രോഗം വിതച്ച് റെയില്‍വേ മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ പുക

Posted on: December 27, 2017 12:02 pm | Last updated: December 27, 2017 at 12:02 pm

ഷൊര്‍ണൂര്‍: കൊച്ചിന്‍ പാലത്തിന് സമീപം റെയില്‍വേയുടെ മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ നിന്നുള്ള വിഷപുക ശ്വസിച്ച് രോഗങ്ങളെ ഭയന്നിരിക്കുകയാണ് നാട്ടുകാരും യാത്രക്കാരും. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള ടണ്‍കണക്കിന് മാലിന്യമാണ് ദിനംപ്രതി ഇവിടെ കത്തിച്ച് അന്തരീക്ഷം വിഷാംശമാക്കുന്നത്.

ഉയരം കുറഞ്ഞ പുക കഴലുള്ള മാലിന്യ സംസ്‌കരണ പ്ലാന്റിന് അമ്പത് മീറ്റര്‍ സമീപത്തു കൂടിയാണ് തൃശൂര്‍ -പാലക്കാട് സംസ്ഥാന പാത കടന്നു പോകുന്നത്. ആയിരക്കണക്കിന് യാത്രക്കാര്‍ ഈ പുക ശ്വസിച്ച് വീര്‍പ്പു മുട്ടുന്നു.കൂടാതെ തെക്കേ റോഡ്, നമ്പ്രം പ്രദേശത്തുള്ള നൂറ് കണക്കിന് വീട്ടുകാര്‍ക്കും വിഷ പുക ശ്വസിക്കേണ്ടി വരുന്നു. റെയില്‍വേ യാത്രക്കാരും വിഷ പുക ശ്വസിക്കുന്നുണ്ട്. കിഴക്കുനിന്ന് കാറ്റ് വീശിയാല്‍ റെയില്‍വേ സ്റ്റേഷന്‍ പുകമയമാവും.

റെയില്‍വേയുടെ മാലിന്യ പ്ലാന്റിന്റെ പുക കുഴലിന്റ ഉയരം കൂട്ടണമെന്ന ജനകീയ ആവശ്യം റെയില്‍വേ ഇതുവരെ പരിഗണിച്ചിട്ടില്ല. എന്നാല്‍ ജനങ്ങളുടെ ആരോഗ്യ പ്രശ്‌നം പരിഹരിക്കാന്‍ നഗരസഭയും മുന്നിട്ടിറങ്ങുന്നില്ല.