂഢാലോചന ഒരു കാരണവശാലും നടക്കുകയില്ല. അതുകൊണ്ടുതന്നെ ഈ ഗൂഢാലോചനയെ സംബന്ധിച്ച് സമഗ്രമായ അനേ്വഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. ചാരക്കേസിനെ സംബന്ധിച്ച് സമഗ്രമായ അനേ്വഷണം വേണമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ അടക്കമുള്ള മറ്റു പ്രമുഖ രാഷ്ട്രീയനേതാക്കളും ഇതിനകം ആവശ്യമുന്നയിച്ചിട്ടുണ്ട്. കേരള രാഷ്ട്രീയത്തില്‍ അതുകൊണ്ടുതന്നെ ഹസന്റെ പ്രസ്താവന വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ പോവുകയാണ്. നമ്മുടേത് ഒരു ജനാധിപത്യ രാഷ്ട്രമാണ്. രാഷ്ട്രീയ പാര്‍ട്ടികളാണ് ഇതിലെ മുഖ്യകണ്ണി. രാഷ്ട്രീയ പാര്‍ട്ടികളും രാഷ്ട്രീയ നേതാക്കളും സത്യസന്ധരായിരിക്കുകയും ജനാധിപത്യവും അതിന്റെ മര്യാദകളും പാലിക്കുകയും ചെയ്തില്ലെങ്കില്‍ ഈ ജനാധിപത്യത്തിന് യാതൊരു നിലനില്‍പ്പുമില്ല. സ്വന്തം പാര്‍ട്ടിയിലെ നേതാക്കളെ തന്നെ കരിതേക്കാനും അപമാനിതരാക്കാനും രാജ്യദ്രോഹകുറ്റം ചുമത്തി പുറത്തു ചാടിക്കാനും ശ്രമിക്കുന്ന നേതാക്കള്‍ അവരാരായാലും രാജ്യത്തിന്റെ ചരിത്രത്തെ മുന്നോട്ടുനയിക്കാനല്ല; മറിച്ച് പിന്നോട്ട് നയിക്കാനാണ് ശ്രമിക്കുന്നത്. സത്യത്തെ എന്നും മൂടിവെക്കാന്‍ ആര്‍ക്കും കഴിയുകയില്ല. ഇന്നല്ലെങ്കില്‍ നാളെ അത് പുറത്തുവരുമെന്നതാണ് വസ്തുത. ഐ എസ് ആര്‍ ഒ ചാരക്കേസിന്റെ ചുരുള്‍ ഇപ്പോഴെങ്കിലും അഴിഞ്ഞതും അതുകൊണ്ടു തന്നെയാണ്.

 

കേരള സർവ്വകലാശാല മുൻ സിൻഡിക്കേറ്റ് അംഗം. ഫോൺ നമ്പർ : 9847132428

Latest