Connect with us

Editorial

അബദ്ധം ന്യായീകരിക്കാന്‍ കണക്കുകളില്‍ കൃത്രിമം

Published

|

Last Updated

നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് മോദി സര്‍ക്കാറിനെതിരെ ഗുരുതര ആരോപണമാണ് ബി ജെ പി നേതാവ് സുബ്രഹ്മണ്യം സ്വാമി ഉന്നയിച്ചത്. 500-ന്റെയും 1000-ന്റെയും നോട്ടുകള്‍ പിന്‍വലിച്ച നടപടി ജി ഡി പിയെ ബാധിച്ചില്ലെന്ന രീതിയിലുള്ള കണക്കുകള്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ സ്റ്റാറ്റിക്കല്‍ ഓര്‍ഗനൈസേഷനു (സി എസ് ഒ) മേല്‍ സമ്മര്‍ദം ചെലുത്തിയെന്നാണ് ഹൈദരാബാദില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ സമ്മേളനത്തില്‍ സ്വാമി വെളിപ്പെടുത്തിയത്. അടുത്തിടെ മന്ത്രി സദാനന്ദ ഗൗഡക്കൊപ്പം താന്‍ സി എസ് ഒ ഓഫീസില്‍ പോയിരുന്നുവെന്നും നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച വിവരങ്ങളില്‍ കൃത്രിമം കാട്ടാന്‍ സമ്മര്‍ദം ചെലുത്താനായിരുന്നുഈ സന്ദര്‍ശന മെന്നും സ്വാമി പറയുന്നു. ജി ഡി പിയില്‍ നോട്ട് അസാധുവാക്കല്‍ പ്രതിഫലനം ഉണ്ടാക്കിയിട്ടില്ലെന്ന് സി എസ് ഒ വൃത്തങ്ങള്‍ പറയുന്നത് മോദി സര്‍ക്കാറിന്റെ ഈ സമര്‍ദം കൊണ്ടാണ്. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ നമ്മള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ ദുര്‍ബലമാണ്. ജി ഡിപിയുടെ ത്രൈമാസ ഡാറ്റകള്‍ വിശ്വസിക്കരുത്. അവയെല്ലാം കള്ളമാണ്. വിദേശ റേറ്റിംഗ് ഏജന്‍സികളായ മൂഡീസിന്റെയും ഫിച്ചിന്റെയും റിപ്പോര്‍ട്ടുകളും വിശ്വസിക്കരുത്. പണം നല്‍കിയാല്‍ നമുക്ക് വേണ്ട രീതിയില്‍ റിപ്പോര്‍ട്ടുകള്‍ തയാറാക്കുന്നവരാണ് ഈ ഏജന്‍സികളെന്നും സ്വാമി പറയുന്നു.

മുന്‍ സാമ്പത്തിക വര്‍ഷത്തെ മൂന്നാംപാദത്തില്‍ (2015 ഒക്ടോബര്‍-ഡിസംബര്‍) ഉണ്ടായിരുന്നതിനേക്കാള്‍ ഏഴ് ശതമാനം വളര്‍ച്ച നോട്ട് നിരോധനം നടപ്പാക്കിയ കഴിഞ്ഞ വര്‍ഷത്തെ മൂന്നാം പാദത്തില്‍ (2016 ഒക്ടോബര്‍-ഡിസംബര്‍) ഉണ്ടായി എന്നായിരുന്നു സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് അവകാശപ്പെട്ടത്. ഈ കണക്കിനെയാണ് സ്വാമി ചോദ്യം ചെയ്യുന്നത്. സര്‍ക്കാറിന്റെ ഈ അവകാശവാദം പൊള്ളയാണെന്ന് റിസര്‍വ് ബേങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജനും ധനകാര്യ ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യനും നൊബേല്‍ ജേതാവ് അമര്‍ത്യാസെന്നും ധനകാര്യ ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യനും അഭിപ്രായപ്പെട്ടതാണ്. എന്നാലിപ്പോള്‍ കേന്ദ്രം ഭരിക്കുന്ന കക്ഷിയിലെ പ്രമുഖ നേതാവ് തന്നെയാണ് സര്‍ക്കാറിന്റെ അവകാശവാദത്തെ ചോദ്യം ചെയ്തിരിക്കുന്നത്. മുന്‍വര്‍ഷത്തെ വരുമാനം വെട്ടിക്കുറച്ചും നടപ്പുവര്‍ഷത്തെ കണക്കില്‍ അസാധാരണമായ തോതില്‍ തുക കൂട്ടിയെഴുതിയും ഡി ജി പി തയാറാക്കുന്ന രീതിയില്‍ മാറ്റം വരുത്തിയുമാണ് പുതിയ വളര്‍ച്ചാനിരക്കിന്റെ കണക്കുകള്‍ തയ്യാറാക്കിയതെന്നു സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.

ഒരു വര്‍ഷത്തെ ഏതെങ്കിലുമൊരു പാദത്തിലെ സാമ്പത്തിക വളര്‍ച്ച മുന്‍വര്‍ഷം അതേ പാദത്തിലുണ്ടായിരുന്ന ജി ഡി പിയുടെ തോത് നോക്കി തമ്മില്‍ താരതമ്യം ചെയ്താണ് കണക്കാക്കുന്നത്. 28,52,339 ലക്ഷം കോടിയായിരുന്നു 2015-16 വര്‍ഷത്തെ മൂന്നാം പാദത്തിലെ ജി ഡിപി. 2016-17 മൂന്നാം പാദത്തിലെ പ്രഖ്യാപിത ജി ഡി പി 30,27,893 കോടി രൂപയും. രണ്ടുപാദങ്ങളും തമ്മിലുള്ള വ്യത്യാസം 1,75,554 കോടി രൂപ. ഇതനുസരിച്ച് മുന്‍ വര്‍ഷത്തെ മൂന്നാം പാദത്തിലെ വളര്‍ച്ചാനിരക്ക് 6.2 ശതമാനമേ വരൂ. എന്നാല്‍, പിന്നീട് 2015-16ലെ മൂന്നാം പാദ ജി ഡി പി 28,30,760 കോടി രൂപയായി കുറച്ചുകാണിച്ചു കഴിഞ്ഞ വര്‍ഷത്തെ കണക്കുമായുള്ള വ്യത്യാസം 1,97,133 കോടി രൂപയായി ഉയര്‍ത്തിക്കാണിക്കുകയായിരുന്നു. അങ്ങനെയാണ് വളര്‍ച്ചാനിരക്ക് ്6.96-ലെത്തിക്കുന്നത്. ആദ്യം പ്രസിദ്ധീകരിച്ച കണക്ക് അനുസരിച്ചാണെങ്കില്‍ വളര്‍ച്ച 6.15 ശതമാനം മാത്രമാകുമായിരുന്നു. മുന്‍ വര്‍ഷത്തെ കണക്കു തിരുത്തേണ്ടിവന്നത് എന്തു കൊണ്ടാണെന്ന് കേന്ദ്ര സര്‍ക്കാറോ റിസര്‍വ് ബേങ്കോ സ്റ്റാറ്റിസ്റ്റിക്കല്‍ വകുപ്പോ ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നത് ഇതിന് വിശ്വസനീയമായ ഒരു കാരണമില്ലെന്നാണ് വ്യക്തമാക്കുന്നത്.

സാമ്പത്തിക വളര്‍ച്ച ഉയര്‍ത്തിക്കാട്ടാനായി മോദി സര്‍ക്കാര്‍ മുമ്പും കണക്കുകളില്‍ കൃത്രിമം കാണിച്ചതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. 2014-15 ലെ മൂന്നാംപാദ കണക്ക് (7.5 ശതമാനം വളര്‍ച്ച) അവിശ്വസനീയമാണെന്നും വ്യാപാര വളര്‍ച്ച, ബേങ്ക് വായ്പാ വളര്‍ച്ച തുടങ്ങിയ രംഗങ്ങളിലെ അന്നത്തെ വളര്‍ച്ച ഊതിപ്പെരുപ്പിച്ചതാണെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഒരു നിശ്ചിത പ്രദേശത്ത് നിര്‍ണിത കാലയളവില്‍ ഉത്പാദിപ്പിക്കപ്പെടുന്ന മൊത്തം വസ്തുക്കളുടെയും സേവനത്തിന്റെയും വിപണിമൂല്യമാണ് മൊത്ത ആഭ്യന്തര ഉത്പാദനം (ജി ഡി പി). ഇതൊരു രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയുടെയും വളര്‍ച്ചയുടെയും സൂചിക മാത്രമല്ല, മുന്നോട്ടുള്ള ഗതിനിര്‍ണയിക്കാന്‍ സഹായിക്കുന്ന കണക്കുകള്‍ കൂടിയാണ്. ചിലപ്പോള്‍ കണക്കുകളില്‍ കുറഞ്ഞ ഏറ്റവ്യത്യാസങ്ങളൊക്കെ സംഭവിച്ചേക്കാം. ലഭ്യമായ വിവരം വെച്ചുള്ള കണക്ക് പിന്നീട് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമ്പോള്‍ തിരുത്തപ്പെടേണ്ടിവന്നേക്കാം. പക്ഷേ, ജി ഡി പിയില്‍ ഒരു ശതമാനത്തിലേറെ വ്യത്യാസം വരുത്തുന്ന തരത്തില്‍ കണക്കുകളില്‍ വരുന്ന മാറ്റം അവിശ്വസനീയമാണ്. മോദി ഭരണത്തില്‍ ഒരു വര്‍ഷം പിന്നിട്ട ശേഷം മുന്‍ വര്‍ഷത്തെ കണക്ക് തിരുത്തിയ സംഭവം ആഗോള സാമ്പത്തിക രംഗത്തു തന്നെ അത്യപൂര്‍വമാണെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. നോട്ടുനിരോധനംകൊണ്ട് ഒരു ക്ഷീണവും സംഭവിച്ചില്ല എന്ന വാദത്തിന് ബലമേകാന്‍ എന്തെല്ലാം കള്ളക്കളികളാണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്! ഇത് ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന്റെയും റിസര്‍വ് ബേങ്കിന്റെ തന്നെയും വിശ്വാസ്യത നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

Latest